ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന കേരളം

ഗോപിനാഥ് മഠത്തിൽ

കേരളം വളരുകയാണ് രൂക്ഷമായ തൊഴിലില്ലായ്മയിലേയ്ക്കും കടക്കെണിയിലേക്കും. ആശ്വാസത്തിന്റെ പച്ചപ്പുകളെല്ലാം മലയാളിയുടെ മുന്നില്‍ അസ്തമിക്കുന്നു. ആ വാര്‍ത്തകള്‍ നിര്‍ജീവമായ അക്ഷരങ്ങള്‍ പോലെ കേരളീയരുടെ പ്രഭാതപാനീയമായ കട്ടന്‍ ചായയ്ക്കരുകില്‍ മടക്കഴിച്ച് നിവര്‍ന്നു കിടക്കുന്നു. സത്യത്തെ സ്പര്‍ശിക്കുന്ന ആ വാര്‍ത്തയില്‍ കേരളത്തിലെ തൊഴിലില്ലായ്മ 43 ശതമാനമാണെന്ന് ആലേഖനം ചെയ്തിരിക്കുന്നു. ആശ്വസിക്കാനുള്ള ഒരു കാര്യം കേരളത്തിനു മുമ്പേ തൊഴിലില്ലായ്മയില്‍ ജമ്മുകാശ്മീരെന്ന സംസ്ഥാനം സഞ്ചരിക്കുന്നുവെന്നുമാത്രമാണ്. അവിടത്തെ തൊഴിലില്ലായ്മ 43.9 ശതമാനമാണ്. ആ തൊഴിലില്ലായ്മ ഭീഷണി കൊണ്ടാണ് ജമ്മുവിലെ യുവാക്കളില്‍ അതിവേഗം തീവ്രവാദത്തിന്റെ വിത്തുകള്‍ വിതയ്‌പ്പെടുന്നതും പുഷ്പിക്കുന്നതും. കേരളത്തിലെ യുവാക്കളില്‍ തീവ്രവാദം അത്ര ശക്തമല്ലെങ്കിലും കൂടുതല്‍പേരും സാമൂഹി വിരുദ്ധമായ പ്രവര്‍ത്തനത്തില്‍ ആസക്തരും മയക്കുമരുന്ന് ഉപയോഗത്തില്‍ താല്‍പ്പര്യമുള്ളവരുമായി കാണപ്പെടുന്നതില്‍ പ്രധാന പങ്ക് തൊഴിലില്ലായ്മയ്ക്കുണ്ട്. റോഡരുകില്‍ ഒതുക്കിയിട്ടിരിക്കുന്ന വാഹനങ്ങള്‍ തകര്‍ക്കുക, സംഘംചേര്‍ന്ന് ലൈംഗിക ക്രൂരകൃത്യങ്ങള്‍ നടത്തുക, വീടാക്രമിക്കുക, വാഹനങ്ങള്‍ അഗ്നിക്കിരയാക്കുക തുടങ്ങിയവയെല്ലാം അതിന്റെ പാഠഭേദങ്ങളായി കാണാം. തൊഴിലില്ലായ്മ എത്രകണ്ട് കാഠിന്യമേറുന്നുവോ, അത്രകണ്ട് സാമൂഹിക ജീവിതസമാധാനം അപ്രത്യക്ഷമാക്കുകതന്നെ ചെയ്യും. പണ്ട് കെ. കരുണാകരന്റെ ഭരണകാലത്ത് വിജ്രംഭിച്ചു നിന്ന തൊഴിലില്ലായ്മയ്‌ക്കെതിരെയുള്ള ഇടതുപക്ഷയുവോര്‍ജ്ജം ഇപ്പോള്‍ പിണറായിയുടെ ഭരണത്തില്‍ ഷണ്ഡീകരിക്കപ്പെട്ടിരിക്കുന്നു എന്നത് നിഷേധിക്കാനാകാത്ത യാഥാര്‍ത്ഥ്യമാണ്. സര്‍വ്വവും കോവിഡിന്റെ ശിരസ്സില്‍ കെട്ടിവച്ച് കൈകഴുകി പിലാത്തോസാകാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ലെന്ന് ഓര്‍ക്കണം. ഏറ്റവും ശക്തമായ നിലയില്‍ ശാസ്ത്രീയമായ വിലയിരുത്തലില്‍ തൊഴിലില്ലായ്മയും മലയാളിയുടെ വര്‍ദ്ധിച്ചുവരുന്ന കടവും പരിഹരിക്കാന്‍ കേന്ദ്ര- സംസ്ഥാന ഭരണാധികാരികള്‍ക്ക് കഴിയണം. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ പുതിയ പിണറായി സര്‍ക്കാരിനും അതിലുള്‍പ്പെട്ടിരിക്കുന്ന പുതിയ മന്ത്രിമാര്‍ക്കും അതിന് കഴിവില്ല. അതുകൊണ്ടാണല്ലോ അവസരത്തിനൊത്ത് ഉയരാത്ത പുതിയ മന്ത്രിമാരെ ഗൃഹപാഠം ചെയ്ത് നൈപുണ്യമുള്ളവരാക്കി മാറ്റാന്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ സ്റ്റഡിക്ലാസ്സുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതും പിണറായി നിര്‍ദ്ദേശിച്ച പ്രകാരം.
