അശാസ്ത്രീയമായ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ; മണ്ടശിരോമണികളായ ഉദ്യോഗസ്‌ഥർക്കും സർക്കാരിനും തുറന്ന കത്തുമായി ഇടതുപക്ഷക്കാരനായ എഴുത്തുകാരൻ

കൊച്ചി : സംസ്ഥാനത്ത് പുതിയ കോവിഡ് ലോക്‌ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. കോവിഡിന്റെ തോത് നിയന്ത്രിക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെങ്കിലും നിലവിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നതിനാകും ഈ നിയന്ത്രണങ്ങൾ വഴിവെക്കുന്നത്. തീർത്തും അശാസ്ത്രീയമായ രീതിയിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്ന വിമർശനം ശക്തമാണ്. സർക്കാരിന്റെ പുതിയ നിയന്ത്രണങ്ങളെ വിമർശിച്ചുകൊണ്ട് എഴുത്തുകാരനായ വിപിൻദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. ഇടതുപക്ഷ അനുഭാവി കൂടിയാണ് ഈ എഴുത്തുകാരൻ.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ജനദ്രോഹികളായി മാറിക്കൊണ്ടിരിക്കുന്ന ശ്രീ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആഭ്യന്തരവകുപ്പ്, മണ്ടശിരോമണികളും പെരുമാറാൻ അറിയാത്തവരുമായ സർക്കാർ സ്പോൺസേർഡ് ഗുണ്ടാപൊലീസ്, പ്രിവിലേജിൽ ജീവിക്കുന്ന മറ്റ് മണ്ടശിരോമണികളായ ഉദ്യോഗസ്‌ഥർ എന്നിവർക്ക് ഒരു തുറന്ന കത്ത്.

താഴെ കൊടുത്ത മട്ടിലുള്ള ജനദ്രോഹകരമായ നിബന്ധനകൾ മനുഷ്യരെ കൂടുതൽ ബുദ്ധിമുട്ടിക്കും. ഇതിനകം പൂട്ടിപ്പോയ എത്രയോ ചെറുകിട സ്ഥാപനങ്ങൾ ഉണ്ട്, നഷ്ടത്തിൽ നടക്കുന്ന സ്ഥാപനങ്ങൾ ഉണ്ട്. ഗതിയില്ലാതെ ആത്‍മഹത്യ ചെയ്തവരുണ്ട്, ദിവസവും ജോലിക്ക് പോകാൻ പറ്റാത്തതുകൊണ്ട് ശമ്പളം കിട്ടാതെ പാതി പട്ടിണിയായ മനുഷ്യരുണ്ട്, മുഴുപട്ടിണിയിൽ ആയവരുണ്ട്.. ഇവർക്കൊക്കെ ഇവിടെ ജീവിക്കണം. (മാന്യമായി ജീവിക്കാൻ നിങ്ങളുടെ പോലീസ് ഗുണ്ടകൾ ഇപ്പോൾ ആരെയും സമ്മതിക്കില്ല, അത് മറ്റൊരു കാര്യം) ആയതിനാൽ ഒരു കിറ്റ് ഇതിനൊന്നും പരിഹാരമല്ലെന്ന് നിങ്ങൾ മനസിലാക്കണം.

ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തവർക്ക് കടയിൽ പോകാം എന്ന് പറഞ്ഞാൽ വാക്‌സിൻ കിട്ടാത്ത വലിയൊരു ശതമാനം മനുഷ്യരുണ്ട്. അവരൊക്കെ ആവശ്യങ്ങൾക്ക് എന്തുചെയ്യണം. നിങ്ങളുടെ പോലീസിനോട് സഹായം അഭ്യർത്ഥിക്കുന്നതിലും ഭേദം ആത്‍മഹത്യയാകും നല്ലത്.

സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സിൻ കിട്ടാക്കനിയായതിനാൽ കാശ് കൊടുത്താണ് ഞാനും കുടുംബവും വാക്‌സിൻ എടുത്തത്. കൃത്യമായി വാക്‌സിൻ എത്തിക്കാൻ പോലും ക്ലേശപ്പെടുന്ന നിങ്ങളുടെ പിടിപ്പുകേടിന് ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കരുത്. ഇത്രനാളും നിങ്ങൾ തുടർന്ന ടിപിആർ അടിസ്‌ഥാനമാക്കിയുള്ള ലോക്ക് ഡൗണ് ഒരു പരാജയമായിരുന്നെന്ന് നിങ്ങൾതന്നെ സമ്മതിച്ചതിന്റെ തെളിവാണല്ലോ അതിനെ മാറ്റി പുത്തൻ നയം ഉണ്ടാക്കിയത്. എന്നാൽ താഴെ പറഞ്ഞിട്ടുള്ള ഈ നയങ്ങൾ അതിനേക്കാൾ ജനവിരുദ്ധമാണ്.

ആയതിനാൽ പ്രിയ ഇടതുപക്ഷമേ, നിങ്ങളെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ രാജിവെച്ച് ഒന്ന് പോയിതന്നൂടെ…

എന്ന് ക്ഷമ നശിച്ച ഒരു ഇടതുപക്ഷ അനുഭാവി

ഒപ്പ്.

Related posts

Leave a Comment