കൊന്നിട്ടും പക തീരാതെ സിപിഎം ; ഈ പാപക്കറ മായില്ല

ആദർശ് മുക്കട

കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു പെരിയ ഇരട്ടക്കൊലപാതകം. പത്തൊമ്പതും ഇരുപത്തിമൂന്നും വയസ്സുള്ള രണ്ട് ചെറുപ്പക്കാരെ അങ്ങേയറ്റം പൈശാചികമായാണ് സിപിഎം വകവരുത്തിയത്. രാഷ്ട്രീയത്തിന് അതീതമായി പൊതുസമൂഹം ഒന്നടങ്കം ആ ചെറുപ്പക്കാരുടെ വേർപാടിൽ കണ്ണീരണിഞ്ഞു.മൂന്നു വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ ആഴ്ച സിബിഐ കേസിൽ നിർണായകമായ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് പെരിയയിൽ ജീവൻ നഷ്ടപ്പെട്ട ചെറുപ്പക്കാരുടെ നീതിയിലേക്കുള്ള യാത്ര തുടങ്ങിയത്.ദിവസങ്ങൾക്ക് പ്രതികളുടെ വീട്ടിൽ സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ സന്ദർശനം നടത്തിയത് കൊലയാളികൾക്കുള്ള പരസ്യ പിന്തുണയുമായിട്ടായിരുന്നു. 2019 ഫെബ്രുവരി 17 ഞായറാഴ്ച എട്ടരയോടെയാണ് കൃപേഷിനെയും സുഹൃത്ത് ശരത് ലാലിനെയും സിപിഎം കൊലയാളികള്‍ വകവരുത്തിയത്. തെയ്യത്തിന്റെ സംഘടക സമിതി യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.വെട്ടേറ്റ് കൃപേഷിന്റെ തല രണ്ടായി പിളര്‍ന്നു. രക്ഷപെടാന്‍ ശ്രമിച്ച ശരത് ലാലിനെ അക്രമി സംഘം പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു.കൃപേഷ് സംഭവ സ്ഥലത്തും ശരത് ആശുപത്രിയിലേക്കുള്ള യാത്രമധ്യേയുമാണ് മരിച്ചത്.തൊട്ടടുത്ത ദിവസം കേരളം ഉണർന്നത് രണ്ടു ചെറുപ്പക്കാരുടെ അതിദാരുണമായ മരണ വാർത്ത അറിഞ്ഞുകൊണ്ടാണ്. നാട്ടിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ ഇരുവരുടെയും മരണം ജന്മനാടിനെ ആകെ ‘പെരിയ’ ദുഃഖത്തിലാക്കി.ഇരുവരുടെയും മരണത്തില്‍ രാഷ്ട്രീയത്തിന് അതീതമായി മലയാളിയെ വേദനിക്കാന്‍ പ്രേരിപ്പിച്ചത് അവരുടെ ദരിദ്രമായ ജീവിത പശ്ചാത്തലമായിരുന്നു.കൊലക്കത്തിക്ക് ഇരയായ കൃപേഷിന്റെ ജീവിത സാഹചര്യം ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നു.

അച്ഛനും അമ്മയും സഹോദരിമാരുമുള്ള ഒരു ദരിദ്ര കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു 19 കാരനായ കൃപേഷ്.ഓലയും ടാര്‍പോളിനുമൊക്കെ വലിച്ചുകെട്ടി ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലുള്ള വീട്. എന്നിട്ടും ഒരു ദരിദ്രകുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന ഈ ചെറുപ്പാക്കാരനെ രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ കൊലയാളികള്‍ വെറുതെവിട്ടില്ല. പൊതു പ്രവർത്തന രംഗത്ത് സജീവമായതിന് കൃപേഷിനെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പെരിയ സർക്കാർ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിയായിരുന്ന കൃപേഷ് സിപിഎം – എസ്എഫ്ഐ ഗുണ്ടകളുടെ ഭീഷണി കാരണം ആണ് പഠനം അവസാനിപ്പിച്ചത്.തുടർന്ന് ചെറിയ ജോലികൾക്കും ഉത്സവ സമയങ്ങളിൽ ചെണ്ട അഭ്യസിച്ചുമാണ് ആ പത്തൊമ്പതുകാരൻ മുന്നോട്ടു പോയത്.ശരത്ത് ലാലും സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കുടുംബ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്ന ചെറുപ്പക്കാരനായിരുന്നു. കോൺഗ്രസിന്റെ ബാലജന സംഘടനയായ ജവഹർ ബാലജനവേദിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും തങ്ങളുടെ പ്രദേശത്ത് ക്ലബ്ബുകൾ രൂപീകരിച്ച് അതുവഴി പ്രസ്ഥാനത്തിലേക്ക് പുതിയ തലമുറയെ അടുപ്പിക്കുന്നതിലും ഇരുവരും വഹിച്ച പങ്ക് വളരെ വലുതാണ്.

