കേരളത്തിലെ ദേശീയപാത ആദ്യ ആറുവരി ബൈപ്പാസ് : ആഗസ്റ്റില്‍ പ്രവൃത്തി ആരംഭിക്കും

ന്യൂഡല്‍ഹി: കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതാ നിര്‍മ്മാണം ആഗസ്റ്റ് മാസം ആരംഭിക്കുമെന്ന് എം.കെ.രാഘവന്‍ എം.പിയെ എന്‍.എച്ച്.എ.ഐ മെമ്പര്‍ (പ്രൊജക്ട്‌സ്) ആര്‍.കെ പാണ്ഡെ അറിയിച്ചു. ന്യൂഡല്‍ഹിയിലെ എന്‍.എച്ച്.എ.ഐ ആസ്ഥാനത്ത് ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം അറിയിച്ചത്.
ഈ വര്‍ഷം ഫെബ്രുവരി മാസം ആറുവരിപ്പാതാ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എം.പി യെ രേഖാമൂലം അറിയിച്ചിട്ടും നാലുമാസങ്ങള്‍ക്കിപ്പുറവും പ്രവൃത്തി തുടങ്ങാതെ അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തിലാണ് എം.പി എന്‍.എച്ച്.എ.ഐ ആസ്ഥാനത്തെത്തി കൂടികാഴ്ച നടത്തിയത്.
രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട പദ്ധതി ഏറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി കമ്പനിക്ക് മൂന്ന് വര്‍ഷമായിട്ടും തുടങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. കെ.എം.സി യുടെയും, അതുപോലെ പദ്ധതിയില്‍ പങ്കാളിത്തം വഹിക്കാന്‍ മുന്നോട്ട് വന്ന സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള ഇന്‍കല്‍ ലിമിറ്റഡിന്റെയും ഭാഗത്ത് നിന്നുണ്ടായ ബോധപൂര്‍വ്വമായ അലംഭാവമാണ് പദ്ധതി മൂന്ന് വര്‍ഷത്തിലേറെ വൈകാന്‍ കാരണം.
ഈ പശ്ചാത്തലത്തിലാണ് കെ.എം.സി യില്‍ നിന്നും ഹൈബ്രിഡ് ആന്വിറ്റി മോഡ് പദ്ധതി മുംബൈ ആസ്ഥാനമായുള്ള വെല്‍സ്പണ്‍ എന്റര്‍ പ്രൈസസ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്തത്. ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേ ഉള്‍പ്പെടെയുള്ള റോഡുകള്‍ അതിവേഗം പൂര്‍ത്തീയാക്കിയെന്ന ട്രാക്ക് റെക്കോര്‍ഡുള്ള കമ്പനിയാണ് വെല്‍സ്പണ്‍. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മാത്രമായ് നേടിയെടുത്ത കേരളത്തിലെ ഏക എന്‍.എച്ച് ആറുവരി ബൈപ്പാസ് പദ്ധതിയാണിത്.

Related posts

Leave a Comment