മിനിമം ചാര്‍ജ് പത്തു രൂപയാക്കണം; ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: എണ്ണവിലയും കോവിഡ്​ പ്രതിസന്ധിയും കണക്ക​ിലെടുത്ത്​ കുറഞ്ഞ യാത്രനിരക്ക്​ വര്‍ധിപ്പിക്കണമെന്ന്​ സ്വകാര്യ ബസുടമകള്‍. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി ആന്‍റണി രാജുവി​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്​ ആവശ്യം. നിരക്ക്​ വര്‍ധനക്കൊപ്പം നികുതി ഇളവുകൂടി ആവശ്യങ്ങളുടെ പട്ടികയിലുണ്ട്​. ഇക്കാര്യങ്ങളിലൊന്നും ഉറപ്പുനല്‍കാതെ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി കൂടിയാലോചിക്കാമെന്നായിരുന്നു മ​​ന്ത്രിയുടെ മറുപടി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബസുടമകളുടെ ആവശ്യം പരിഗണിച്ചാണ്​ യോഗം വിളിച്ചത്​.

ഒന്നാംഘട്ട കോവിഡ് വ്യാപനവേളയില്‍ ജസ്​റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാറിന് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി ഉയര്‍ത്താനായിരുന്നു കമ്മിറ്റി ശിപാര്‍ശ. എന്നാല്‍, മിനിമം നിരക്ക് എട്ടുരൂപയായി നിലനിര്‍ത്തി, യാത്ര ചെയ്യാവുന്ന ദൂരം അഞ്ചില്‍നിന്ന്​ രണ്ടര കിലോമീറ്ററായി സര്‍ക്കാര്‍ കുറയ്ക്കുകയായിരുന്നു. ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഈ നിരക്ക് അപര്യാപ്തമാണെന്ന് ബസുടമകള്‍ പറഞ്ഞു. ഓര്‍ഡിനറി ബസുകളുടെ പരമാവധി ദൂരം 140 കിലോമീറ്ററായി നിജപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഗതാഗത സെക്രട്ടറി ബിജുപ്രഭാകര്‍, ഗതാഗത കമീഷണര്‍ എം.ആര്‍. അജിത്കുമാര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌​ ലോറന്‍സ് ബാബു, ഗോകുല്‍ദാസ്, ജോണ്‍സണ്‍ പയ്യപ്പിള്ളി, ടി. ഗോപിനാഥന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ തീരുമാനങ്ങള്‍ക്കായി ബുധനാഴ്ച ബസുടമകളുടെ വിവിധ സംഘടനകള്‍ യോഗം ചേരും.

Related posts

Leave a Comment