ചെണ്ടമേളത്തിനുപുറമേ സ്കൂൾ കാലഘട്ടം മുതൽ തന്നെ കായികരംഗത്തും കൃപേഷ് സജീവമായിരുന്നു. ഒറ്റമുറി ഓലക്കുടിലിൽ ട്രോഫികൾ വയ്ക്കാനിടമില്ലായിരുന്നു.ബന്ധുക്കളുടേയും കൂട്ടുകാരുടേയും വീട്ടിലാണ് കൃപേഷ് ലഭിച്ച ട്രോഫികൾ സൂക്ഷിച്ചിരുന്നത്.നൂറ്, ഇരുനൂറ് മീറ്റർ ഓട്ടത്തിൽ ഉപജില്ലാ-ജില്ലാതലത്തിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച സ്കൂൾകാലത്തെയാണ് കൃപേഷിനെക്കുറിച്ചു പറയുമ്പോൾ സഹപാഠികൾക്ക് ഓർത്തെടുക്കാനുള്ളത്. ലോങ്ജംപിൽ റെക്കോഡ് ഭേദിച്ച നേട്ടമൊക്കെ കൃപേഷിന്റെ സ്കൂൾജീവിതത്തിലുണ്ട്. ഫുട്ബോളായിരുന്നു ഏറെ ഇഷ്ടം.ഫോർവേഡ് കളിക്കാരനാണ്.സ്കൂളിൽ പഠിക്കുമ്പോൾ ഉപജില്ലാ ഫുട്ബോൾടീം അംഗമായിരുന്നു. സ്കൂൾവിദ്യാഭ്യാസത്തിന് ശേഷം അവൻ നാട്ടിലെ ഫുട്ബോൾതാരമായി.ജില്ലയിലേയും മറ്റു ജില്ലയിലേയും ഫുട്ബോൾ ടീമുകൾക്ക് വേണ്ടി പല ടൂർണമെന്റുകളിലും കളിച്ചു. എല്ലാവരുമായി ആഴത്തിൽ സൗഹൃദം കാത്തു സൂക്ഷിക്കുന്ന കൃപേഷും ശരത് ലാലും സൗഹൃദക്കൂട്ടങ്ങളിലെ നിറസാന്നിധ്യമായിരുന്നു.സുഹൃത്തിന്റെ കല്യാണത്തിന് ഒരേ യൂണിഫോമിൽ ശരത്ത് ലാൽ പങ്കെടുത്തതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയപ്പോൾ അതിലെ ശരത്തിന്റെ ശരീരഭാഷ രാഷ്ട്രീയത്തിനപ്പുറം ആ ചെറുപ്പക്കാരനിലെ നല്ല സൗഹൃദത്തിന് ഉടമയെ കാട്ടിത്തരുന്നുണ്ട്. രണ്ടു കുടുംബങ്ങളുടെ അത്താണിയായ ചെറുപ്പക്കാരെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തെയും അവരെ അതിന് പ്രാപ്തരാക്കിയ സിപിഎമ്മിനെയും കേരളത്തിലെ പ്രബുദ്ധരായ ജനസമൂഹം അങ്ങേയറ്റം രോഷത്തോടെ തള്ളിക്കളഞ്ഞതാണ്.

