മൂന്നാഴ്ച ലോക്കില്ല, കരുതലില്ലെങ്കില്‍ കണ്ണീര്‍

കൊച്ചിഃ ഒന്നര വര്‍ഷത്തിനു ശേഷം ഇതാദ്യമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ തിരക്കേറുന്നു. മുഴുവന്‍ സഞ്ചാര കേന്ദ്രങ്ങളും ഇന്നു മുതല്‍ സന്ദര്‍ശക്കാര്‍ക്കായി തുറക്കും. അടുത്ത മൂന്നാഴ്ച സംസ്ഥാനത്ത് ലോക്ക് ഡൗണില്ല. മാളുകളടക്കം മുഴുവന്‍ വ്യാപാര കേന്ദ്രങ്ങളും തുറക്കും. എന്നാല്‍ തീയേററ്ററുകളും മള്‍ട്ടിപ്ലക്സുകളും തുറക്കില്ല. അതേ ‌സമയം ജനങ്ങള്‍ സ്വയം നിയന്ത്രിക്കുന്നില്ലെങ്കില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്ത് രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്ന ഏക സംസ്ഥാനമാണു കേരളം. ഒക്റ്റോബറോടെ മൂന്നാംതരംഗവും പ്രതീക്ഷിക്കുന്നു. കേരളത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര വിദ്ഗധ സംഘം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

സമ്പൂര്‍ണ ഇളവുകളോടെയാണ് ഇന്നു കേരളം തുറന്നിരിക്കുന്നത്. ഓണം വിപണി സജീവമാക്കാനാണു തീരുമാനം. കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കും. ടൂറിസം മേഖലകളിലെ ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡോണ്‍ ഇതിനകം സ്ഥിരമായി പിന്‍വലിച്ചു. ഞായറാഴ്ചകളില്‍ നിയന്ത്രണമുണ്ടായിരുന്നെങ്കിലും അടുത്ത രണ്ട് ഞായറാഴ്ചകളില്‍ അടച്ചിടലില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചും ഓണം പ്രമാണിച്ചുമാണ് ഇളവുകള്‍. എന്നാല്‍, കോവിഡ് നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. മാസ്ക് മാത്രമല്ല, വ്യക്തിശുചിത്വവും സൈനിറ്റൈസേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പ് വരുത്താന്‍ പോലീസിനെയും സെക്റ്ററര്‍ മജിസ്ട്രേട്ടുമാരെയും ചുമതലപ്പെടുത്തി.

Related posts

Leave a Comment