നാഥനില്ലാത്ത വകുപ്പും, തോറ്റു പോയ പിണറായി വിജയനും!

മാഹിൻ അബൂബക്കർ

കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളെ കുറിച്ചും പിണറായി വിജയനെന്ന സമ്പൂർണമായി പരാജയപ്പെട്ട ആഭ്യന്തര മന്ത്രിയെ കുറിച്ചും സംസാരിക്കുന്നത് ഒരു പുതുമയുള്ള കാര്യമല്ല. ആറു കൊല്ലമായി കേരളം കേട്ട് മടുത്ത വാർത്തയാണത്. ഈ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് മടുത്തു കാണും.എന്നാലും തിരുത്താൻ തയ്യാറാകാതെ കൂടുതൽ കൂടുതൽ നാണം കെട്ടെ അടങ്ങു എന്ന വാശിയിലാണ് പിണറായി വിജയൻ.

സിപിഎം പിണറായി വിജയനെ കേരളത്തിൽ അവതരിപ്പിച്ചിരിക്കുന്ന അമാനുഷിക രീതി ഓർക്കുന്നുണ്ടോ? ഇരട്ട ചങ്കൻ എന്നൊരു ബ്രാൻഡ് നെയിം ചാർത്തി കൊടുത്തു കൊണ്ട് പിണറായി വിജയനെ ഇന്ദ്രനെയും ചന്ദ്രനെയും ഭയമില്ലാത്ത ഹീറോ പരിവേഷത്തിൽ അവതരിപ്പിച്ച പി ആർ നാടകം പൊളിഞ്ഞു താഴെ വീഴുകയാണ്. സ്വന്തം വകുപ്പ് നിയന്ത്രിക്കാൻ ശേഷിയില്ലാത്ത, ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ പ്രാപ്തിയില്ലാത്ത പിണറായി വിജയനെന്ന ഭരണാധികാരിക്ക്‌ ഒറ്റ ചങ്കിന്റെ ധൈര്യവും കഴിവും ഇല്ലെന്ന് സഖാക്കൾ തന്നെ തിരിച്ചറിയുന്നുണ്ട്.

പ്രതിപക്ഷവും മാധ്യമങ്ങളും കഴിഞ്ഞ ആറു കൊല്ലമായി പറയുന്ന കാര്യങ്ങൾ ഇപ്പോൾ സിപിഎം ഏറ്റു പറയാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന പാർട്ടി ഏരിയ സമ്മേളനങ്ങൾ പിണറായി വിജയനെന്ന ആഭ്യന്തര മന്ത്രിയെ വിചാരണ ചെയ്യുന്ന കോടതി മുറികളായി മാറുന്നുണ്ട്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പായിട്ട് പോലും നിരന്തരമായി ഉയർന്നു വരുന്ന വീഴ്ചകൾ സർക്കാരിനെ നാണം കെടുത്തുന്നു എന്ന് തിരുവനന്തപുരം ഏരിയ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. നെടുങ്കണ്ടം ഏരിയ സമ്മേളനത്തിൽ സർക്കാർ നയങ്ങൾക്ക് വിരുദ്ധമായി പൊലീസ് പ്രവർത്തിക്കുന്നു എന്ന രൂക്ഷ വിമർശനമാണ് പിണറായിക്ക്‌ നേരിടേണ്ടി വന്നത്. സിപിഎം കുന്നത്തൂർ ഏരിയ സമ്മേളനത്തിൽ പോലീസിനെ നിലക്ക് നിർത്തണം എന്ന പൊതു വികാരമാണ് പ്രകടിപ്പിച്ചത്.

സ്ത്രീധനവുമായി ബന്ധപ്പെട്ട് വരുന്ന പരാതികളിൽ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അത്തരം കേസുകളിൽ പൊലീസ് ക്രിയാത്മകമായി ഇടപെടുന്നില്ല എന്നും കുറ്റപ്പെടുത്തിയത് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയാണ്.

കോവിഡ് സാധാരണ നിലയിൽ ആരോഗ്യ പ്രശ്നം ആണെങ്കിൽ കേരളത്തിൽ കോവിഡ് ഒരു ക്രമസമാധാന പ്രശ്നമാക്കി മാറ്റിയതിൽ പിണറായി വിജയന്റെ പോലീസിന് വലിയ പങ്കുണ്ട്. ലോക്ഡൗണിന്റെ മറവിൽ അമിതാധികാരം പ്രയോഗിച്ചു കൊണ്ട് പൊലീസ് മനുഷ്യരെ ക്രൂരമായി വേട്ടയാടിയ സംഭവങ്ങൾ കേരളം മറന്നു കാണില്ല. പാൽ വാങ്ങാൻ പോയവരും, മരുന്ന് വാങ്ങാൻ പോയവരും, കൂലിപ്പണിക്കാരുമടക്കം കേരള പോലീസിന്റെ ധിക്കാരത്തിന്റെ ചൂടറിഞ്ഞതാണ്. കോവിഡ് സാഹചര്യത്തിൽ സാമ്പത്തികമായി തകർന്നടിഞ്ഞ സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന പിടിച്ച് പറി സംഘമായി കേരള പൊലീസ് കളം നിറഞ്ഞത് നമ്മൾ കണ്ടു. കോവിഡിൽ സർക്കാരിന് സംഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ നികത്താൻ സാധാരണക്കാരന്റെ പിച്ച ചട്ടിയിൽ കയ്യിട്ട് വാരാൻ പോലീസിനെ ചുമതലപ്പെടുത്തിയത് പിണറായി വിജയനാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും അട്ടിമറിക്കാൻ, എല്ലാ അർത്ഥത്തിലും കേരളത്തെ ഒരു പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റാൻ പൊലീസ് ആക്ടിൽ 118A കൂട്ടി ചേർത്ത പിണറായി വിജയന്റെ മുന്നണിയുടെ പേര് ഇടത് പക്ഷ ” ജനാധിപത്യ ” മുന്നണി എന്നാണ്. ജനാരോഷത്താൽ 118A യിൽ നിന്നും പിണറായി വിജയന് പിന്നോട്ട് പോകേണ്ടി വന്നു.

ആലുവയിലെ മോഫിയ പർവീൻ എന്ന നിയമ വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട പിണറായി പൊലീസ് തീവ്രവാദി പട്ടം വിൽക്കുന്ന ഹോൾസെയിൽ കേന്ദ്രമായി മാറുന്ന കാഴ്ചയും നമ്മൾ കണ്ടു. മോഫിയയെ മരണത്തിലേക്ക്‌ തള്ളി വിട്ട സി ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ടു സമരം ചെയ്ത യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്ത ആലുവ പൊലീസ് കോടതിയിൽ കൊടുത്ത റിമാന്റ് റിപ്പോർട്ടിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നതായി എഴുതി ചേർത്തു. കോൺഗ്രസ് പ്രവർത്തകരായ അൽ അമീൻ അഷ്‌റഫ്‌, നജീബ്, അനസ് എന്നിവരെ പേര് നോക്കി തീവ്രവാദ ബന്ധം ആരോപിച്ച പൊലീസിനെ നിയന്ത്രിക്കുന്നത് അമിത് ഷായല്ല പിണറായി വിജയനെന്ന കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിയാണെന്ന് കേരളം തിരിച്ചറിഞ്ഞതാണ്. അലനെയും താഹയെയും യൂ എ പി എ ചുമത്തി വേട്ടയാടിയ കേരള പോലീസിനെ ന്യായീകരിച്ചു സംസാരിച്ച പിണറായി വിജയനിൽ നിന്നും മറിച്ചൊന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണ്.

പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത് ബിജെപി ആണെന്നും, ബിജെപിക്കാർക്കെതിരെ കൊടുക്കുന്ന പരാതിയിൽ സിപിഎമ്മുകാരെ പ്രതിയാക്കി കേസെടുക്കുകയാണെന്നും, പൊലീസ് സ്റ്റേഷനിൽ പോയാൽ സഖാക്കൾക്ക് രണ്ടിടി കൂടുതൽ കിട്ടുന്ന സ്ഥിതിയാണെന്നും വിമർശിച്ചത് പാർട്ടി സഖാക്കളായത് കൊണ്ട് തന്നെ കാര്യങ്ങൾ വ്യക്തമാണ്.മോൻസൻ മാവുങ്കലിന്റെ ഉറ്റ ചങ്ങാതിയായി മുൻ കേരള പൊലീസ് തലവൻ മാറിയതിനെയും,ആറ്റിങ്ങലിൽ എട്ട് വയസ്സുകാരിയെ മോഷണം ആരോപിച്ചു പരസ്യ വിചാരണ ചെയ്ത പിങ്ക് പോലീസുകാരിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെയും കോടതി രൂക്ഷമായി നേരിട്ടത് പിണറായി വിജയന് പൊൻ തൂവലാണ്. ഇടത് മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ കേരള പോലീസിനെതിരെ രൂക്ഷമായ വിമർശനം അഴിച്ചു വിടുകയും ആഭ്യന്തര വകുപ്പിനെ പ്രതികൂട്ടിൽ നിർത്തുകയും ചെയ്തത് മുന്നണിക്കുള്ളിൽ പോലും പിണറായി വിജയനെന്ന ആഭ്യന്തര മന്ത്രിയുടെ പരാജയം വിളിച്ചോതുന്നുണ്ട്.

ചുരുക്കത്തിൽ ആറു വർഷമായി തുടരുന്ന പിണറായി വിജയന്റെ കഴിവ് കേടിനും അധികാര കൊതിക്കും നിരപരാധികളായ മനുഷ്യരുടെ ജീവിതവും ജീവനും ബലി കൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിവുകെട്ട ഭരണാധികാരിയായി ചരിത്രം പിണറായി വിജയനെ അടയാളപ്പെടുത്തും. വീഴ്ചകളുടെ പേമാരി പെയ്താലും ന്യായീകരണത്തിന്റെയും മൗനത്തിന്റെയും കുട ചൂടി അധികാര കസേരയിൽ പിടിച്ചിരുന്നാൽ മതിയെന്ന് ആഗ്രഹിക്കുന്ന ഏകാധിപതിയെ പിണറായി വിജയനിൽ കേരളം കാണുന്നുണ്ട്. നാഥനില്ലാത്ത ആഭ്യന്തര വകുപ്പും, എത്ര എഴുതിയിട്ടും പരീക്ഷയിൽ തോറ്റു പോകുന്ന പിണറായി വിജയനെന്ന ആഭ്യന്തര മന്ത്രിയും കേരളത്തെ സമാനതകൾ ഇല്ലാത്ത പൊലീസ് ഭരണത്തിലേക്ക് തള്ളി വിടുന്നുണ്ട്. കഴിവ് കെട്ടവൻ എന്ന് കാലം വിളിക്കുന്നത് കേൾക്കുന്നുണ്ടെങ്കിൽ ആഭ്യന്തര മന്ത്രി സ്ഥാനം രാജി വച്ചു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പോലീസിനെ സൃഷ്ടിക്കാൻ പിണറായി വിജയൻ വഴിയൊരുക്കണം.

Related posts

Leave a Comment