വ്യാജബുദ്ധികളുടെ ചതുരംഗക്കളം പോലെ കേരളം

ഗോപിനാഥ് മഠത്തിൽ

കേരളം തരികിടപ്പരിപാടികള്‍ നടത്തി വിജയം കൊയ്യുന്നവരുടെ നാടായിമാറിയിരിക്കുന്നു. അതിന് ബലിയാവുന്നവര്‍ അത്യുന്നതങ്ങളില്‍ വിരാജിക്കുന്നവരാകുമ്പോള്‍ അതിന് വാര്‍ത്താപ്രാധാന്യം ഏറെ ലഭിക്കുകയും ചെയ്യുന്നു. പുരാവസ്തു തട്ടിപ്പിന്റെ നേര്‍സാക്ഷ്യം പോലെ മോണ്‍സണ്‍ മാവുങ്കല്‍ സമകാലീന വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍ കേരളം ലജ്ജിച്ചു തലതാഴ്ത്താന്‍ വിധിക്കപ്പെടുന്നു. അയാളുടെ കൈയില്‍ ഇല്ലാത്ത പുരാവസ്തുക്കളെല്ലാം ചുരുക്കം. എല്ലാ മതവിശ്വാസികളെയും പാട്ടിലാക്കാന്‍ പാകത്തിലുള്ള സകലകുതന്ത്രങ്ങളുടെയും ഒരു ബാങ്കായി മോണ്‍സണ്‍ എങ്ങനെ മാറി എന്നതാണ് ഉത്തരം കിട്ടാത്ത ഏക ചോദ്യം. വിശ്വാസം മനുഷ്യര്‍ക്ക് പലപ്പോഴും ഒരു ബലഹീനതയാണ്. ആ ദൗര്‍ബ്ബല്യത്തെ അതിവിദഗ്ധമായി ഉപയോഗിച്ചു നേടിയ കോടികള്‍ ആഡംബരജീവിതത്തിന് അയാള്‍ ഉപയോഗിക്കുകയായിരുന്നു. ഇരുപത്തിയഞ്ചുലക്ഷം രൂപയാണ് മോണ്‍സണ്‍ തന്റെ ധാരാളിത്ത ജീവിതത്തിന് പൊട്ടിച്ചുകളഞ്ഞത്. അയാള്‍ വിശ്വാസവഞ്ചനയിലൂടെ നേടിയ കൃത്രിമതിളക്കത്തില്‍ ആകര്‍ഷിക്കപ്പെട്ട് ഒട്ടനവധിപേര്‍ ഷഡ്പദങ്ങളെപ്പോലെ ചിറകുകരിഞ്ഞും തളര്‍ന്നും വിധിയുമായി രമ്യതയിലായിരിക്കുന്നു. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മോശ ഉപയോഗിച്ച അംശവടിയും യൂദാസ് ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നതിന് പ്രതിഫലമായി വാങ്ങിയ വെള്ളിക്കാശും വെള്ളം വീഞ്ഞാക്കാന്‍ യേശു ഉപയോഗിച്ച കല്‍ഭരണിയും മുഹമ്മദ് നബി ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന മണ്‍വിളക്കും അക്ബറും ഷാജഹാനും ഔറംഗസേബും ഉപയോഗിച്ച സ്വര്‍ണ്ണഖുറാനും യശോദ ശ്രീകൃഷ്ണനുവേണ്ടി പണിയിപ്പിച്ച വെണ്ണ മരക്കലവും ഗണപതിയുടെ താളിയോലയും മറ്റും ഒരുകേരളീയ തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലിന്റെ കൈയിലുണ്ടെന്ന് പ്രബുദ്ധകേരളം തെറ്റിദ്ധരിച്ചതിന്റെ വലിയ ലജ്ജയിലാണ് നാമിപ്പോള്‍. പ്രബുദ്ധതയെ കീഴ്‌പ്പെടുത്തിയ മോണ്‍സന്റെ ഈ വ്യാജബുദ്ധിയുടെ കുരുക്കില്‍ ചെന്നുപെടാത്തവര്‍ ചുരുക്കവും. പക്ഷേ ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഒന്നുരണ്ടു സന്ദര്‍ഭങ്ങളില്‍ മോണ്‍സണന്റെ ഫോട്ടോ ഗ്രൂപ്പില്‍ ചെന്നുപെട്ടതാണ് ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും വലിയ ആഘോഷം. അത് ഈ സര്‍ക്കാരിനെ മറ്റൊരുതരത്തില്‍ ലജ്ജിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഓഫീസടക്കം സ്വര്‍ണ്ണക്കടത്തിന്റെ കരിനിഴലില്‍ നിന്ന കാലം (ഇപ്പോഴും അത് ഒഴിഞ്ഞുപോയിട്ടില്ലെന്നുകൂടി ഓര്‍ക്കണം) രാഷ്ട്രീയ കേരളമനസ്സില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്ന വസ്തുതയാണ്. അങ്ങനെ എല്ലാ വൃത്തികേടുകളും നടത്തിയിരുന്ന, നടത്തുന്ന ഒരു സര്‍ക്കാരിനും അതിനെ നയിക്കുന്ന പാര്‍ട്ടിക്കും മോണ്‍സനോടൊപ്പമുള്ള കെ.