സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് ചക്കളത്തി പോരാട്ടം മാത്രമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം. പി.

സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് ചക്കളത്തി പോരാട്ടം മാത്രമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം. പി.

സര്‍വകലാശാലകളില്‍ അമിതമായ രീതിയിലുള്ള രാഷ്ട്രീയ ഇടപെടലും പിന്‍വാതില്‍ നിയമനങ്ങളും നടക്കുന്നുവെന്ന പച്ചയായ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, യഥാര്‍ത്ഥ വസ്തുതകളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടുകയാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ ലക്ഷ്യമെന്നും വേണുഗോപാൽ പറഞ്ഞു.

കണ്ണൂര്‍ വി സിയുടെ പുനര്‍നിയമനത്തിന് സര്‍ക്കാര്‍ കാണിച്ച നിയമവിരുദ്ധമായ എല്ലാ വഴികളും കണ്ടില്ലെന്ന് നടിച്ച് ഒപ്പുവെച്ചത് ഗവര്‍ണര്‍ തന്നെയാണ്. അറുപത്തിയൊന്ന് വയസ്സുള്ളയാളെ നിയമിക്കുന്നതിലുള്ള നിയമപ്രശ്‌നം മറികടക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കൂടി ഉള്‍പ്പെടുത്തി വകുപ്പ് മന്ത്രി നല്‍കിയ കത്ത് രാജ്ഭവന്‍ അതേപോലെ അംഗീകരിക്കുകയായിരുന്നു. അപ്പോള്‍ എന്തുകൊണ്ട് ധാര്‍മ്മിക രോഷം ഉണ്ടായില്ലെന്ന് ഗവര്‍ണര്‍ മറുപടി പറയണം. ചെയ്തത് തെറ്റായെന്ന് ബോധ്യപ്പെട്ടെങ്കില്‍ അത് തിരുത്താനുള്ള നടപടികളാണ് ഗവര്‍ണര്‍ സ്വീകരിക്കേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന അമിതമായ രാഷ്ട്രീയ നിയമനങ്ങള്‍ പ്രതിപക്ഷം നിരന്തരം ചൂണ്ടിക്കാട്ടിയതാണ്. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ യുജിസി ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് നിയമനങ്ങള്‍ നടത്തിയതെന്ന് പകല്‍പോലെ വ്യക്തമാണ്. കാലടി സര്‍വകലാശാല വി സി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയെ മറികടന്നാണ് ഒറ്റപ്പേരിലെത്തിയത്. ഏഴുപേര്‍ അപേക്ഷിച്ചിട്ടും ഒരാളുടെ പേരുമാത്രം നിര്‍ദ്ദേശിച്ചതിന്റെ പേരില്‍ ഫയല്‍ മടക്കിയെന്നാണ് ഗവര്‍ണര്‍ പറയുന്നത്; ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഒരാളോട് ഒരു പേരുമാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ തന്നെ നിര്‍ദ്ദേശിച്ചെന്നാണ് മുഖ്യമന്ത്രിയുടെ വാദം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താല്‍, ഒറ്റ പേര് ആവശ്യപ്പെട്ട ഗവര്‍ണര്‍ തന്നെ ആ ഫയല്‍ എന്തിന് തിരിച്ചയച്ചു എന്നത് ദുരൂഹമാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

അക്കാദമി മേഖലയെ കാവിവത്കരിക്കാനും ചരിത്രം വളച്ചൊടിക്കാനും ബിജെപി സര്‍ക്കാരുകള്‍ ഒരുഭാഗത്ത് കുത്സിത ശ്രമം നടത്തുമ്പോള്‍, കേരളത്തില്‍ എല്ലാ അക്കാദമിക മേഖലകളെയും ധൃതരാഷ്ട്രാലിംഗനത്തിലൂടെ കൊല്ലാകൊല ചെയ്യുകയാണ് സിപിഎ മ്മെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment