ലോകായുക്ത ഓർഡിനൻസ്; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി; സ്റ്റേയില്ല, ഹർജി ഫയലിൽ സ്വീകരിച്ചു

കൊച്ചി: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിന് സ്റ്റേയില്ല. നിയമഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട സർക്കാർ നടപടിക്ക് എതിരായ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. വിഷയത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇത്തരം ഭേദഗതി കൊണ്ടുവരുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നാണ് ഹർജിയിൽ പൊതുപ്രവർത്തകനായ ആർ.എസ് ശശികുമാർ ചൂണ്ടിക്കാട്ടിയത്. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഓർഡിനൻസെന്നും, ഓർഡിനൻസ് നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയതോടെയാണ് ഓർഡിനൻസ് നിലവിൽ വന്നത്. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയിൽ നിന്ന് തന്നെ ഓർഡിനൻസിന് എതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷത്തിൻറേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവർണറുടെ തീരുമാനം.

Related posts

Leave a Comment