മണ്ണിനടിയിൽ അകപ്പെട്ട കരച്ചിലുകൾ..! ; സർക്കാരിന്റെ വ്യക്‌തമായ കാഴ്പ്പാടില്ലായ്മയിൽ ജീവനുകൾ പൊലിയാതിരിക്കട്ടെ

നീതു ഗോപികൃഷ്ണൻ

പ്രളയ ദൃശ്യങ്ങൾ കണ്ടപ്പോൾ വേദനകൾക്കപ്പുറം ഒരു മരവിപ്പാണ് തോന്നിയത്. ഒരു മാതാവ് മരണത്തിലേക്ക് നീങ്ങുമ്പോഴും കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ടായിരുന്നു. ഉറ്റവരെ നഷ്ട്ടപ്പെട്ട മനുഷ്യർ അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ, അവരുടെ മുഖത്ത് കണ്ടത് സങ്കടങ്ങളല്ല, നിർവികാരതയാണ്. ഇന്നുകൾ നഷ്ടപ്പെട്ടു പോയ വൈകാരികത മനസ്സിൽ നിന്ന് ഇല്ലാതായിപ്പോയ നിർവികാരമായ എത്രയോ മുഖങ്ങൾ.! വീണ്ടും വീണ്ടും കേരളത്തിൽ ഈ ദുരന്തങ്ങൾ ആവർത്തിക്കപ്പടുകയാണ്. മുത്തുമല, പെട്ടിമുടി, കവലപ്പാറ ദുരന്തങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്… നമ്മൾ തിരുത്തുന്നുണ്ടോ..? നമ്മൾ ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടോ..?. കഴിഞ്ഞദിവസവും കേട്ടു, സംസ്ഥാന റവന്യൂമന്ത്രി മരണപ്പെട്ടവർക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചുവെന്ന്. പക്ഷെ അതിന് ദിവസങ്ങൾക്ക് മുൻപ് കേരള നിയമസഭയിൽ കേട്ട വാക്കുകളുണ്ട്, കവലപ്പാറയിലെ ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ച ധനസഹായം രണ്ട് വർഷമായിട്ടും നൽകാൻ സാധിച്ചിട്ടില്ല എന്നുള്ള വസ്തുത പ്രതിപക്ഷ നേതാവ് അടിയന്തിര പ്രമേയമായി കൊണ്ടുവന്നു. അതിന് ശേഷം ദിവസങ്ങൾക്കകം സർക്കാർ 2 കോടി രൂപ അവർക്ക് നൽകാൻ തീരുമാനമെടുത്തത് സ്വാഗതാർഹമാണ്. പക്ഷെ ഇവിടെ ഉന്നയിക്കാൻ ശ്രമിക്കുന്ന ചോദ്യം ഇതാണ്, ഇത്തരത്തിലുള്ള ദുരിതാശ്വാസതുക കൊണ്ട് നികത്തുവാൻ കഴിയുന്നതാണോ അവർ ജീവിതത്തിൽ ബാക്കിയാക്കിയ വിടവുകൾ.? അവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടമായ ഇടങ്ങൾ.? ഇല്ല എന്ന് തന്നെയാണ് ഉത്തരം.
ഇനിയെങ്കിലും നമ്മൾ അന്വേഷിച്ച് പോകേണ്ടിയിരിക്കുന്നു, എന്തുകൊണ്ട് കേരളത്തിൽ തുടർച്ചയായി നമുക്ക് ഇത്തരത്തിലുള്ള സങ്കടക്കാഴ്ച്ചകൾ കാണേണ്ടി വരുന്നു എന്ന്.!

കേരളം അതീവ പരിസ്ഥിതി ലോല മേഖലയാണ് – ഒരു വശത്ത് പശ്ചിമഘട്ട മലനിരകൾ, മറുവശത്ത് തീരദേശവും, കൂടാതെ ചെറുകുന്നുകളും, അരുവിയും, പുഴയും, ചതുപ്പുകളും, കണ്ടൽക്കാടുകളും – ഇതിനിടയിലാണ് കേരളത്തിനലെ മനുഷ്യരുടെ ജീവിതം. പശ്ചിമഘട്ട മലനിരകൾ ഇന്നും സംരക്ഷിക്കാൻ നമ്മൾ തയ്യാറാവുന്നില്ല എന്നത് സ്വയം പരിശോധിക്കണം. കേരളത്തിൽ വൻകിട പദ്ധതികൾ കടന്ന് വരുമ്പോൾ ആ പദ്ധതികൾക്ക് വേണ്ടി ലക്ഷം ടൺ പാറകളാണ് ആവശ്യമായി വരുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി നമ്മുടെ പശ്ചിമഘട്ട മലനിരകൾ തുരന്നെടുത്തത് എത്ര ലക്ഷം ടൺ പാറകളാണ്.! പദ്ധതിയ്ക്ക് ആവശ്യമായ പാറകൾ ലഭ്യമാക്കാൻ കമ്പനിയ്ക്കും കഴിഞ്ഞിട്ടില്ല. അപ്പോഴാണ് വീണ്ടും സംസ്ഥാനം ഒരു വൻകിട പദ്ധതിയെ കുറിച്ച് ചർച്ച ചെയ്ത് മുന്നോട്ട് പോകുന്നത്. സിൽവർ ലൈൻ പ്രോജക്ട്., കഴിഞ്ഞ ദിവസം നിയമസഭയിൽ സംസാരിക്കുന്ന വാക്കുകൾ കേട്ടു. പശ്ചിമഘട്ട മലനിരകളിലെ ഒന്നോ രണ്ടോ മലകൾ തന്നെ പൊളിച്ചെടുക്കേണ്ടിവരും ആ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടതായ കരിങ്കല്ല് ലഭ്യമാക്കാനെന്ന്. നമ്മൾ നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകാൻ തയ്യാറാവണം.

