മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്കാർ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ കെ.സി വേണുഗോപാൽ എംപി അനുശോചിച്ചു

തിരുവനന്തപുരം: എക്കാലവും പാർട്ടിക്കു വേണ്ടി കർമ്മനിരതനായ കഠിനാധ്വാനിയായ നേതാവിനെയാണ് ഓസ്കാർ ഫെർണാണ്ടസിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് എ ഐ സി സി ജനറൽ സെക്രെട്ടറി കെ സി വേണുഗോപാൽ എം പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കോൺഗ്രസ് പാർട്ടിയുടെ  നയചാരുതിയുള്ള ദേശീയ മുഖവും, മികച്ച പാർലമെന്റേറിയനെയുമാണ് ഓസ്‌ക്കർജിയുടെ വിയോഗത്തിലൂടെ നഷ്‍ടമായത്.  രാത്രി വൈകിയും ഉറക്കം വെടിഞ്ഞും പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഓസ്‌കാർജിയുടെ പ്രവർത്തനശൈലി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എത്തിയത് മുതൽ നേരിട്ട് അനുഭവിച്ചതാണെന്നും വേണുഗോപാൽ അനുസ്‌മരിച്ചു. താഴെ തട്ടിൽ നിന്നും ഉയർന്നു വന്ന്, സംഘടന ജനറൽ സെക്രട്ടറി പദവി വരെ എത്തി  പാർട്ടിയുടെ ഉന്നതാധികാര സമിതികളിലെല്ലാം അംഗമായിരുന്ന ഓസ്‌കാർജി സംഘടനതലത്തിലും, ഭരണ രംഗത്തും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചാണ് വിടപറയുന്നത്. എല്ലാകാലത്തും കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നേരിട്ട് ഇടപെടുകയും, ഈ കഴിഞ്ഞ തിരഞ്ഞെടുപ്പൊഴിച്ചു കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായ  ഇടപെടലുകൾ നടത്തുകയും ചെയ്ത നേതാവുമായിരുന്നു അദ്ദേഹം.

ഒരു മികച്ച ഭരണാധികാരിയെന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച്ചവെച്ച ഓസ്‌കാർ ജി, തീരദേശ ജനതയുടെ ചിരകാല സ്വപ്നമായ ആലപ്പുഴ, കൊല്ലം ബൈപാസ് അനുവദിക്കാൻ നിർണായകമായ പങ്കു വഹിച്ചിട്ടുള്ള കാര്യവും വേണുഗോപാൽ അനുസ്‌മരിച്ചു.  മികച്ച കുച്ചിപ്പുടി നർത്തകനും, കലാകാരനുമായിരുന്ന അദ്ദേഹം അചഞ്ചലനായ  ഈശ്വര വിശ്വാസി കൂടിയായിരുന്നുവെന്നും കെ സി വേണുഗോപാൽ അനുസ്മരിച്ചു. അഞ്ചു പതിറ്റാണ്ടോളം കോൺഗ്രസ് പ്രസ്ഥാനത്തിന് വിവിധ നിലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Related posts

Leave a Comment