ദേശീയ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസഷന്‍ (എന്‍.എസ്.എസ്.ഒ) കാലാനുബന്ധിതമായി നടത്തിയ കണക്കുപ്രകാരം കേരളത്തില്‍ യുവതികളിലാണ് തൊഴിലില്ലായ്മ കൂടുതല്‍. പതിനഞ്ചിനും ഇരുപത്തിയൊമ്പതിനും ഇടയില്‍ പ്രായമുള്ള യുവതികളില്‍ 55.7 ശതമാനം പേരാണ് തൊഴിലില്ലാത്തവര്‍. യുവാക്കളില്‍ അത് 37.1 ശതമാനമാണ്. കൂടുതല്‍ ബിരുദധാരികളും ബിരുദാനന്തരബിരുദധാരികളും അണുങ്ങളെ അപേക്ഷിച്ച് സ്ത്രീകളാണെന്ന് ഇത് തെളിയിക്കുന്നു. പഠനച്ചെലവുകളെയും സാമ്പത്തികസമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് ബിരുദം നേടിയെടുക്കുന്ന യുവതികള്‍ക്ക് കേരളത്തില്‍ തൊഴില്‍ ദാതാവെന്ന നിലയിലും മധ്യവര്‍ത്തി എന്ന നിലയിലും ഏക ആശ്രയം പി.എസ്.സിയാണ്. നഗരങ്ങൡ കൂണുപോലെ വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ പരിശീലനപഠനകേന്ദ്രങ്ങളില്‍ പഠിച്ച് വല്ല വിധേനയും റാങ്ക്‌ലിസ്റ്റില്‍ കടന്നുകൂടിയാല്‍ അത് സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ വര്‍ണ്ണച്ചിറകുകള്‍ വച്ച് ശലഭസത്യങ്ങളായി മാറുന്നില്ലതാനും. പ്യൂപ്പാവസ്ഥയില്‍തന്നെ ആ ലിസ്റ്റിനെ ഞെരിച്ചുകളയുന്നു. ഭരണപ്പാര്‍ട്ടി ഗുണ്ടകളും ആശ്രിതരും യാതൊരു മത്സരപ്പരീക്ഷയിലും പങ്കെടുക്കാതെ ഉദ്യോഗസ്ഥരാകുകയും അവരുടെ അനുഭാവസംഘടനയ്ക്ക് ആള്‍ബലം കൂട്ടുകയും ചെയ്യുന്നു. സര്‍ക്കാര്‍ ആ പി.എസ്.സി ലിസ്റ്റില്‍ ആകെക്കൂടി ചെയ്യുന്ന ഏകകാര്യം കാലഹരണത്തീയതി അറിയിക്കുക എന്നതുമാത്രം. അത് പ്രഖ്യാപിക്കുന്നത് ലിസ്റ്റിന് ഒന്നോ രണ്ടോ മാസത്തെ ജീവന്‍ ശേഷിക്കുന്ന കാലത്തുമായിരിക്കും. ഏതായാലും ഒരു കാര്യം ഇവിടെ സുവ്യക്തമാണ്. കേരളം വരുംനാളുകളില്‍ അഭിമുഖീകരിക്കുന്നത് സാമൂഹിക പരിരക്ഷയില്ലായ്മയുടെ ഒരു കടുത്ത വേനല്‍തന്നെയാണ്. അതിന് സഹായകരമാംവിധം മലയാളി ഇന്ത്യയിലെ ഏറ്റവും വലിയ കടക്കാരനായി മാറിക്കൊണ്ടുമിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നഗരമേഖലയിലുള്ളവര്‍ക്കാണ് കൂടുതല്‍ കടബാധ്യതയെങ്കില്‍ കേളത്തില്‍ ഗ്രാമീണമേഖലയിലുള്ളവരും അതില്‍പ്പെടുന്നു. അടുത്തകാലത്ത് കേരളത്തിലെ ഗ്രാമങ്ങളില്‍ എത്രയോ തൊഴില്‍ സംരംഭകരാണ് സാമ്പത്തിക പരാധീനരായി സ്വയംഹത്യയുടെ പാത സ്വീകരിച്ചത്. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി വീണ്ടും തൊഴില്‍ സ്ഥലത്തേയ്ക്ക് മടങ്ങാനാകാത്തവരും ശമ്പളക്കുടിശിക ലഭ്യമാകാത്തവരും അക്കൂട്ടത്തിലുണ്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് അടുത്തിടെ പുറത്തിറക്കിയ ദേശീയ കടം- നിക്ഷേപസര്‍വ്വേഫലമാണ് കേരളീയന്റെ വര്‍ദ്ധിച്ചുവരുന്ന കടവിവരം പുരത്തുവിട്ടത്. കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ 2.41 ലക്ഷം രൂപയും നഗരപ്രദേശങ്ങളില്‍ 2.33 ലക്ഷം രൂപയുമാണ് കുടുംബത്തിന്റെ ശരാശരി കടം. അതേസമയം ഗ്രാമീണ കുടുംബത്തിന്റെ ശരാശരി ആസ്തിമൂല്യം 24.78 ലക്ഷം രൂപയും നഗരകുടുംബത്തിന്റേത് 32.12 ലക്ഷം രൂപയാണെന്നുമാണ് ലഭ്യമായ വിവരം. കണക്കിന്റെ ഇത്തരം പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഓരോ മലയാളിയും നെഞ്ചില്‍ കൈവച്ചു പറയുന്നു.

