ഇനി സമരതീക്ഷ്ണതയോടെ നാളുകൾ ; ജെബി മേത്തർ ഇന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷയായി ചുമതലയേൽക്കും

മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായി ജെബി മേത്തർ ഇന്ന് വൈകുന്നേരം ചുമതലയേൽക്കും.കേരളത്തിലെ മഹിളാ കോൺഗ്രസിന്റെ തലപ്പത്തേക്ക് അഡ്വ.ജെബി മേത്തർ കടന്നുവരുമ്പോൾ സമാനതകളില്ലാത്ത സമര പോരാട്ടങ്ങളിലൂടെയും ക്രിയാത്മകമായ ഇടപെടലുകളിലൂടെയും ആകും സംഘടനയുടെ മുന്നോട്ടുപോക്ക്.സമരമുഖങ്ങളിൽ പിന്നോട്ടില്ലാതെ സധൈര്യം മുന്നോട്ടു നീങ്ങുന്ന ജെബിയുടെ സമരവീര്യം ആലുവയിൽ നടന്ന മോഫിയയുടെ നീതിക്കുവേണ്ടിയുള്ള സമരത്തിൽ അടക്കം നാം കണ്ടതാണ്.ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഡൽഹിയിലടക്കം വിവിധ സംസ്ഥാനങ്ങളിൽ സമരരംഗത്ത് ജെബിയും സജീവമായിരുന്നു. യൂത്ത് കോൺഗ്രസ് പ്രാദേശിക ഭാരവാഹിത്വം മുതൽ ദേശീയ ഭാരവാഹിത്വം വരെ തന്നെ തേടി വന്നപ്പോൾ എത്തപ്പെട്ട ഉത്തരവാദിത്വങ്ങളിൽ നിറഞ്ഞുനിന്ന് അവർ നടത്തിയ പ്രവർത്തനങ്ങൾ സംഘടനയ്ക്ക് മുതൽക്കൂട്ടായിട്ടുണ്ട്.സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സർക്കാരുകൾക്കെതിരെ അരങ്ങേറിയ സമരപോരാട്ടങ്ങളിൽ ജെബി നിറസാന്നിധ്യമായിരുന്നു. ഏറ്റെടുക്കപ്പെടുന്ന വിഷയങ്ങളിൽ തുടർച്ച നൽകുവാനും പിന്തുടരുവാനും നീതി ലഭ്യമാക്കുവാനും നിലകൊള്ളാറുള്ള അവർക്ക് നിസ്വാർത്ഥ രാഷ്ട്രീയത്തിന്റെ നേർസാക്ഷ്യമാണ്. സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാത്ത, അതിക്രമങ്ങൾ നേരിടുന്ന ആനുകാലിക സാഹചര്യത്തിൽ നിയമപാലകർ ഇരയ്ക്കൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം സ്ഥാനം ഉറപ്പിക്കുമ്പോൾ പ്രതീക്ഷയുടെ പ്രത്യാശയായി ജെബിക്ക് മാറുവാൻ സാധിക്കും. സാധാരണക്കാരായ സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള സമരപോരാട്ടങ്ങളിൽ ഇന്നലെകൾ പകർന്ന കരുത്തുമായി അതിലേറെ വർധിത വീര്യവുമായി അവർ മുന്നിൽ തന്നെയുണ്ടാകും.ജെബിയുടെ നേതൃപാടവം മഹിളാ കോൺഗ്രസിനും സ്ത്രീപക്ഷപോരാട്ടങ്ങൾക്കും കൂടുതൽ ശക്തിപകരുകതന്നെ ചെയ്യും.

Related posts

Leave a Comment