പെരിയ ഇരട്ടക്കൊലയ്ക്ക് ശേഷം തുടക്കം മുതൽ തന്നെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സിപിഎം സ്വീകരിച്ചത്.സംഭവത്തിനുശേഷം പോലീസ് അന്വേഷണം മന്ദഗതിയിലായിരുന്നു. എന്നാൽ ഈ കൊലപാതകത്തിൽ ചുറ്റും പടർന്ന വൈകാരികമായ പ്രതികരണങ്ങൾ ജനങ്ങൾ ഏറ്റെടുത്തു. തുടർന്ന് സമ്മർദത്തിന് വഴങ്ങി പോലീസ് പ്രാദേശിക സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്തു. സിപിഎം ആകെ സമ്മർദത്തിലായ സമയത്തും കേസിലുൾപ്പെട്ട പ്രതികൾക്കുവേണ്ടി മുൻ എംഎൽഎ ഉൾപ്പെടെയുള്ളവർ നിലകൊണ്ടു. ഇത് അന്ന് എല്ലാവരിലും കൊലയ്ക്കു പിന്നിലെ ഉന്നത ബന്ധങ്ങളെ സംബന്ധിച്ച് സംശയം ഉളവാക്കുന്നതായിരുന്നു. പ്രധാന പ്രതികളുടെ ഭാര്യമാർക്ക് സിപിഎം ഇടപെട്ടു ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിയമനത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയപ്പോൾ പാർട്ടി സമ്മർദ്ദത്തിൽ ആവുകയും നിയമനം മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും വിവാദങ്ങൾ കെട്ടടങ്ങിയപ്പോൾ നിയമനവുമായി മുന്നോട്ടുപോകുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.പ്രതികളെ സംരക്ഷിക്കുന്നതിനെ പുറമേ അന്വേഷണത്തിലും സിപിഎം ഇടപെടൽ വ്യക്തമായിരുന്നു. കൊലപാതകം നടന്ന സ്ഥലം റിപ്പോർട്ടിൽ മാറ്റിയത് മുതൽ നിർണായക തെളിവായ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കാണാതായവരെ എത്തിനിന്ന ഒട്ടേറെ വീഴ്ചകൾ അന്വേഷണസംഘത്തിന് ഉണ്ടായിട്ടുണ്ട്. കുടുംബത്തിന്റെയും കോൺഗ്രസ് നേതൃത്വത്തിന്റെയും നിയമ പോരാട്ടങ്ങൾക്കൊടുവിൽ കേസ് സിബിഐക്കു വിടുകയായിരുന്നു. ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടപ്പോൾ സിപിഎം കോടികൾ മുടക്കി വക്കീലിനെ വെച്ച് കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു. കോടികളാണ് സർക്കാർ ഖജനാവിൽനിന്നും ഇതിനായി സിപിഎം ചെലവഴിച്ചത്.എന്നാൽ അന്തിമ വിജയം അരുംകൊലയ്ക്ക് ഇരയായ ആ ചെറുപ്പക്കാർക്ക് ആയിരുന്നു. പെരിയ കേസ് സിബിഐ ഏറ്റെടുക്കുകയും കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചോളം പ്രധാന പ്രതികൾ അറസ്റ്റിലാവുകയും.മുൻ എംഎൽഎ കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള ഇരുപതിലേറെ സിപിഎം നേതാക്കൾ പ്രതികളാകുകയും ചെയ്തു. അതോടൊപ്പം അങ്ങേയറ്റം പൈശാചികമായ രാഷ്ട്രീയ കൊലപാതകമാണ് പെരിയയിൽ നടന്നതെന്ന നിഗമനവും സിബിഐ കോടതിയിൽ പങ്കുവെച്ചു.

