കൊച്ചിയിൽ മോഡലുകളുടെ അപകടമരണം: ഹോട്ടലുടമ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

ദേശീയ പാതയിൽ മുൻ മിസ്കേരള ഉൾപ്പടെ മൂന്നുപേർ അപകടത്തിൽ മരിച്ച കേസിൽ ഡിജെ പാർട്ടി നടന്ന ഹോട്ടലുടമ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി .നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ. വയലാട്ട് തേവര പൊലീസ് സ്റ്റേഷനിൽ ആണ് ഹാജരായത്. എറണാകുളം സൗത്ത് സ്റ്റേഷനിൽ സൗത്ത് എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. റോയിയെ ചോദ്യം ചെയ്യുന്നതോടെ പെൺകുട്ടികളുടെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. ഹോട്ടലിനുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് ജീവനക്കാർക്കു നിർദേശം നൽകിയ വാട്സാപ് സന്ദേശം പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇവ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന് അറിയുന്നതിനാണ് പൊലീസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരിക്കുന്നത്.

റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽനിന്ന് രാത്രി 12 മണിക്കു ശേഷം പോയപ്പോഴാണ് മോഡലുകൾ അപകടത്തിൽപെട്ടത്. നിലവിൽ റോയ് ജെ. വയലാട്ടിനെ പൊലീസ് കേസിൽ പ്രതി ചേർത്തിട്ടില്ല. എന്നാൽ ചോദ്യം ചെയ്യലിൽ അസ്വഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ കേസെടുക്കുന്നതു പരിഗണിക്കുമെന്നാണ് അറിയുന്നത്.

Related posts

Leave a Comment