Kerala
നവതിനിറവിൽ മോൺ. ഫെർഡിനാൻഡ് കായാവിൽ

- ഡോ. ശൂരനാട് രാജശേഖരൻ
മനുഷ്യ ജന്മത്തിന്റെ അകവും പുറവുമാണ് ആധ്യാത്മികതയും ഭൗതികതയും. ഭൗതികതയില്ലാത്ത ആധ്യാത്മികതയും ആധ്യാത്മികത ഇല്ലാത്ത ഭൗതികതയും നിരർഥകമാണ്. ഭൗതികതയിൽ വിജയിച്ചിട്ടുള്ള ഒരാൾക്കു മാത്രമേ ആധ്യാത്മികതയുടെ നിറവിലെത്താൻ കഴിയൂ. ഭൗതിക തലത്തിൽ പരാജയപ്പെട്ടയാളുടെ ആധ്യാത്മികത നിരാശാജനകവും അതൃപ്തവുമായിരിക്കും. ഈ യാഥാർഥ്യം മനസിലാക്കി രണ്ടു മേഖലകളിലും ഒരുപോലെ ശോഭിച്ച വൈദിക ശ്രേഷ്ഠനാണ് മോൺ. ഡോ. ഫെർഡിനാൻഡ് കായാവിൽ. കൊല്ലം നഗരത്തിന്റെയും രൂപതയുടെയും ജില്ലയുടെ തന്നെയും ചരിത്രത്തിൽ കായാവിലച്ചന്റെ പേര് അടയാളപ്പെടുത്താതെ ആർക്കും കടന്നു പോകാനാവില്ല. നലം തികഞ്ഞ വൈദികനെന്ന പദവിക്കു പുറമേ, വിദ്യാഭ്യാസ വിചക്ഷണൻ, അധ്യാപകൻ, ആരോഗ്യ വിദഗ്ധൻ, സമൂഹ പരിഷ്കർത്താവ്, മതേതര സംസ്കാരത്തിന്റെ പ്രോജ്വല വക്താവ് തുടങ്ങി വിവിധ തലങ്ങളിൽ ശോഭിക്കുന്ന ഫാ. ഫെർഡിനാൻഡ് കായാവിലിന്റെ നവതി ദിനമാണിന്ന്. കൊല്ലം കത്തോലിക്കാ രൂപതയിലെ ഏറ്റവും പ്രായമുള്ള അദ്ദേഹത്തിന്റെ നവതി സമുചിതമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും.
കൊല്ലം രൂപതയിലെ നിരവധി ഇടവകകളിൽ അദ്ദേഹം പ്രേഷിതവൃത്തി ചെയ്തിട്ടുണ്ട്. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസറായിരിക്കെ അനേകം തലമുറകൾക്ക് വൈദികവൃത്തിയുടെ മൂല്യങ്ങൾ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. പ്രേഷിതവൃത്തിയുടെ വിവിധ തലങ്ങളിൽ നക്ഷത്ര ശോഭയോടെ നിലനിൽക്കുമ്പോഴും പൊതുസമൂഹത്തിന്റെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും അദ്ദേഹം ചെയ്ത സേവനങ്ങൾ എല്ലാ കാലത്തും ഓർമിക്കപ്പെടും.
