പരിശുദ്ധ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്‌സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. മലങ്കര ഓർത്തഡോക്സ് സഭാചരിത്രത്തിൽ പരുമല തിരുമേനിക്കു ശേഷം മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്ന മാർ പൗലോസ് ദ്വിതിയൻ, വിശ്വാസികൾക്കൊപ്പം സാധാരണക്കാരനായി ജീവിച്ച വ്യക്തിത്വമായിരുന്നു. സാമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കും രോഗികൾക്കും വേണ്ടി നിരവധി പദ്ധതികളാണ് അദ്ദേഹം സഭാതലത്തിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. നൂറുകോടിയിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ച പരുമല കാൻസർ സെന്റർ ഇതിന് ഉദാഹരണമാണ്. നിർധനരായ കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘സ്‌നേഹസ്പർശ’വും പദ്ധതിക്കും ഇദ്ദേഹം തുടക്കമിട്ടിരുന്നു.
സ്ത്രീകളെ സഭാഭരണത്തിലേക്ക് എത്തിക്കാനുള്ള ചരിത്രപരമായി തീരുമാനം കൈക്കൊണ്ടതും പൗലോസ് ദ്വിതീയൻ ബാവയാണ്. 2011-ൽ ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും വോട്ടവകാശം ഏർപ്പെടുത്തിയാണ് ബാവ മലങ്കര ഓർത്തഡോക്‌സ് സഭയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. മദ്യം, ലഹരിമരുന്ന് എന്നിവയ്ക്ക് എതിരെയും ശക്തമായ പ്രചാരണം ബാവ നടത്തിയിട്ടുണ്ട്. സാധാരണക്കാർക്കിടയിൽ നിന്നും സഭയുടെ അത്യുന്നത പദവിയിൽ എത്തി സാധാരണക്കാർക്കൊപ്പം ജീവിച്ച പൗലോസ് ദ്വിതീയൻ ബാവയുടെ നിര്യാണം മലങ്കര സഭയ്ക്കു മാത്രമല്ല കേരളത്തിനൊന്നാകെ തീരാനഷ്ടമാണ്.

Related posts

Leave a Comment