സുധാകരന്റെ ഫോട്ടോ കണ്ടപ്പോള്‍ വിശന്നിരിക്കുന്നവന്റെ മുന്നില്‍ പാല്‍പ്പായസം കിട്ടിയ പ്രതീതിയായിരിക്കുന്നു. അതിന്റെ ചെലവില്‍ മറ്റുചില അപ്രധാനപ്പെട്ട വ്യക്തികളെ കൂട്ടുപിടിച്ച പുതിയ ആരോപണങ്ങളുമായി സുധാകരന്റെ രാഷ്ട്രീയ വ്യക്തിത്വത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് പിണറായി സര്‍ക്കാരും ആ സര്‍ക്കാരിന്റെ സകല തെറ്റുകളെയും സന്ദര്‍ഭോചിതമായി വെള്ള പൂശുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന പോലീസും. താല്‍ക്കാലിക ഭരണനേട്ടം കൊണ്ട് പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിത ഗൂഢനീക്കമായി ഇതിനെ കാണാവുന്നതാണ്. മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെ മുമ്പ് വേട്ടയാടിയിരുന്ന അതേ നിഗൂഢശക്തികളാണ് മോണ്‍സണ്‍-ഫോട്ടോ ബന്ധം ആരോപിച്ച് കെ.സുധാകരനെയും പിന്തുടര്‍ന്ന് വേട്ടയാടുന്നത്. പക്ഷേ ഒരുകാര്യം അവര്‍ വിസ്മരിച്ചു പോകുന്നു. എത്ര പ്രതിപക്ഷനേതാക്കന്മാരെ തങ്ങളുടെ തെറ്റുകളുടെ സ്‌കെയില്‍ കൊണ്ട് അളന്നു കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചാലും അവര്‍ പതിന്മടങ്ങ് ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും. സര്‍ക്കാരും ഇടതുപക്ഷവും നടത്തുന്ന ഈ രാഷ്ട്രീയ പകപോക്കലില്‍ രക്ഷപ്പെടുന്നത് യഥാര്‍ത്ഥ പ്രതി മോണ്‍സണ്‍ തുടങ്ങിയവരാണെന്നതാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ രാഷ്ട്രീയകേരളം കൂടുതല്‍ ലജ്ജിക്കുന്നത് ഈ സര്‍ക്കാരിനെ ഓര്‍ത്തായിരിക്കും.
മോണ്‍സണില്‍ നിന്ന് സുധാകരനിലേക്ക് യഥാര്‍ത്ഥ വാര്‍ത്തകളെയും സംഭവങ്ങളെയും വഴിതിരിച്ചുവിടാന്‍ ഇടതുപക്ഷ ശ്രമം നടക്കുന്നതിനിടെയാണ് ഒരുപ്രണയ പകയുടെ വിരാമമെന്നപോലെ പാലായിലെ കോളേജ് വളപ്പില്‍ ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടത്. മുമ്പും പ്രണയപ്പക കൊലപാതകവുമായി സന്ധിചെയ്ത അവസരങ്ങളിലെല്ലാം അതേക്കുറിച്ച് അപലപിച്ചിട്ടുണ്ട്. പക്ഷേ, അതൊക്കെ അക്ഷരവഴിപാടുകളായി മാത്രമേ ക്ഷോഭിക്കുന്ന ഇന്നത്തെ യുവത്വം കരുതുന്നുള്ളൂ. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വായന എന്നേ അവരില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പുരോഗമനത്തിന്റെയും മാറ്റത്തിന്റെയും മുന്‍കാലങ്ങളില്‍ ക്ഷുഭിതയൗവ്വനം എന്നത് അന്തസ്സും അലങ്കാരവുമായിരുന്നു. തീക്ഷ്ണമായ വായനയില്‍ പിറന്ന ചിന്തകളുടെ ഉള്‍ത്തുടിപ്പുകളായിരുന്നു അവര്‍. ഇന്ന് അക്ഷരബന്ധമില്ലാത്ത ക്ഷുഭിത യുവത്വത്തിന്റെ മനസ്സ് ആയുധപ്പുരയ്ക്ക് തുല്യമായിരിക്കുന്നു. പ്രണയ പരാജയത്തിനൊടുവില്‍ തോക്കും ബ്ലേയിഡ് കത്തിയുമായി പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്ന കിരാതന്‍മാരായി ആധുനിക യുവത്വം പരിണമിച്ചിരിക്കുന്നു. അതിന് ഒടുവിലത്തെ ഉദാഹരണമാണ് നിഥിനമോളുടെ മരണം. നമ്മുടെ കേരളം ചുരുക്കത്തില്‍ മോണ്‍സണ്‍മാരുടെയും അഭിഷേകുമാരുടെയും ഇടതുപക്ഷ രാഷ്ട്രീയ വ്യാജ ബുദ്ധിയുടെയും ചതുരംഗക്കളമായി തീര്‍ന്നതില്‍ പരിതപിക്കുകയേ വേണ്ടൂ.

