കേരളാ ഗവർണർ അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നൽകി

തിരുവനന്തപുരം : ലോക അവയവദാന ദിനത്തിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നൽകി. അവയവ ദാനത്തിനുള്ള സമ്മതപത്രം മൃതസഞ്ജീവനി സംസ്ഥാന കോർഡിനേറ്ററിനാണ് ഗവർണർ ഒപ്പിട്ട് നൽകിയത്. കൂടുതൽ പേർ അവയവദാന സമ്മതപത്രം നല്കാൻ മുന്നോട്ട് വരണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സംസ്ഥാന സർക്കാരിൻറെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ സാറ വർഗീസ് മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ് എന്നിവർ ചേർന്ന് സമ്മതപത്രം ഏറ്റുവാങ്ങി.തുടർന്ന് അവയവം ദാനം ചെയ്യുന്നതിന് സമ്മതപത്രം നൽകിയവർക്ക് മൃതസഞ്ജീവനി നൽകുന്ന ഡോണർ കാർഡ് ഗവർണർക്ക് കൈമാറി. മൃതസഞ്ജീവനി കോ ഓർഡിനേറ്റർമാരായ പി.വി. അനീഷ്, എസ്.എൽ. വിനോദ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.മരണാനന്തര അവയവദാനത്തിൻറെ ആവശ്യകതകളെയും പ്രാധാന്യത്തെയും കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്തുന്നതിന് കൂടുതൽ ശില്പശാലകളും മറ്റു പരിപാടികളും സംഘടിപ്പിക്കണമെന്ന് ചടങ്ങിൽ ഗവർണർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ മൃതസഞ്ജീവനി വഴി 913 പേർക്കാണ് അവയവങ്ങൾ ലഭിച്ചത്. 323 പേരുടെ അവയവങ്ങളാണ് ഇത്രയും രോഗികൾക്ക് മാറ്റിവെക്കപ്പെട്ടത്.

Related posts

Leave a Comment