എ.ആർ ആനന്ദ്
തിരുവനന്തപുരം :അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തിരുവനന്തപുരത്ത് നടത്തിയ ജനജാഗ്രതാ യാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ സംഘടിപ്പിച്ച ആദിവാസി ദളിത് സംഗമം പകര്‍ന്നത് ഹൃദയസ്പര്‍ശിയും അവിസ്മരണീയവുമായ അനുഭവമായി മാറി.പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കരിങ്ങോട് പ്രദേശത്ത് നാനൂറോളം ആദിവാസി, പിന്നോക്ക കുടുംബങ്ങള്‍ താമസിക്കുന്ന അംബേദ്കര്‍ കോളനിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എത്തിയത് രാവിലെ എട്ടുമണിയോടെ. ഭവനങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹത്തിനോട് പലരും ദുരിതങ്ങള്‍ വിവരിച്ചു, അതെല്ലാം പരിഹരിക്കാമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പും നല്കി. തുടര്‍ന്ന് 9.30 ഓടെ ആദിവാസി ദളിത് സംഗമം നടക്കുന്ന
വേദിയിലെത്തി.ഭരതന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നാനൂറിലധികം ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ കുടുംബങ്ങള്‍ സമ്മേളനസ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. അവരുടെ പ്രശ്നങ്ങള്‍ വേണുഗോപാല്‍ കേട്ടു. പിന്നീടാണ് അദ്ദേഹം വേദിയിലേക്ക് കയറിയത്. നേതാക്കള്‍ മാത്രമല്ല വേദിയില്‍ ഇരിക്കേണ്ടത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരെ വിളിക്കൂവെന്ന് വേണുഗോപാലിന്റെ നിര്‍ദേശം. കൊച്ചുഅടുപ്പുപാറ ഊരുമൂപ്പന് പ്രഭാകരന് കാണി ഉള്‍പ്പെടെ പലരെയും മുന്‍നിരയില്‍ തന്നെ ഇരുത്തി. ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അവരുടെ കൂട്ടത്തില്‍ നിന്നുള്ളവരെത്തി സംസാരിച്ചു. ചിലരാകട്ടെ എഴുതിതയ്യാറാക്കിയ പരാതികള്‍ വേണുഗോപാലിന് സമര്‍പ്പിച്ചു.
പാലോട് രവിയുടെയും അടൂര്‍പ്രകാശിന്റെയും പ്രസംഗത്തിന് ശേഷമായിരുന്നു നാടന്‍പാട്ടുകലാകാരനും പെരിങ്ങമല പഞ്ചായത്തു പ്രസിഡന്റുമായ ഷിനു മടത്തറ കടന്നുവന്നത്. ”തന്താനേ താനാ തിന, തന്താനം താനാ, ആദിയില്ലല്ലോ അന്തമില്ലല്ലോ”…ഷിനുവിന്റെ പാട്ടിന് വേണുഗോപാലും സഘവും താളംപിടിച്ചു. ഇതിനിടയിലാണ് ആലുങ്കുഴി ഊരുകൂട്ടം ഉണ്ടാക്കിയ ഈറ്റ ഉത്പന്നങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് കൊടുക്കാമോ എന്ന് ചോദിച്ച് രണ്ടു സ്ത്രീകള്‍ എത്തിയത്. ഉറപ്പായും രാഹുലിന് നല്‍കുമെന്ന് അദ്ദേഹത്തിന്റെ മറുപടിയും.
എല്ലാവരും പ്രസംഗിച്ച് ശേഷം ഏറ്റവും അവസാനമാണ് അദ്ദേഹം മൈക്കിനടുത്തേക്ക് എത്തിയത്.നമ്മുടെ പരിസ്ഥിതിയുടെ താളം സംരക്ഷിക്കുന്ന, കാടുകളുടെ യഥാര്‍ത്ഥ അവകാശികളായ, മണ്ണിന്റെ തുടിപ്പറിഞ്ഞ ആദിവാസി ജനസമൂഹം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അവഗണനയും ആ സമൂഹം അനുഭവിക്കുന്ന നീതിനിഷേധവും പൊതുസമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് വേണുഗോപാല്‍ പറഞ്ഞു.കാടിന്റെ മക്കള്‍ക്ക് ഒരു വീട് നിര്‍മ്മിക്കണമെങ്കില്‍ പോലും വനം വകുപ്പിന്റെ എന്‍.ഒ.സി വാങ്ങണമെന്നതുള്‍പ്പെടെ നിരവധി കടമ്പകളാണ് ഇപ്പോഴവര്‍ നേരിടുന്നത്. ഉള് വനങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടിവേണം രേഖകള്‍ തയ്യാറാക്കാന്‍ പോകാന്‍ ഭവന നിര്‍മ്മാണത്തിനുള്ള പദ്ധതികളെല്ലാം സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നു. ഊരുകളിലേക്ക് റോഡ് വെട്ടാനുള്ള പദ്ധതികള്‍ പോലും വിവിധ കാരണം കണ്ടെത്തി തടയിടുന്നു. അതേസമയം വന്‍കിടക്കാര്‍ കാടിനെ ചൂഷണം ചെയ്യുന്നത് തുടരുകയുമാണ്.ആദിവാസി ഊരുകളില്‍ പൊതുസ്ഥാപനങ്ങള്‍ പണിയുന്നതിന് സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നതിന് വേണ്ടി പദ്ധതിയുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ അളവും വെട്ടിക്കുറച്ചു. ഐ.ടി.ഡി.പി മുഖേനയുള്ള ഫണ്ടുകളെല്ലാം ഇന്ന് രാഷ്ട്രീയവത്കരിച്ചു കഴിഞ്ഞു. മുമ്പ് കാലത്ത് പ്രമോട്ടര്‍മാരാണ് ആദിവാസി ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇന്നവരിലേറെയും ഭരണകക്ഷിക്കുവേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.