പ്രതിപക്ഷത്തെ പേടി ; വകുപ്പുകളെപ്പറ്റി ധാരണയില്ല ; മന്ത്രിമാർക്ക് ക്ലാസ്സ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ ഭരണപരിചയം കുറഞ്ഞ മന്ത്രിമാർക്ക് പരിശീലനം നൽകുന്നു.സെപ്റ്റംബർ 20, 21, 22 തീയതികളിൽ നിന്നായി ദിവസേനെ മൂന്നു ക്ലാസുകളാണ് മന്ത്രിമാർക്ക് വേണ്ടി നൽകുന്നത്. രാവിലെ 9.30 മുതൽ ഒരുമണിക്കൂർ വീതമുള്ള മൂന്ന് ക്ലാസുകളാണ് പരിശീലനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റാണ് (ഐഎംജി) മന്ത്രിമാരെ പഠിപ്പിക്കുക. മന്ത്രിമാർക്ക് ആവശ്യമായ ഭരണ പരിചയം പോരെന്നും പരിശീലനം നൽകണമെന്നും ഐഎംജി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ നൂറ് ദിനത്തിനിടെ നടത്തിയ പ്രവർത്തനത്തിനിടെയാണ് മന്ത്രിമാർക്ക് ഭരണപരമായ കാര്യങ്ങളിൽ അവഗാഹം കുറവാണെന്ന് കണ്ടെത്തിയത്. വിഷയങ്ങൾ പഠിച്ച് വേണ്ടരീതിയിൽ കൃത്യമായി നടപ്പിലാക്കുന്നതിലും ഫയലുകൾ കാലതാമസം കൂടാതെ കൈകാര്യം ചെയ്യുന്നതിലും മന്ത്രിമാർ പിന്നിലാണെന്ന് ഐഎംജി സർക്കാരിന് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. ഓഗസ്റ്റ് 30നാണ് ഇതുസംബന്ധിച്ച പ്രൊപ്പോസൽ ഐ.എം.ജി ഡയറക്ടർ സർക്കാരിന് സമർപ്പിച്ചത്. നിർദ്ദേശം പരിഗണിച്ച് സെപ്റ്റംബർ ഒന്നിലെ മന്ത്രിസഭായോഗം പരിശീലന പരിപാടിക്ക് അംഗീകാരം നൽകുകയും ഉത്തരവ് ഇറക്കുകയും ചെയ്തു. ഈ ഉത്തരവ് പ്രകാരം 20 മുതൽ 22 വരെ മൂന്ന് ദിവസങ്ങളിലായി മന്ത്രിമാർക്ക് ക്ലാസുകൾ നൽകും. ഭരണ സംവിധാനത്തെ പരിചയപ്പെടൽ, ദുരന്തകാലത്തെ നേതൃവെല്ലുവിളികൾ, ടീം ലീഡറായി എങ്ങനെ മന്ത്രിക്ക് പ്രവർത്തിക്കാം, പരിവർത്തനത്തിനുള്ള ഉപാധിയായി ഇ-ഗവേണൻസ് ഉപയോഗിക്കൽ, മന്ത്രിയെന്ന നിലയിൽ എങ്ങനെ കാര്യക്ഷമത വർധിപ്പിക്കാം, പദ്ധതി നിർവഹണത്തിലെ വെല്ലുവിളികൾ, സമൂഹമാധ്യങ്ങളിലെ അപകടങ്ങളും സാധ്യതകളും തുടങ്ങിയവയൊക്കെയാണ് മന്ത്രിമാർക്ക് നൽകുന്ന ക്ലാസുകൾ. ഓൺലൈൻ ഓഫ്​ലൈൻ ക്ലാസുകളായി നടത്തുന്ന പരിശീലനം 22ന് ഉച്ചയോടെ അവസാനിക്കും.ഇത്രയും ദീർഘവും സമയക്രമവും വിഷയങ്ങളും ഉൾക്കൊള്ളിച്ച് വിശദമായി പരിശീലനം നൽകുന്നത് മന്ത്രിമാരുടെ പ്രവർത്തനം ഉദ്ദേശിച്ച തരത്തിൽ ഉയർന്നിട്ടില്ലെന്ന് കണ്ടാണെന്ന് വ്യക്തം. അതിനുപുറമേ പ്രതിപക്ഷ ചോദ്യങ്ങളോട് മറുപടി പറയാൻ ഭരണപക്ഷത്തിന് സാധിക്കുന്നില്ലെന്നും പലരും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാറാണ് പതിവെന്നും ആണ് സിപിഎം വിലയിരുത്തലെന്നു പറയപ്പെടുന്നു.

Related posts

Leave a Comment