പ്രകൃതിയെ സംരക്ഷിക്കേണ്ടുന്നതിന്റെ, പ്രകൃതിയോട് ചേർന്ന് നിന്ന് മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം വർദ്ധിച്ചു വരുകയാണ്. സുസ്ഥിര വികസനം മുന്നോട്ട് വയ്ക്കേണ്ട സമയമാണിത്. കേരളം കണ്ണീർ കാഴ്ച്ചകൾ തുടർച്ചായി കാണുമ്പോഴും ശാസ്ത്രീയമായ പഠനങ്ങളോ ശാസ്ത്രീയമായ തിരുത്തലുകളോ നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല എന്നത് വസ്തുതയാണ്. കൂടാതെ അനധികൃത ക്വാറി മാഫിയകൾ നമ്മുടെ പശ്ചിമഘട്ടം കൈയടക്കുകയാണ്. സർക്കാർ ലൈസൻസ് നൽകിയവയും നൽകാത്തവയും യഥേഷ്ടം അവരുടെ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുമ്പോൾ, നമ്മൾ ആ പ്രവർത്തനങ്ങൾക്കെതിരെ സ്വയം ബോധവാന്മാരാകേണ്ടതില്ലേ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ലോകം മുഴുവൻ ഈ കാലാവസ്ഥ വ്യത്യാനങ്ങളെ കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ, നാം ഈ ദുരന്തങ്ങൾക്കിടയിലും മൗനം പാലിക്കുകയാണ്. ഹിമാലയൻ മഞ്ഞ് പാളികൾ അതിവേഗം ഉരുകുകയാണ്. അർട്ടിക്കിലെ മഞ്ഞ് പാളികൾ ഇരട്ടി വേഗത്തിൽ ഉരുകിത്തീരുകയാണ്. അടുത്ത നൂറ്റാണ്ടോടു കൂടി ഇന്ത്യയിൽ കടലെടുക്കുന്ന സംസ്ഥാനങ്ങളുടെ നിരയിൽ കൊച്ചിയുമുണ്ട്. ചെല്ലാനം നിരന്തരം കടലാക്രമണ ഭീക്ഷണിയിലുമാണ്. കേരളത്തിലെ തീരദേശ മേഖലകളിലെ വീടുകളിലേക്ക് ഈ കാലാവസ്ഥ വ്യതിയാനം അനുസരിച്ച് ആർത്തിരമ്പി വരുന്ന കടൽത്തിരമാലകളെ നമ്മൾ കണ്ടു കൊണ്ടിരിക്കുകയുമാണ്. ഇനിയെങ്കിലും പ്രകൃതിയെ ചൂക്ഷണം ചെയ്യാതെ എങ്ങനെ മുന്നോട്ട് പോകാമെന്ന് പഠിക്കേണ്ടിയിരിക്കുന്നു. ഇത് ഈ തലമുറയ്ക്ക് വേണ്ടി മാത്രമല്ല, ഇനി വരുന്ന തലമുറകൾക്ക് കൂടിയാണ്. നാളെകളിലേക്ക് നമ്മുടെ ഇടങ്ങളെ നിലനിർത്തേണ്ടതിന്റെ ആവശ്യകത നമുക്കുണ്ട്. ഒരോ പ്രളയം കഴിയുമ്പോഴും നമുക്ക് നഷ്ടപ്പെട്ട് പോകുന്നത് ജീവനുകൾ മാത്രമല്ല, ആ പ്രളയത്തിന് തൊട്ട് മുൻപ് അവിടെയുണ്ടായിരുന്ന സ്വഭാവികമായ ആവാസ വ്യവസ്ഥ കൂടിയാണ്.

