ഓണത്തിന് ലഹരിക്കടത്തിന് സാധ്യത; അതിർത്തികളിൽ കർശന പരിശോധന

തിരുവനന്തപുരം∙ ഓണത്തോട് അനുബന്ധിച്ച് ഇടുക്കിയുടെയും തമിഴ്നാടിന്റെയും അതിർത്തികളിൽ പരിശോധന വ്യാപിപ്പിക്കാൻ തീരുമാനം. ലഹരി കടത്തുൾപ്പെടെ തടയാനാണ് ഇടുക്കി- തേനി ജില്ലയിലെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. അതിർത്തി ചെക്ക് പോസ്റ്റുകൾക്കു പുറമെ വനാതിർത്തിയിലും, സമാന്തര പാതകളിലും സംയുക്ത പരിശോധന നടത്തും. ഇടുക്കി ജില്ലയുടെ അതിർത്തി ചെക്ക് പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ ചെക്ക് പോസ്റ്റുകളിലാണു സംയുക്ത പരിശോധന. 24 മണിക്കൂറും ഇനിമുതൽ പ്രത്യേക സ്ക്വാഡുകളുടെ നിരീക്ഷണം ഇവിടെയുണ്ടാകും. പച്ചക്കറി വാഹനങ്ങളിൽ നിന്നു കഴിഞ്ഞ ദിവസം ലഹരി വസ്തുക്കൾ പിടിച്ചെടുത്തതിനെ തുടർന്ന് അതിർത്തി ചെക്ക് പോസ്റ്റ് വഴി ഭക്ഷ്യവസ്തുക്കളുമായി കടന്നു വരുന്ന വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കും. കേരളത്തിലേക്കു പച്ചക്കറി ഉൾപ്പെടെ സാധനങ്ങൾ കൊണ്ടു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ യോഗം വിളിച്ച് ആവശ്യമായ നിർദേശവും തമിഴ്നാട് പൊലീസ് നൽകും. വനം വകുപ്പിന്റെ സഹകരണത്തോടെ കാടിനുള്ളിലും പട്രോളിങ് ശക്തമാക്കും. ഇരു സംസ്ഥാനത്തെയും പിടികിട്ടാപുള്ളികളുടെ പേരു വിവരങ്ങൾ കൈമാറുന്നതിനും ധാരണയായി. 

Related posts

Leave a Comment