മൂല്യവത്തായ ഒരു സമൂഹത്തിന്റെ രണ്ടു സുപ്രധാന വശങ്ങളാണ് ആരോഗ്യവും വിദ്യാഭ്യാസവും. ഭൗതിക തലത്തിലെ ഈ രണ്ട് മേഖലകളിലും
ഫാ. കായാവിലിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് മുൻപ് രാജ്യത്തെ ഏറ്റവും കൂടുതൽ നിരക്ഷരരുള്ള നഗരങ്ങളിലൊന്നായിരുന്നു കൊല്ലം. തീരദേശത്തെ പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുട്ടികൾ പള്ളിക്കൂടത്തിൽ പോകാൻ മടിച്ചതായിരുന്നു ഈ ദുരവസ്ഥയ്ക്കു കാരണം. കൈകാലുകൾക്ക് ബലം വയ്ക്കുമ്പോഴേക്കും മക്കളെ കടലമ്മയുടെ കൈകളിലേല്പിക്കുന്ന മുക്കുവക്കുഞ്ഞുങ്ങളെ കൈപിടിച്ചു പള്ളിക്കൂടത്തിലേക്കു കൂട്ടിക്കൊണ്ടു വന്നതിൽ കായാവിലച്ചൻ വഹിച്ച പങ്ക് നിസ്തുലമാണ്. ജാതിയും മതവും നോക്കാതെ തീരദേശത്തെ ഓരോ വീട്ടിലും കടന്നു ചെന്ന് വിദ്യാഭ്യാസത്തിന്റെ മഹത്വം വിവരിച്ച് അദ്ദേഹം കുരുന്നുകളുടെ കൈപിടിച്ചു നടത്തി. രക്ഷിതാക്കളുടെ എതിർപ്പുകൾ വരെ നേരിടേണ്ടി വന്നിട്ടും ദൗത്യത്തിൽ നിന്നു പിന്മാറിയില്ല. സംസ്ഥാന സർക്കാരിന്റെ സാക്ഷരതാ മിഷൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ എന്ന പദവി അദ്ദേഹത്തിന്റെ ഈ ദൗത്യത്തിന് വലിയ തോതിൽ ഊർജം പകർന്നു. കായാവിലിന്റെ നേതൃത്വത്തിൽ അന്നു നടത്തിയ സാക്ഷരതാ പ്രവർത്തനങ്ങൾ കൊല്ലം ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷരതാ ജില്ലകളിൽ ഒന്നാക്കി മാറ്റി.
സാമാന്യ വിദ്യാഭ്യാസം മാത്രമല്ല അദ്ദേഹം ലക്ഷ്യം വച്ചത്. പ്രൊഫഷണൽ മേഖലയുടെ വിവിധ വശങ്ങൾ മനസിലാക്കി, കഴിവുള്ളവരെ കണ്ടെത്തി അതിലേക്കു വഴിതരിച്ചു വിടാനും അദ്ദേഹം ശ്രദ്ധിച്ചു. ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ പബ്ലിക് സ്കൂളിന്റെ സാരഥിയായി മൂന്നു പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും കൊല്ലം തീരത്തെ അനേകം മത്സ്യത്തൊഴിലാളി കുടിലുകളിൽ നിരവധി എൻജിനീയർമാരും ഡോക്റ്റർമാരും അഭിഭാഷകരും അധ്യാപകരും സർക്കാർ ജീവനക്കാരുമുണ്ടായി. അഡ്മിനിസ്ട്രേറ്റിവ് രംഗത്ത് മികവ് തെളിയിച്ച സിവിൽ സർവന്റുമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വരെ അക്കൂട്ടത്തിലുണ്ട്. തങ്കശേരിയിലെ ഇൻഫന്റ് ജീസസ് സ്കൂളിന്റെ വളർച്ചയുടെ സുവർണകാലം ഫാ. കായിവിൽ അതിന്റെ സാരഥ്യം വഹിച്ചപ്പോഴായിരുന്നു.
ഇൻഫന്റ് ജീസസ് സ്കൂളിന്റെ സാരഥ്യം വഹിക്കുമ്പോൾത്തന്നെ കായാവിൽ ബിഷപ് ബെൻസിഗർ ആശുപത്രിയുടെ ഡയറക്റ്റർ കൂടിയായിരുന്നു. ഇന്നത്തെ പോലെ ആശുപത്രി സംവിധാനം അത്ര വിപുലമല്ലാതിരുന്ന കാലത്ത് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പിക്കാമായിരുന്ന ദക്ഷിണ കേരളത്തിലെ പ്രധാന ആശുപത്രികളിലൊന്നായിരുന്നു ബെൻസിഗർ. സ്വകാര്യ ആശുപത്രി ആയിരുന്നെങ്കിലും ആരോഗ്യക്കച്ചവടം അവിടെ ഉണ്ടായിരുന്നില്ല. അർഹതയുള്ള പാവപ്പെട്ടവർക്ക്, അവരുടെ ജാതിയും മതവും പരിഗണിക്കാതെ തന്നെ സൗജന്യ ചികിത്സയും നടത്തിയിരുന്നു. ഒരു ആശുപത്രി സമുച്ചയത്തിൽത്തന്നെ എല്ലാ ആർഭാടങ്ങളും ഉൾപ്പെടുത്തി ആധുനിക ചികിത്സ ഉറപ്പാക്കുന്നതിനു വേണ്ടി ബെൻസിഗർ ആശുപത്രിയിൽ നിർമിച്ച മില്ലേനിയം ബ്ലോക്ക് കായാവിലച്ചന്റെ നിത്യസ്മാരകമാണെന്ന കാര്യത്തിൽ സംശയമില്ല. പത്തു നിലകളിൽ ഈ ബ്ലോക്കിന്റെ നിർമാണം പൂർത്തിയാകുമ്പോൾ കൊല്ലം ജില്ലയിലെ ഏറ്റവും ഉയരമുള്ള നിർമിതിയായിരുന്നു ബിഷപ് ബെൻസിഗർ
മില്ലേനിയം ബ്ലോക്ക്. അതിന്റെ ഉദ്ഘാടന വേദിയിൽ ഞാനുമുണ്ടായിരുന്നു.
കൊല്ലം തീരത്തെ രൂക്ഷമായ കടലാക്രമണം, കൂടെക്കൂടെയുള്ള തീപിടിത്തം, നിത്യേനയുള്ള കുടിവെള്ള ക്ഷാമം എന്നിവയ്ക്ക് പരിഹാരം കണ്ടതിൽ കായാവിലച്ചന്റെ നിരന്തര ഇടപെടലുകളും പരിശ്രമവുമുണ്ട്. ഓരോ മൺസൂൺ കാലത്തും വാടി, മൂതാക്കര, തങ്കശേരി മേഖലയിലുണ്ടാകുന്ന കടലാക്രമണത്തിൽ നൂറുകണക്കിനു വള്ളങ്ങളും വലകളും കടലെടുക്കുമായിരുന്നു. ഇതു തടയാൻ ഫാ. കായാവിലിന്റെ നേതൃത്വത്തിൽ 1981 ജനുവരി നാലിന് രൂപീകരിച്ച തങ്കശേരി ബ്രേക്ക് വാട്ടർ കൺസ്ട്രക്ഷൻ ആക്‌ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ നിർണായക പങ്ക് വഹിച്ചു, ഈ സമിതിയുടെ ശ്രമഫലമാണ് ഇന്നത്തെ തങ്കശേരി ബ്രേക്ക് വാട്ടർ പോർട്ട്. എത്ര രൂക്ഷമായ കടലാക്രമണം വന്നാലും ആയിരത്തിലധികം യാനങ്ങൾ ഇവിടെ സുരക്ഷിതമാണ്. ഈ പദ്ധതി നിലവിൽ വന്ന ശേഷം കൊല്ലം തീരത്ത് വലിയ ദുരന്തങ്ങളുണ്ടായിട്ടില്ല, സുനാമത്തിരകളല്ലാതെ.
ഓരോ വേനൽക്കാലത്തും കത്തിയമരുന്ന നൂറുകണക്കിന് ചെറ്റക്കുടിലുകളായിരുന്നു കൊല്ലം തീരത്തുണ്ടായിരുന്നത്. അതെല്ലാം മാറ്റി ഇന്നു കാണുന്ന കോൺക്രീറ്റ് വീടുകൾക്കു പിന്നിലും തീരദേശ കുടിവെള്ള വിതരണ പദ്ധതിയിലും മോൺ. ഡോ. ഫെർഡിനാന്റ് കായാവിലിന്റെ കൈയൊപ്പുണ്ട്.