നെതർലാൻഡിൽ നിന്നും മടങ്ങിവന്ന കേരള മുഖ്യമന്ത്രി പറഞ്ഞ ‘Room for River’ എന്നതിന് വിരുദ്ധമാണോ ഇതേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ എടുക്കുന്ന നിലപാട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കണ്ണൂരിലെ മലയോര മേഖലയിൽ 250തിലേറെ ക്വാറികളാണ് അനുമതിയോടെയും അല്ലാതെയും പ്രവർത്തിക്കുന്നത് എന്ന് അറിയാൻ കഴിയുന്നു. പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലുകളില്‍ ഏറെയും ക്വാറികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലാണ്. ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട് അവഗണിച്ച് ക്വാറികള്‍ക്ക് അനുമതി നല്‍കിയതും കഴിഞ്ഞ വർഷങ്ങളിലെ ദുരന്തങ്ങൾക്ക് ആക്കം കൂട്ടി. വ്യാപകമായി കേരളത്തിൽ കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെടുകയും ജലാശയങ്ങൾ നികത്തപ്പെടുകയും, ക്വാറികൾ ജലാശയങ്ങളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയും, വഴിതിരിച്ചുവിടുന്നതുമായ പ്രവണതകളാണ് ഇന്ന് കാണുന്നത്. ഇവിടെ എവിടെയാണ് മുഖ്യമന്ത്രി പറഞ്ഞ ‘Room for River’.?
മൂന്ന് ദിവസം മഴ പെയ്തപ്പോൾ കേരളം വീണ്ടും പ്രളയം നേരിടുകയാണ്.

കാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ 195 രാജ്യങ്ങളിലെ ‘Inter Government’ റിപ്പോർട്ട് വന്നപ്പോൾ ഏറ്റവും അപകടകരമായ സോണിൽ നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് കേരളം എന്ന വസ്തുത പ്രതിപക്ഷ നേതാവ് നിയമസഭയ്ക്ക് മുന്നിൽ ചൂണ്ടിക്കാട്ടി.
ഇന്ന് കേരളത്തിലെ ഏറ്റവും ചിലവേറിയ, ഏറ്റവും അധികം പ്രദേശങ്ങൾ ഉൾപ്പെട്ടിരിക്കുന്ന സിൽവർ ലൈൻ പ്രോജക്ടിൽ നടത്തിയ പരിസ്ഥിതി ആഘാത പഠനം പോലും മതിയായതല്ല എന്നതാണ് പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞത്. കേരളം നടത്തേണ്ടിയിരുന്ന സമഗ്രമായ പാരിസ്ഥിതിക വിലയിരുത്തലിന് (Comprehensive environmental impact assessment) പകരം സർക്കാർ നടത്തിയത് ദ്രുതഗതിയിലുള്ള പാരിസ്ഥിതിക ആഘാത വിലയിരുത്തൽ മാത്രമാണ്.

2019 മുതലുള്ള തുടർച്ചയായ പ്രളയത്തിന് ശേഷവും ഇത്രയധികം പാരിസ്ഥിതിക പ്രശ്നങ്ങളിലൂടെ പോകുന്ന, നിർത്താതെ പെയ്യുന്ന രണ്ട് ദിവസത്തെ മഴ പോലും അനേകം ജീവനുകൾ കവർന്നെടുക്കുന്ന, ഉരുൾപൊട്ടലും വെള്ളപാച്ചിലുമായി ജനം വീട്ടിൽ പോലും സുരക്ഷിതരല്ലാത്ത കേരളത്തിൽ, സമഗ്രമായ പാരിസ്ഥിതിക പഠനം പോലും നടത്താതെയാണ് വീണ്ടും സർക്കാർ വൻകിട പ്രോജക്ടുകൾ നടപ്പാക്കാൻ മുന്നിട്ടിറങ്ങുന്നത്.
ഈ വസ്തുത തള്ളികളയാൻ ആവില്ലെന്നത് എത്രമാത്രം പരിതാപകരമാണ് എന്ന് ജനം മനസ്സിലാക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് സർക്കാരിനോട് ആവശ്യപ്പെടുന്ന സുസ്ഥിര വികസനമെന്നത് വികസന വിരോധമല്ല. ഇവിടെ പ്രതിപക്ഷ നേതാവിന്റെ വാക്കുകളോട് ചേർത്ത് വായിക്കേണ്ടത് കഴിഞ്ഞ യു.എൻ സെക്രട്ടറി ജനറൽ Ban Ki-Moon ന്റെ വാക്കുകളാണ്.
“സുസ്ഥിര വികസനം ഭാവിയിലേക്കുള്ള എല്ലാവരുടേയും പാതയാണ്. സാമ്പത്തിക വളർച്ച സൃഷ്ടിക്കുന്നതിനും സാമൂഹിക നീതി നേടിയെടുക്കുന്നതിനും പാരിസ്ഥിതിക മേൽനോട്ടം നിർവഹിക്കുന്നതിനും ഭരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു ചട്ടക്കൂട് ഇത് വാഗ്ദാനം ചെയ്യുന്നു”. യു.എൻ രണ്ടായിരത്തിന്റെ തുടക്കത്തിൽ തന്നെ സുസ്ഥിര വികസനം എന്ന മാർഗം സ്വീകരിച്ചു കഴിഞ്ഞു. ഇന്നും നമ്മൾ അതിൽ പിന്നിലാണ്. ഇനിയും ജീവനുകൾ സർക്കാരിന്റെ വ്യക്‌തമായ കാഴ്പ്പാടില്ലായ്മയിൽ പൊലിയാതിരിക്കട്ടെ.

Related posts

Leave a Comment