പെരിയ കൊലപാതകം നടത്തി എന്നതിനേക്കാൾ കേരള മനസ്സാക്ഷിയെ ഞെട്ടിച്ചത് തുടർന്ന് പ്രതികൾക്ക് നൽകിയ സംരക്ഷണമാണ്.പെരിയ കേസിൽ മാത്രമല്ല ടിപി ചന്ദ്രശേഖരനെ അമ്പത്തിയൊന്ന് വെട്ടു വെട്ടി ക്രൂരമായി കൊന്നുതള്ളിയപ്പോഴും മുഹമ്മദ് ഷാഫിയും കൊടിസുനിയും ഉൾപ്പെടെയുള്ള ക്രിമിനലുകൾക്ക് അന്യായമായി പരോൾ അനുവദിപ്പിക്കുകയും ജയിലിനുള്ളിൽ വേണ്ട സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്തത് സിപിഎമ്മിന്റെ കൊന്നിട്ടും തീരാത്ത പകയുടെ തെളിവാണ്.മട്ടന്നൂരിൽ എത്രയോ സാധാരണക്കാരുടെ പ്രതീക്ഷയായിരുന്ന ശുഹൈബ് എന്ന ചെറുപ്പക്കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ ആകാശ് തില്ലങ്കേരി സൈബർ ഇടങ്ങളിൽ സിപിഎം വെട്ടിക്കിളിക്കൂട്ടങ്ങളുടെ താരമാണ്.ഹീറോ പരിവേഷമാണ് കൊലയാളികൾക്ക് സൈബറിടത്തിൽ സിപിഎം നൽകുന്നത്. നേതാക്കളെക്കാൾ വലിയ പിന്തുണ സൈബറിടത്തിൽ കൊലയാളികൾക്ക് ലഭിക്കുന്നു. പാർട്ടി നേതൃത്വം പലപ്പോഴും ഈ കൊലയാളികളെ തള്ളി പറയുന്നുണ്ടെങ്കിലും പാർട്ടി നിലപാടിനെ തള്ളിയുള്ള കൊലയാളികളുടെ പ്രതികരണങ്ങൾക്ക് മൗനമാണ് പാർട്ടിയുടെ മറുപടി.ഇതുതന്നെ പാർട്ടിയുടെ പല കൊട്ടേഷൻ ബന്ധങ്ങളും പുറത്താകുമെന്ന ഭയം കൊണ്ടാണെന്ന് നമുക്ക് മനസ്സിലാകും.

കൊന്നിട്ടും തീരാത്ത വൈകൃതമായ കുടിപ്പകയുടെ നേർസാക്ഷ്യമാണ് കൊലയ്ക്ക് ശേഷവും കൊലയാളികൾക്കൊപ്പം നിൽക്കുന്ന സിപിഎം നിലപാട്.ഒട്ടേറെ അമ്മമാരുടെ കണ്ണുനീരിന് മുകളിൽ ചവിട്ടിനിന്ന് അനാഥരാക്കപ്പെട്ട പിഞ്ചുമക്കളുടെ വേദനയ്ക്കു മുന്നിൽ മുഖം കൊടുക്കാതെ അവരെയൊക്കെ തീരാത്ത ദുഃഖത്തിലേക്ക് തള്ളിവിട്ട രാഷ്ട്രീയ ചേരിയെ ഒറ്റപ്പെടുത്തേണ്ടത് പ്രബുദ്ധ കേരളത്തിന്റെ അനിവാര്യതയാണ്. സിബിഐ കുറ്റപത്രത്തിൽ എടുത്തുപറഞ്ഞ ഒരു കാര്യം പെരിയയിലെ ചെറുപ്പക്കാരുടെ ജനകീയത സിപിഎം കേന്ദ്രങ്ങളിൽ ഉണ്ടാക്കിയ വീർപ്പുമുട്ടലാണ് കൊലയിലേക്ക് നയിച്ചതെന്നാണ്. തങ്ങൾക്കെതിരെ ഉണ്ടാകുന്ന ശബ്ദങ്ങളോട് അസഹിഷ്ണുത വെച്ചുപുലർത്തുന്ന ഈ ഏകാധിപത്യ പ്രവണതകളോട് പടപൊരുതി സ്വജീവൻ പോലും നഷ്ടപ്പെടുത്തിയ ഒട്ടനവധി ചെറുപ്പക്കാരും ഇന്നും കണ്ണുനീർ മങ്ങാതെ വേദനയും പേറി ജീവിക്കുന്ന അവരുടെ കൂടപ്പിറപ്പുകളും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെയും കൊലയ്ക്ക് ശേഷവും അവസാനിക്കാത്ത പകയുടെ തുറന്നു കാട്ടലായി എന്നും നമുക്കു മുന്നിലുണ്ട്. അധികാരത്തിന്റെ തണലും കാലത്തിന്റെ കുത്തൊഴുക്കും ഒന്നും സിപിഎമ്മിനെ ഈ പാപക്കറയിൽ നിന്നും രക്ഷിക്കില്ല.

Related posts

Leave a Comment