കേരളത്തിൽ ആഗസ്റ്റ് 20നുള്ളില്‍ 4.6 ലക്ഷം പേര്‍ രോഗബാധിതരായേക്കാം

ന്യൂഡൽഹി : സംസ്ഥാനത്തെ ഓണാഘോഷവും ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നത് രോഗവ്യാപന തോത് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രസംഘം. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ സന്ദർശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഘം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

ലോക്ഡൗണിൽ കൂടുതൽ ഇളവ് വന്നതോടെ ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെ കേരളത്തിൽ 4.6 ലക്ഷം കോവിഡ് കേസുകൾ ഉണ്ടായേക്കാമെന്നും വിദഗ്ധ സംഘം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും ഉയർന്നതോതിൽ രോഗബാധയുണ്ടായിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ മാത്രം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷം 14,974 പേർക്കും രണ്ടും ഡോസും സ്വീകരിച്ച 5042 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നിങ്ങനെ വിദഗ്ധ സംഘം സന്ദർശിച്ച എട്ട് ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. ചിലയിടങ്ങളിൽ ടിപിആർ വർധിച്ചുവരികയാണെന്നും കേന്ദ്ര സംഘം റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇത് കൂടാതെ കോവിഡ് രോഗികളിൽ 80 ശതമാനം പേരും ഹോം ഐസൊലേഷനിലായിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗം പേരും മാർഗനിർദേശങ്ങൾ പാലിച്ചല്ല വീടുകളിലെ ഈ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ക്വാറന്റീനും മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കാത്തത് ക്ലസ്റ്ററുകൾ രൂപപ്പെടുത്തുന്നുവെന്നും കേന്ദ്ര സംഘം ചൂണ്ടിക്കാട്ടുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കോവിഡ് വ്യാപനം കുറയാത്തതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലേക്ക് കേന്ദ്രം വിദഗ്ധ സംഘത്തെ പഠനത്തിനായി അയച്ചത്. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ ആറംഗ സംഘമാണ് സംസ്ഥാനത്ത് എത്തിയത്.

Related posts

Leave a Comment