മുഹറത്തെ ആഘോഷമാക്കി ; കണ്‍സ്യൂമര്‍ ഫെഡ് പുലിവാലു പിടിച്ചു


കോഴിക്കോട്: മുഹറത്തെ ആഘോഷമാക്കി സഹകരണ വകുപ്പ് പുലിവാല്‍ പിടിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെറുമകനായ ഹസ്രത്ത് ഇമാം ഹുസൈനും അദ്ദേഹത്തിന്റെ ആറു വയസ്സുള്ള മകനും യുദ്ധത്തില്‍ ക്രൂരമായ് കൊല്ലപ്പെട്ട മുഹറം മാസം വ്രതശുദ്ധിയോടെ ആചരിക്കുമെങ്കിലും വിശ്വാസികളെ സംബന്ധിച്ച് ആഘോഷമല്ല.
എന്നാല്‍ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന മേളയ്ക്ക് ഓണം-മുഹറം മേളയെന്ന് പേരിട്ടതാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. ഓണം-മുഹറം മേളയുടെ ഉദ്ഘാടനം 11ന് തലസ്ഥാനത്ത് മുഖ്യമന്ത്രിയാണ് നിര്‍വഹിക്കേണ്ടത്. മുഹറം ലോകത്ത് ഒരിടത്തും ആഘോഷമല്ലാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എന്തിനാണ് ഓണം മേളയിലേക്ക് മുഹറം കൂടി കൊണ്ടുവരുന്നതെന്നാണ് വിശ്വാസി സമൂഹം സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ചോദിക്കുന്നത്. മുഹറം മേള എന്ന പ്രയോഗം തന്നെ തെറ്റാണെന്ന് ഇവര്‍ ചൂ്ണ്ടിക്കാട്ടുന്നു. ഇത്രനാളും ഇല്ലാത്ത ഒരു ആഘോഷമെങ്ങനെ പെട്ടന്ന് ഉണ്ടായെന്ന ചോദ്യവും വ്യാപകമാണ്. ഇതിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നവരും ഉണ്ട്.
ഇരു സമുദായങ്ങളുടെ പേരില്‍ ഉത്സവങ്ങളുടെ തുല്യത വരുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഓണം എന്നത് ഹിന്ദുവിന്റെ മാത്രം ആഘോഷമല്ലെന്നും എല്ലാ കേരളീയരും ഓണം ആഘോഷിക്കാറുണ്ടെന്നും ഇവര്‍ അധികൃതരെ ഓര്‍മ്മിപ്പിക്കുന്നു, ഓണം മേള കഴിഞ്ഞ് ടി പി ആര്‍ നിരക്ക് വര്‍ധിച്ചാല്‍ അതിന്റെ പാപഭാരം തലയിലിടാനാണ് മുഹറം മേള കൂടി പ്രഖ്യാപിച്ചതെന്നാണ് മറ്റൊരു വിമര്‍ശനം. എന്തായാലും കണ്‍സ്യൂമര്‍ ഫെഡിന്റെ അതിബുദ്ധി അവര്‍ക്ക് തന്നെ വിനയായിരിക്കയാണ്.

Related posts

Leave a Comment