തോണി തകര്‍ന്ന് കാണാതായ മൂന്ന് മീന്‍പിടുത്ത തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കാസർകോട്: കാസർകോട് അഴിമുഖത്ത് മീൻപിടുത്തത്തിനിടെ തോണി തിരയിൽപ്പെട്ട് തകർന്ന് കണ്ടാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കാസർകോട് കസബ കടപ്പുറത്തെ അമ്പാടിയുടെ മകൻ രതീശൻ (30) ശശിയുടെ മകൻ സന്ദീപ് (33) , ഷൺമുഖന്റ മകൻ കാർത്തിക്ക് (29) എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ കണ്ടെത്തിയത്.

സന്ദീപിന്റെയും രതീഷിന്റെയും മൃതദേഹം കോട്ടിക്കുളത്ത് കരയ്ക്കടിയുകയായിരുന്നു. രതീഷിന്റെ മൃതദേഹം ബേക്കലിനടുത്ത് കടലിൽ തെരെച്ചിൽ നടത്തുകയായിരുന്ന മത്സ്യതൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ ആംബുലൻസിൽ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പുലർച്ചെ ആറു മണിയോടെയായിരുന്നു കാസർകോട് അഴിമുഖത്തിന് സമീപം പുലിമുട്ടിനടുത്ത് വെച്ച്‌ ഫൈബർ തോണി ശക്തമായ തിരമാലയിൽപ്പെട്ട് തകർന്ന് മൂന്ന് പേരെ കാണാതായത്.

ദുരന്തം നടന്ന് 24 മണിക്കൂർ പിന്നിട്ടെങ്കിലും നേവിയുടെ ഹെലികോപ്ടറോ ഫിഷറീസിന്റെ രക്ഷാ ബോടോ എത്തിയിരുന്നില്ല. കോസ്റ്റൽ പൊലീസിന്റെയും മീൻപിടുത്ത തൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ. അപകടത്തിൽ നിന്നും അത്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെട്ട കസബ കടപ്പുറത്തെ സോമന്റെ മകൻ രവി (40), ലക്ഷ്മണന്റെ മകൻ ഷിബിൻ (30), ഭാസ്‌ക്കരന്റെ മകൻ മണികുട്ടൻ (35), വസന്തന്റെ മകൻ ശശി (30) എന്നിവർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എംഎൽഎ മാരും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ശ്രമങ്ങൾ നടത്തിയിരുന്നു.

Related posts

Leave a Comment