എണ്ണയിൽ വഴുതിവീഴുന്ന കസാഖിസ്ഥാൻ ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

എണ്ണ സമ്പന്നമായ കസാഖിസ്ഥാനിൽ എണ്ണവില വർധനവിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും സായുധ പ്രക്ഷോഭങ്ങളും ഇന്ത്യയെ വിസ്മയപ്പെടുത്തുന്നതാണ്. വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിൽ ദിവസം തോറുമാണ് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർധിക്കുന്നത്. സമ്പൂർണ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ വിലക്കയറ്റത്തിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുമ്പോൾ ജനങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്ന പാർലമെന്റിനോ രാഷ്ട്രീയപാർട്ടികളോടോ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. അതേസമയം ജനാധിപത്യം അത്രയൊന്നും പുഷ്ടിപ്പെടാത്ത കസാഖിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ പ്രക്ഷോഭമുയരുമ്പോൾ സർക്കാർ പ്രതിഷേധക്കാരെ വിളിച്ചു ചർച്ച നടത്തി പരിഹാരം കാണുന്നു. ഏഴു പതിറ്റാണ്ടിലേറെക്കാലം കമ്യൂണിസ്റ്റ് സമഗ്രാധിപത്യ ഭരണത്തിൽ അടിച്ചമർത്തപ്പെട്ട കസാഖിസ്ഥാൻ ജനതയിൽ ഉറവ് വറ്റാത്ത സമരവീര്യം ഇപ്പോഴും തിളച്ചു മറയുകയാണ്. രൂക്ഷമായ പ്രക്ഷോഭത്തെ അടിച്ചമർത്താൻ കസാഖിസ്ഥാൻ റഷ്യയുടെ പട്ടാള സഹായം ആവശ്യപ്പെട്ടിരിക്കയാണ്. സൈന്യം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും പോരാട്ടം നിലച്ചിട്ടില്ല. പ്രധാന നഗരമായ അൽമാട്ടിയിൽ നിന്നായിരുന്നു. അത് പിന്നീട് രാജ്യത്തിന്റെ മറു ഭാഗങ്ങളിലേക്കും വ്യാപിച്ചു. കഴിഞ്ഞ പുതുവർഷ ദിനത്തിലാണ് സർക്കാർ ഇന്ധന വില വർധിപ്പിച്ചത്. നേതാവോ പ്രസ്ഥാനമോ ഇല്ലാതെ, മുല്ലപ്പൂവ് വിപ്ലവം പോലെ ശക്തമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സമരക്കാരുടെയും സൈനികരുടെയും എണ്ണം വ്യക്തമായിട്ടില്ല. കസാഖിസ്ഥാൻ പൊലീസിനും സുരക്ഷാ സൈന്യത്തിനും പ്രക്ഷോഭം നേരിടാൻ സാധിക്കാത്തത് മൂലമാണ് റഷ്യയുടെ സഹായം തേടിയത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണകൂടം ഉത്തരവാദിത്തം ഒഴിവിയും ചെയ്തിട്ടുണ്ടെങ്കിലും സമരവീര്യം തകർക്കാനായിട്ടില്ല. റഷ്യൻ ഭരണകൂടത്തിന്റെ സൈനിക ചുമതലയിലാണ് മുൻ സോവിയറ്റ് രാഷ്ട്രങ്ങളായ കസാഖിസ്ഥാൻ അടക്കം ആറു രാഷ്ട്രങ്ങൾ. ആയിരക്കണക്കിന് സമരക്കാർ സർക്കാർ കെട്ടിടങ്ങൾക്ക് തീ കൊളുത്തുകയും പൊലീസുമായി നേർക്കുനേർ ഏറ്റുമുട്ടുകയുമാണ്. ഇന്റർനെറ്റ് സേവനം റദ്ദാക്കിയതോടെ സമരം നിയന്ത്രണാധീതമായിട്ടുണ്ടെന്നാണ് വാർത്താ ഏജൻസികൾ വ്യക്തമാക്കണം. സർക്കാരിന്റെ രാജിയോടെ എൽ.പി.ജിയുടെയും എണ്ണയുടെയും പഴയവില പുനഃസ്ഥാപിക്കാൻ താൽക്കാലിക കാബിനറ്റ് ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രസിഡന്റ് ശ്രമങ്ങളൊന്നും ഫലം കാണാത്തത് മൂലമായിരുന്നു റഷ്യൻ ഇടപെടൽ. ഇന്ത്യയുടെ റിപ്പബ്ലിക് ദിന ചടങ്ങളിൽ പങ്കെടുക്കുന്ന അഞ്ച് മുഖ്യാതിഥികളിലൊരാളായിരുന്നു കസാഖിസ്ഥാൻ പ്രസിഡന്റ് ടോകയേവ്.
വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൽ.പി.ജിയുടെ വില സർക്കാർ ഉയർത്തിയതിനെ തുടർന്നാണ് എണ്ണസമ്പന്നമായ ഈ മധ്യേഷ്യൻ രാജ്യത്ത് ഇന്ധനവില ഇരട്ടിയായത്. ഇതിനെതിരെയാണ് രോഷാകുലരായ കസാഖുകൾ കഴിഞ്ഞാഴ്ച്ച സമരരംഗത്തിറങ്ങിയത്. 2011-ൽ തൊഴിൽ രംഗത്തെ ദുരിതങ്ങൾക്കെതിരെ പ്രതിഷേധിച്ച 16 എണ്ണത്തൊഴിലാളികളെ പൊലീസ് വെടിവെച്ചുകൊന്നിരുന്നു. എണ്ണ നഗരമായ സാനോസെനിൽ തന്നെയാണ് ഇത്തവണയും പ്രതിഷേധം ആരംഭിച്ചത്. എണ്ണയുടെ വിലക്കയറ്റം ഭക്ഷ്യവില കുത്തനെ ഉയർത്തി. ഇത് രാജ്യത്തെ ബാധിച്ചിരിക്കുന്ന വരുമാന അസമത്വം വർധിപ്പിച്ചു. ഇതിന് പുറമെ പണപ്പെരുപ്പം കൂടുകയും ചെയ്തു. ഇന്ധനവില വർധനവ് മാത്രമല്ല കസാഖിസ്ഥാനിലെ പ്രതിസന്ധിക്കും പ്രതിഷേധത്തിനും കാരണം. കോവിഡ് കാരണം രാജ്യത്തിന്റെ സാമ്പത്തികനില പാടെ തകർന്നതാണ് അസമത്വത്തിനും ദാരിദ്ര്യത്തിനും കാരണം. രാഷ്ട്രീയമായ സുസ്ഥിരത പ്രകടിപ്പിച്ചുകൊണ്ട് ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള വിദേശ നിക്ഷേപം ആകർഷിക്കാൻ രാജ്യത്തിന് സാധിച്ചുവെങ്കിലും സേച്ഛാധിപതികളായ ഭരണാധികാരികൾ രാഷ്ട്രീയ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയതും ജനങ്ങളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. നീതിപൂർവ്വവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കസാഖുകളുടെ ആവശ്യം. പ്രക്ഷോഭം ആരംഭിച്ചു മണിക്കൂറുകൾക്കകമാണ് പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും പിരിച്ചുവിട്ടത്. ഇത് സംശയാസ്പദമാണ്. എണ്ണവില വിരുദ്ധ സമരം മുൻനിർത്തി ആരംഭിച്ച സമരം യഥാർത്ഥത്തിൽ രാഷ്ട്രീയ സമരമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. കസാഖിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അയൽ രാജ്യങ്ങളായ റഷ്യയെയും ചൈനയെയും ആശങ്കപ്പെടുത്തുന്നതാണ്. എണ്ണവില ഭരണകൂടത്തിന്റെ വാഴ്ച്ചയ്ക്ക് മാത്രമല്ല വീഴ്ച്ചയ്ക്കും കാരണമാകുന്നുവെന്നു കസാഖിസ്ഥാൻ വ്യക്തമാക്കുന്നു. എണ്ണവില കൂട്ടി ജനങ്ങളെ പിഴിയുന്ന ഇന്ത്യൻ ഭരണാധികാരികൾക്കും കസാഖിസ്ഥാൻ പാഠമാകേണ്ടതാണ്.

Related posts

Leave a Comment