കേരളം ഇരുട്ടിലായേക്കും ; പവർകട്ട് വേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി

തിരുവനന്തപുരം : ഉത്തരേന്ത്യയിൽ ഉണ്ടായ കൽക്കരി ക്ഷാമം കേരളത്തെയും ബാധിക്കുമെന്ന് സൂചന. കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയിൽ കുറവ് സംഭവിക്കുന്നതിനാൽ കേരളത്തിൽ ലോഡ്‌ഷെഡിംഗ് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് കേരളം വൈദ്യുതി വാങ്ങിയതെന്നും മന്ത്രി വെളിപ്പെടുത്തി. പവർകട്ട് ഒഴിവാക്കാനാകുമോ എന്ന് ആലോചിക്കുന്നുണ്ടെന്നും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം സൂചന നൽകി. ജല വൈദ്യുതി പദ്ധതികൾ മാത്രമാണ് പരിഹാര മാർഗമെന്നും മന്ത്രി വിലയിരുത്തി.

അതേസമയം ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷമായി നിലനിൽക്കുന്നതിനാൽ താപ വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഉത്തരേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങൾ ഇതിനകം വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പവർകട്ട് പ്രഖ്യാപിച്ചത്. ഇവയ്ക്ക് പുറമേ ഡൽഹിയിലും നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related posts

Leave a Comment