രണ്ട് പിജി പ്രവേശനപരീക്ഷകള്‍ നാളെ ; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

തിരുവനന്തപുരം: കേരള, സംസ്‌കൃത സര്‍വകലാശാലകളുടെ പിജി പ്രവേശന പരീക്ഷകള്‍ ഒരേ ദിവസം നടത്തുന്നതില്‍ വിദ്യാര്‍ത്ഥികള്‍ അങ്കലാപ്പില്‍. വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും പ്രവേശന പരീക്ഷകളുടെ സുതാര്യതയ്ക്ക് അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ സംസ്ഥാനത്തെ അഫിലിയേറ്റിംഗ് സര്‍വകലാശാലകളിലെ പിജി പ്രവേശനത്തിന് പൊതുപരീക്ഷ നടത്താന്‍ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി. കേരള സര്‍വകലാശാലയുടെയും സംസ്‌കൃത സര്‍വകലാശാലയുടെയും പ്രവേശന പരീക്ഷകളാണ് നാളെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. കേരള സര്‍വകലാശാലയിലെ സമാന പിജി വിഷയങ്ങള്‍ സംസ്‌കൃത സര്‍വകലാശാലയിലുമുള്ളതുകൊണ്ട് രണ്ടിടത്തും അപേക്ഷ നല്‍കിയിട്ടുള്ള കുട്ടികള്‍ക്ക് ഒരിടത്ത് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടപ്പെടും. ഓഗസ്റ്റ് ഒന്നിന് നിശ്ചയിച്ചിരുന്ന കേരള സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയാണ് ലോക്ക്ഡൗണ്‍ കാരണം ആറാം തീയതിക്ക് മാറ്റിയത്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പ്രവേശന പരീക്ഷകളുടെ ഷെഡ്യൂള്‍ പരസ്പരം പരിശോധിക്കാതെ പ്രവേശന പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് പിജി പ്രവേശനത്തിനുള്ള അവസരം നഷ്ടപ്പെടുത്തുന്നുവെന്നും സേവ് യൂണിവേഴ്‌സിറ്റി സമിതി മന്ത്രിയെ അറിയിച്ചു.

Related posts

Leave a Comment