കേരളപ്പിറവിക്ക് കൊച്ചിക്ക് കിടിലൻ കാരിക്കേച്ചർ സമ്മാനം

കൊച്ചി: കേരളപ്പിറവി ദിനത്തിൽ കൊച്ചി മെട്രോയുടെ മഹാരാജാസ് സ്റ്റേഷനിൽ എത്തിയ യാത്രക്കാർക്ക് കിട്ടിയത് കിടിലൻ സർപ്രൈസ്. പൂർണമായും ഡിജിറ്റലായി വരച്ച കാരിക്കേച്ചർ കിട്ടിയവർക്ക് അത് വിസ്മയക്കാഴ്ചയായി.

കേരള കാർട്ടൂൺ അക്കാദമിയും കൊച്ചി മെട്രോയുമായി ചേർന്നാണ്  ലൈവ്  ഡിജിറ്റൽ കാരിക്കേച്ചർ ഷോ സംഘടിപ്പിച്ചത്. കാർട്ടൂണിൻ്റെ പെരുമയുള്ള നാടായ കേരളം സാങ്കേതിക വിദ്യയുടെ പുതിയ കാലത്തിനൊപ്പം മാറിയതിൻ്റെ നേർക്കാഴ്ചയായിരുന്നു പരിപാടി. പേപ്പറിൽ പേന കൊണ്ടും ബ്രഷുകൊണ്ടും വരച്ച കാരിക്കേച്ചറും കാർട്ടൂണും മാത്രം കണ്ടു ശീലിച്ചവർക്ക് ഇത് തികച്ചും പുതുമയുള്ള അനുഭവമായി.  ഡിജിറ്റൽ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച്  കാരിക്കേച്ചർ തത്സമയം വരയ്ക്കുന്നതായിരുന്നു പരിപാടി.

പ്രശസ്ത കാരിക്കേച്ചറിസ്റ്റുകളായ
രതീഷ് രവി, വിനയതേജസ്വി, ജയരാജ് ടി ജി, ശിവദാസ് വാസു,അനന്തു സി ബി എന്നിവരായിരുന്നു ചിത്രകാരന്മാർ. യാത്രക്കാർക്ക് ഡിജിറ്റലായാണ് കാരിക്കേച്ചർ സമ്മാനിച്ചത്. കാരിക്കേച്ചറുകൾ കെ.എം.ആർ.എല്ലിന്റെ ഫേസ്ബുക്കിലും മറ്റ് സമൂഹ മാധ്യമ  പ്ലാറ്റ്‌ഫോമുകളിലും കാരിക്കേച്ചർ  അപ്‌ലോഡും ചെയ്തു.കേരളത്തിൽ ഇത്തരം പൂർണമായ ഡിജിറ്റൽ കാരിക്കേച്ചർ ഷോ ഇതാദ്യമായാണെന്ന് പരിപാടിയുടെ കോ-ഓഡിനേറ്റർ
കാർട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണൻ പറഞ്ഞു.

Related posts

Leave a Comment