‘മുഖ്യന്റെ മരുമകന്റെ വരവിൽ മതിമറന്ന് കേരള ഹൗസ്’ ; നിയമങ്ങൾ കാറ്റിൽ പറത്തുന്നത് കേരള ഹൗസിൽ തുടർക്കഥയാകുന്നു

-എസ് ശരൺ ലാൽ

ന്യൂ ഡൽഹി :സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ  ദില്ലി സന്ദർശനം മതിമറന്ന് ആഘോഷമാക്കി കേരള ഹൗസ് ഇടത് സംഘടനാ ജീവനക്കാർ.രണ്ടാം പിണറായി സർക്കാർ അധികാരമേറ്റടുത്തതിന് ശേഷം ഇതാദ്യമായല്ല ഒരു മന്ത്രി കേരള ഹൗസിൽ എത്തുന്നത്.എന്നാൽ മുഖ്യന്റെ മരുമകൻ എന്ന നിലയിലാണ് മുഹമ്മദ് റിയാസിന് മാത്രം സംഘടന സ്വീകരണം ഒരുക്കിയത്.മുഖ്യമന്ത്രിയുടെ വരവിലും സ്വീകരണം  ഒരുക്കിയിരുന്നു.എന്നാൽ ഇതിന് ശേഷം വന്ന സ്പീക്കർ എം ബി രാജേഷിനോ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർക്കോ, മത്സ്യ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിക്കോ ഇത്തരത്തിലുള്ള യാതൊരു സ്വീകരണങ്ങളും കേരള ഹൗസിലോ മറ്റിടങ്ങളിലോ നടന്നിട്ടില്ല. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിൽ മാത്രമാണ് മുഹമ്മദ് റിയാസിന്  ലഭിച്ച സ്വീകരണം. അതുകൊണ്ടുതന്നെ മറ്റ് ജീവനക്കാർക്കിടയിൽ ഈ പരിപാടി സംഘടിപ്പിച്ച സംഘടനയിലെ അംഗങ്ങൾ പരിഹാസ്യരാവുകയാണ്.
അതോടൊപ്പം തന്നെ വ്യാഴാഴ്ച ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ കമ്മിറ്റിയുടെ യോഗം കേരളഹൗസിൽ ചേർന്നതും വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് കേരളഹൗസ് ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ ഇവയെ കാറ്റിൽപറത്തിയാണ് അഖിലേന്ത്യ കമ്മിറ്റി കേരള ഹൗസിൽ സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റ്  സ്ഥാനത്തു നിന്നും മുഹമ്മദ് റിയാസ് ഒഴിയുന്ന ഒഴിവിലേക്ക് എ. എ  റഹീം ചുമതലയേറ്റത് ഈ കമ്മിറ്റിയിൽ വെച്ചാണ്. അവസരത്തിനൊത്ത് നിയമങ്ങൾ മാറ്റുന്ന പ്രവണതയാണ് ഇപ്പോൾ കേരളാ ഹൗസിൽ തുടർന്നുവരുന്നത്.
മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ഇടതു സംഘടന യൂണിയൻ ജീവനക്കാരന് കേരള ഹൗസിലെ മെയിൻ ബ്ലോക്കിൽ റൂം അനുവദിച്ച്  നൽകിയതും വിവാദത്തിന് വഴി വച്ചിരുന്നു. പുതിയ റസിഡൻസ് കമ്മീഷണർ ചുമതല  എടുത്തതിന് ശേഷം കേരള ഹൗസിലെ ജീവനക്കാർക്കും, മാധ്യമപ്രവർത്തകർക്കും  പ്രധാന കാന്റീനിൽ നിന്നുള്ള ഭക്ഷണം കഴിക്കലിനും  വിലക്കേർപ്പെടുത്തി.കൂടാതെ  ദില്ലിയിൽ എത്തുന്ന മലയാളികൾ ഭക്ഷണത്തിൽ പ്രധാനമായും ആശ്രയിക്കുന്നത് കേരളാഹൗസിനെയാണ്.എന്നാൽ കേരള ഹൗസ് കാന്റീനിൽ  ഭക്ഷണത്തിനായി എത്തുന്നവർക്ക് പ്രവേശനം കേരള ഹൗസിന്റെ  പുറകിലുള്ള ഗേറ്റ് വഴിയാണ്. മറ്റൊരു സംസ്ഥാന ഭവനുകളിലും ഇല്ലാത്ത രീതിയാണ് കേരള ഹൗസിൽ  തുടരുന്നത്. 

Related posts

Leave a Comment