രാഷ്‌ട്രീയമായി തുറന്ന നിലപാടുകൾ സ്വീകരിക്കാത്തവരാണ് പൊതുവേ വൈദികർ. തുറന്ന രാഷ്‌ട്രീയക്കാരനായിരുന്നില്ലെങ്കിലും ജനാധിപത്യ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തിയിട്ടുണ്ട് കായാവിൽ. നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് വേളകളിൽ ഞാനടക്കമുള്ള ജനാധിപത്യ സ്ഥാനാർഥികൾക്ക് വലിയ സഹായിയും വഴികാട്ടിയുമായിരുന്ന കായാവിലച്ചൻ. ഞാൻ കൊല്ലം ഡിസിസി പ്രസിഡന്റായിരിക്കെ, കൊല്ലത്തെ പല സുപ്രധാന രാഷ്‌ട്രീയ തീരുമാനങ്ങളെടുക്കേണ്ടി വന്നപ്പോൾ, കായാവിലച്ചനോടു കൂടി ആലോചിക്കണമെന്ന് ലീഡർ കെ. കരുണാകരൻ സൂചിപ്പിച്ചത് ഇവിടെ സാന്ദർഭികമായി ഓർക്കുന്നു. ശരിയായ തീരുമാനങ്ങളെടുക്കുന്നതിൽ കായാവിലിന്റെ കഴിവ് തിരിച്ചറിഞ്ഞിരുന്നു ലീഡർ കരുണാകരൻ എന്ന കാര്യത്തിലും എനിക്ക് സംശയമില്ല.
ബൻസിഗർ ആശുപത്രിയുടെ സമീപത്ത് ആശുപത്രിയുടെ വകയായി ഒരു കുരിശടി ഉണ്ടായിരുന്നു. ആരുടെയോ പ്രേരണയിൽ അതു നീക്കം ചെയ്യാൻ അന്നത്തെ ജില്ലാഭരണകൂടം ആലോചിച്ചു. ജില്ലാ കലക്റ്റർ തന്നെ അതു സംബന്ധിച്ച് ആശുപത്രിക്ക് നോട്ടീസ് നൽകി. ഈ നോട്ടീസുമായി കായാവിലച്ചൻ അന്നു മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരനെ സമീപിച്ചു. കത്തു വായിച്ച ശേഷം കായാവിലിനോട് ഒരക്ഷരം മിണ്ടാതെ അദ്ദേഹം ജില്ലാ കലക്റ്ററെ ഫോണിൽ വിളിച്ചു. ആ കുരിശടി അവിടെ നിൽക്കുന്നതു കൊണ്ട് അത്ര വലിയ പ്രശ്നമുണ്ടോ എന്നാരാഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി. എങ്കിൽ ആ പരിപാടി ഉപേക്ഷിച്ചേക്കാൻ ഉത്തരവ് നൽകി. അതു കേട്ടു മടങ്ങിയ കായാവിലിന്റെ കണ്ണു നിറഞ്ഞിരുന്നു.
പിന്നീടാരും കുരിശ് പൊളിക്കാൻ ആ വഴി വന്നിട്ടില്ല. അതായിരുന്നു ലീഡറുമായുള്ള ഫാ. കായാവിലിന്റെ ആത്മബന്ധം.
Idukki
ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Kozhikode
റാഗിങ് പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിലെ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നായിരുന്നു ജൂനിയർ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ അഞ്ചംഗ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിനു റിപ്പോർട്ട് കൈമാറി.
Ernakulam
ഷാരോൺ വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ഗ്രീഷ്മ; അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News1 week ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 weeks ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login