സഭാ നടപടികൾക്ക് മിന്നൽ വേഗം; ഉച്ചക്ക് മുമ്പേ മൂന്നു ബില്ലുകൾ പാസാക്കി

നിസാർ മുഹമ്മദ്

തിരുവനന്തപുരം: അപരാഹ്ന സമ്മേളനത്തിന് നേരത്തെ തീരുമാനിച്ചെങ്കിലും അത് വേണ്ടെന്ന് വെച്ചതോടെ അതിവേഗത്തില്‍ സഭാ നടപടികള്‍ പൂര്‍ത്തിയാക്കുന്ന അപൂര്‍വ കാഴ്ചയ്ക്ക് ഇന്ന് സഭാതലം സാക്ഷ്യം വഹിച്ചു. വെള്ളിയാഴ്ചയായതിനാല്‍ 12.30ന് സഭാ നടപടികള്‍ അവസാനിപ്പിക്കുകയും തുടര്‍ന്ന് ആവശ്യമെങ്കില്‍ ഉച്ചയ്ക്ക് രണ്ടിന് ശേഷം സഭ വീണ്ടും സമ്മേളിക്കുമെന്നുമായിരുന്നു കാര്യവിവരപ്പട്ടികയിലെ അറിയിപ്പ്.

എന്നാല്‍, രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഉച്ചകഴിഞ്ഞുളള സെഷന്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് സ്പീക്കര്‍ എംബി രാജേഷ് അംഗങ്ങളെ അറിയിച്ചു. അതിനാല്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നില്ലെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ മൂന്ന് ബില്ലുകള്‍ കൂടി ചര്‍ച്ചയ്ക്ക് എടുക്കേണ്ടതിനാല്‍ അതിവേഗത്തില്‍ നടപടി പൂര്‍ത്തിയാക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. ശൂന്യവേളയില്‍, ചട്ടം അമ്പത് പ്രകാരമുള്ള അടിയന്തര പ്രമേയ നോട്ടീസിലൂടെ സര്‍ക്കാരിനെതിര ആഞ്ഞടിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവസരം നഷ്ടമായെങ്കിലും സഭാ നടപടികളോട് പ്രതിപക്ഷാംഗങ്ങള്‍ പൂര്‍ണമായി സഹകരിച്ചു. സ്പീക്കറുടെ അഭ്യര്‍ത്ഥന അക്ഷരം പ്രതി അനുസരിച്ച അംഗങ്ങള്‍ ചോദ്യങ്ങളും സബ്മിഷനുകളും ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങളുമെല്ലാം ചുരുക്കിയാണ് ഉന്നയിച്ചത്. മന്ത്രിമാരുടെ മറുപടിയും രണ്ടോ മൂന്നോ വാക്കുകളില്‍ ഒതുങ്ങി. വിശദീകരിച്ചുള്ള മറുപടികള്‍ സഭയുടെ മേശപ്പുറത്ത് വെച്ചാല്‍ മതിയെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
സംസ്ഥാന ചരക്കുസേവന നികുതി ഭേദഗതി ബില്‍, കേരള പൊതുവില്‍പ്പന നികുതി ഭേദഗതി ബില്‍, ധനസംബന്ധമായ ഉത്തരവാദിത്ത ഭേദഗതി ബില്‍ എന്നിവയാണ് നിയമ നിര്‍മാണ സെഷനില്‍ സഭ പരിഗണനയ്ക്ക് എടുത്തത്. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ബില്ലുകള്‍ പാസാക്കുകയും ചെയ്തു.

ചോദ്യോത്തര വേളയ്ക്ക് ശേഷം ചട്ടം 50 ഒഴിവാക്കി നേരിട്ട് ശ്രദ്ധക്ഷണിക്കലിന് സ്പീക്കര്‍ അനുമതി നല്‍കിയതോടെ ആദ്യ പ്രമേയം ഭരണപക്ഷാഗം ഇ.കെ വിജയനാണ് ഉന്നയിച്ചത്. കേരളത്തില്‍ അടുത്തിടെ ഉണ്ടായ പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയാണ് ഇ.കെ വിജയന്‍ സഭയുടെ ശ്രദ്ധക്ഷണിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് അറിയിച്ച കൃഷിമന്ത്രി പി. പ്രസാദ്, വിശദമായ മറുപടി സഭയുടെ മേശപ്പുറത്തുവെച്ചു.

അങ്കണവാടി ജീവനക്കാരുടെ വേതനം പരിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രണ്ടാമത്തെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം. കോണ്‍ഗ്രസ് അംഗം പി.സി വിഷ്ണുനാഥാണ് പ്രമേയം അവതരിപ്പിച്ചത്. അങ്കണവാടികളിലെത്തുന്ന കുട്ടികളെ പഠിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന് പുറമേ സര്‍ക്കാര്‍ നിയോഗിക്കുന്ന ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായി പങ്കെടുക്കുന്ന ജീവനക്കാരുടെ വേതന വര്‍ധന അടിയന്തരമായി പരിഗണിക്കണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മറുപടി നല്‍കിയ മന്ത്രി വീണാ ജോര്‍ജ്, ഇതിനായി ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടാകുമെന്നും സഭയെ അറിയിച്ചു.

നാല് സബ്മിഷനുകളാണ് സഭയുടെ പരിഗണനയ്ക്ക് വന്നത്. ആദ്യ സബ്മിഷന്‍ ഉന്നയിച്ച പി.ടി തോമസ് തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിന് സ്ഥലം അനുവദിക്കുന്ന വിഷയമാണ് ചൂണ്ടിക്കാട്ടിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോയ റവന്യൂ മന്ത്രി കെ രാജന്റെ അസാന്നിധ്യത്തില്‍ കൃഷിമന്ത്രി പി. പ്രസാദാണ് ഇതിന് മറുപടി നല്‍കിയത്. കാക്കനാട് വില്ലേജില്‍ 3.618 ഹെക്ടര്‍ ഭൂമി ഇതിനായി കണ്ടെത്തിയെങ്കിലും സ്ഥലം കുളം പുറമ്പോക്ക് വിഭാഗത്തില്‍പ്പെട്ടതിനാല്‍ നിര്‍മാണത്തിന് അനുമതി ലഭിച്ചാല്‍ മാത്രമേ റവന്യൂ വകുപ്പിന് നടപടികള്‍ പൂര്‍ത്തിയാക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു. കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് അനുയോജ്യമായ മറ്റ് സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം സംബന്ധിച്ച് അഡ്വ. വികെ പ്രശാന്തും ഡി.എല്‍.എഡ് കോഴ്‌സ് നോട്ടിഫീക്കേഷന്‍ സംബന്ധിച്ച് മോന്‍സ് ജോസഫും സബ്മിഷനുകള്‍ ഉന്നയിച്ചു. പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വകസനമായിരുന്നു പി. നന്ദകുമാറിന്റെ സബ്മിഷന്‍ വിഷയം. ഈ മൂന്ന് സബ്മിഷനുകളിലൂടെ ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് സഭയില്‍ സ്വീകരിച്ചത്. വിവിധ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തന പുരോഗതിയും മന്ത്രിമാര്‍ വിശദീകരിച്ചു.

Related posts

Leave a Comment