വാല്‍ക്കഷണം:
കേരളം ഒരു തുറക്കല്‍ മാമാങ്കത്തിലേയ്ക്ക് നീങ്ങുന്നു. കോളേജുകളില്‍ ഒക്‌ടോബര്‍ 15 നും തിയറ്ററുകള്‍ ഒക്‌ടോബര്‍ 25 നും സ്‌കൂളുകള്‍ ഒന്നാകെ നവംബര്‍ 1 നും തുറക്കുകയാണ്. തുറക്കലുകള്‍ പൂര്‍ണ്ണമാകുന്നതോടെ ജനജീവിതം സാധാരണ നിലയിലാകും. ഒടുവില്‍ വീണ്ടും അതൊരു കോവിഡ് പൊല്ലാപ്പില്‍ ചെന്നവസാനിക്കാതിരിക്കാന്‍ ആവശ്യമായ ശ്രദ്ധയും അച്ചടക്കവും പുലര്‍ത്തേണ്ടത് ആവശ്യമാണ്. അതിന് ജാഗ്രതയുടെ മൂന്നാം കണ്ണ് പ്രവര്‍ത്തിപ്പിക്കണം. താഴ്ന്നു തുടങ്ങുന്ന കോവിഡ് നിരക്കുകളുട ആശ്വാസം നാളെയുടെ ഭീതിയായി മാറാതെ ആരോഗ്യനീതി നിര്‍വ്വഹണ വകുപ്പുകള്‍ ശ്രദ്ധിക്കണം.

Related posts

Leave a Comment