58 രൂപയ്ക്കു പെട്രോള്‍, വേണ്ടെന്നു കേരളം

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി പരിഷ്കരണം സംബന്ധിച്ച് സുപ്രധാനമ യോഗം ഇന്നു ലക്നോവില്‍ ചേരാനിരിക്കെ, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉല്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. കേരളം അടക്കം ചില സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണിത്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിദിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളത്തിലടക്കം ഒരു ലിറ്റര്‍ പെട്രോളിന് 58 രൂപയ്ക്കു വില്‍ക്കാന്‍ കഴിയും. സാധാരണക്കാരുടെ പോക്കറ്റിന് വലിയ ആശ്വാസമാകുന്ന ഈ നടപടിയെയാണു കേരളം എതിര്‍ക്കുന്നത്.

പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധന മൂലം നിത്യേപയോഗ സാധനങ്ങളുടെ വില വളരെ കൂടുതലാണെന്നാണ് ജിഎസ്‌ടി കൗണ്‍സില്‍ വിലയിരുത്തുന്നത്. ഡീസല്‍ വില ജിഎസ്‌ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രം അവശ്യ വസ്തുക്കളുടെ വില 48 ശതമാനം വരെ കുറയ്ക്കാനാവും. എന്നാല്‍ സംസ്ഥാനത്തിന്‍റെ എതിര്‍പ്പ് മൂലം ഇതിനു കഴിയുന്നില്ല. ഇന്ധന വില്പനയിലൂടെ കേരളത്തില്‍ നാലായിരം കോടി യിലേറെ രൂപയുടെ വാര്‍ഷിക വരുമാനമുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 4,035.09 കോടി രൂപയാണു സംസ്ഥാനഖജനാവിനു ലഭിച്ചത്. ഏകദേശം ഇത്രയും തന്നെ തന്നെ തുക കേന്ദ്ര സര്‍ക്കാരിലേക്കും കിട്ടുന്നുണ്ട്. നിലവിലെ വിലവര്‍ധനയും നികുതി ഘടനയും വച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേരളത്തില്‍ നിന്നു മാത്രം പതിനായിരം കോടി രൂപയുടെ വരുമാനമുണ്ട്. ജിഎസ്ടി വരുന്നതോടെ ഇതു പകുതിയായി കുറയുകയും ചെയ്യും.

ജിഎസ്ടി പരിധിയില്‍ വന്നാല്‍ രണ്ടു സര്‍ക്കാരുകള്‍‌ക്കും കൂടി പരമാവധി 28 ശതമാനം നികുതി നല്‍കിയാല്‍ മതി. ഇതാണ് ഇന്ധന വില പകുതിയിലേക്കു താഴുന്നതിനു കാരണം. എന്നാല്‍ സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ ഇന്ധന വില ജിഎസ്‌ടിയിലേക്കു മാറ്റാനാവില്ല. കേരളത്തില്‍ സാധാരണ നികുതികള്‍ക്കു പുറമേ ഒരു ശതമാനം കിഫ്ബി സെസ് കൂടി വരുന്നതിനാല്‍ രാജ്യത്തേക്കും ഉയര്‍ന്ന നിരക്കിലുള്ള നികുതിയാണ് ഈടാക്കുന്നത്.

ഇന്നു ലക്നോവില്‍ ചേരുന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ കോവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി മൂലം, ഇന്ധന വില കുറയ്ക്കേണ്ടെന്ന നിലപാടിലാണു കേന്ദ്ര സര്‍ക്കാരും. അടുത്ത തവണ കൂടുന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിലേക്ക് ഇക്കാര്യം മാറ്റിവയ്ക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.

Related posts

Leave a Comment