അഞ്ച് വര്‍ഷം, ഒമ്പത് സ്ഥലം മാറ്റം; സെക്രട്ടേറിയറ്റിലെ കോൺഗ്രസ്‌ അനുകൂല സംഘടനാ നേതാവിനെ പന്തുതട്ടിക്കളിച്ച് സർക്കാർ

സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ സഖാക്കള്‍ക്ക് രാജകീയ പദവികളും പാരിദോഷികങ്ങളും ലഭിക്കുമ്പോള്‍, കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന് അഞ്ച് വര്‍ഷം കൊണ്ട് കിട്ടിയത് ഒമ്പത് സ്ഥലംമാറ്റങ്ങള്‍. സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവ് എം.എസ്. ഇര്‍ഷാദിനാണ് ഈ ദുര്‍ഗതി. പൊതുഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമാണ് ഇര്‍ഷാദ്. കൊച്ചിയിലെ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയായാണ് ഇപ്പോഴത്തെ സ്ഥലം മാറ്റം.

2016 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ജൂണ്‍ മാസത്തില്‍ സെക്രട്ടേറിയറ്റിലെ വ്യവസായ വകുപ്പില്‍ നിന്നും തുറമുഖ വകുപ്പ് ഡയറക്ടറേറ്റിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ അന്ന് അവിടെ ചുമതലയേറ്റ് രണ്ടാഴ്ചക്കകം ഇര്‍ഷാദിനെ ഇടുക്കി ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസറായി വീണ്ടുംസ്ഥലം മാറ്റിയത് വിവാദമായിരുന്നു. തുടര്‍ന്ന് ഇക്കാലയളവിനുള്ളില്‍ സിഡ്‌കോ, കേരള റോഡ് സേഫ്റ്റി അതോറിട്ടി, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, കേരഫെഡ്, കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലും നിയമിച്ചിരുന്നു.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇര്‍ഷാദിന്റെ സേവനം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സേവന കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ഉത്തരവിട്ടിരുന്നു. എന്നാല്‍ അതിന്‍മേല്‍ ഉത്തരവിറക്കാതെ ഇടതുസര്‍വീസ് സംഘടനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്ഥലം മാറ്റാനുള്ള നിര്‍ദേശത്തിന് മുഖ്യമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു. കോവിഡ് കാലത്ത് ആരെയും വിദൂരത്തേയ്ക്ക് സ്ഥലം മാറ്റരുതെന്ന മുഖ്യമന്ത്രിയുടെ തന്നെ നിര്‍ദ്ദേശവും മറികടന്നാണ് ഇപ്പോഴത്തെ തീരുമാനം.

Related posts

Leave a Comment