കാര്യായിട്ട് ഒരു കാര്യം- തുഷാര ; ചെറുകഥ വായിക്കാം

എഴുത്തുകാരിയെ പരിചയപ്പെടാം

തുഷാര

എഴുത്തുകാരി, വിദ്യാർത്ഥിനി

കാര്യായിട്ട് ഒരു കാര്യം പറയട്ടെ…

നിങ്ങൾക്കറിയാമോ… എനിക്കൊരാളോട് ഒരുപാട് ഇഷ്ടം തോന്നിയിട്ടുണ്ട്..

ആഹാ.. എന്നോടല്ലേ.. എനിക്കറിയാം..

കാര്യമായിട്ടാടോ, നിങ്ങളല്ലാ വേറെ ഒരാളോട്..

കേൾക്കട്ടെ.. കേൾക്കട്ടെ..

ഏയ്, അങ്ങനെ കഥയായിപറയാൻ ഒന്നും ഇല്ല..

എന്നാലും..

അന്ന് കോളേജിൽ പടിക്കണകാലത്ത്, വൈകുന്നേരത്ത്, തിക്കിത്തിരക്കി ബസ്സിൽ നിക്കുമ്പോഴാ തമ്മിൽ കാണണത്. ഞാനും ആയാളും ഒരുപോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്നു..
അന്നൊക്കെ കിട്ടണ ബസ്സിൽ കേറിയാണല്ലോ പോക്ക്, നിർത്തണ ബസ്സിൽ കേറും, പോകും..

എന്നിട്ട്..

എന്നിട്ടെന്താ.. ഒരു വട്ടം ആ നോട്ടത്തിൽ കുടുങ്ങിപ്പോയി.. അത്രതന്നെ..

ബാക്കി പറ..

ബാക്കിയൊന്നും ഇല്ല.. എന്നെപ്പോലെ എവിടെയോ പഠിക്കുന്ന ആളായിരുന്നു. എന്നെ പോലെ തന്നെ കിട്ടണ ബസ്സിൽ കേറിയാവും പോണത്..

അയ്, അപ്പൊ പിന്നെ കണ്ടില്ലെന്നാണോ നീ പറയണേ..?

പിന്നല്ലാതെ, ഒറ്റത്തവണയെ കണ്ടിട്ടുള്ളു.. ഒന്നു തമ്മിൽ മിണ്ടിയിട്ട്കൂടിയില്ല..
കാണണമെന്നും മിണ്ടണമെന്നും തോന്നാഞ്ഞിട്ടല്ല. ഇതിനെല്ലാം ശ്രമിച്ചെങ്കിലും അതിനൊന്നും കഴിഞ്ഞില്ല..

ഹോ.. എന്തൊരു കഷ്ടാ..

അന്നൊക്കെ കഷ്ടായിട്ട് എനിക്കും തോന്നിയതാ.. പക്ഷെ ഇപ്പൊ ഓർക്കുമ്പോ തോന്നും, എന്തൊരു ഭംഗിയാണ് ആ ഒരു ഇഷ്ടത്തിനെന്ന്..
ഒരുപക്ഷേ,
അന്ന് കണ്ടും, സംസാരിച്ചും ഒക്കെ പരസ്പരം ഞങ്ങൾ അടുക്കുമായിരിക്കും,
പക്ഷെ,
എന്നാലും എവിടെയോ, ആ ഒരാളും, പിന്നീടൊരിക്കല്പോലും ഒന്ന് കണ്ടോ, മിണ്ടിയോ പരിചയം ഇല്ലാത്ത ഒരാളെപറ്റി ഓർക്കുമ്പോൾ ഒരു ചെറിയ ചിരി മുഖത്ത് ഉണ്ടാവുമല്ലോന്ന് ഓർക്കുമ്പോ..
അതിൽ ഒരു മാജിക് ഇല്ലേ..
ഒരു ഭംഗിയില്ലേ..
ഈ ഒരു ഇത് അന്ന് പരിചയപ്പെട്ടിരുന്നെങ്കിൽ ചിലപ്പോ എനിക്ക് കിട്ടില്ലായിരുന്നു..

ഹാ.. എനിക്കൊന്നും പറയാനില്ലെടോ..

എനിക്കറിയാം.. ഒന്നും പറയണ്ട..

Related posts

Leave a Comment