വാല്‍ക്കഷ്ണം
മക്കള്‍ പ്രതാപശാലികളും പണക്കാരുമാകുമ്പോള്‍ അച്ഛനേയും അമ്മയേയും ധിക്കരിക്കുക എന്നത് കലികാലത്തിലെ നാട്ടുനടപ്പാണ്. അതാണ് കാനം രാജേന്ദ്രനും ചെയ്തത്. ഭാര്യ ആനിരാജയുടെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ടുള്ള സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ നിലപാടുകളെ കാനം തള്ളിയതിനെ അങ്ങനെ വേണം കാണാന്‍. കാനത്തിനെ പ്രേരിപ്പിച്ച ധാര്‍ഷ്ട്യം കേരളമെന്ന, ഇന്ത്യയിലെ ഏക ഇടതുപക്ഷ സംസ്ഥാനത്തിലെ ഭരണപങ്കാളിത്തമാണ്. കാനത്തെ സംബന്ധിച്ച് ഇപ്പോള്‍ ഡി. രാജയെക്കാള്‍ ബഹുമാന്യന്‍ പിണറായിയാണ്. മുട്ടില്‍ മരംമുറിയെ ന്യായീകരിക്കുന്ന ഒരാളില്‍നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം.

Related posts

Leave a Comment