കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്;സി.ബി.ഐ അന്വേഷണം വേണ്ട , ഭയന്ന് വിറച്ച് പിണറായി സർക്കാർ

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പും കള്ളപ്പണ ഇടപാടും സിബിഐ അന്വേഷിക്കേണ്ടെന്മ്പിണറായി സർക്കാർ സർക്കാർ.കരുവന്നൂർ കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരനായ എം.വി. സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.കേസ് സംസ്ഥാന പോലീസ് അന്വേഷിച്ചാൽ മതിയെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിനെ സംസ്ഥാന സർക്കാർ ഭയപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്.

കരുവന്നൂരിൽ നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലും സംസ്ഥാന സർക്കാരും പോലീസും സഹകരിക്കാനോ രേഖകൾ കൈമാറാനോ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച്‌ ഇ ഡി ഉദ്യോഗസ്ഥർ തന്നെ സർക്കാരിനെ രേഖാമൂലം പരാതി അറിയിച്ചിട്ടുണ്ട്. മലപ്പുറം എആർ ബാങ്കിലെ ക്രമക്കേട് ഇ ഡി അന്വേഷിക്കണമെന്ന മുൻ മന്ത്രി കെ.ടി. ജലീലിന്റെ ആവശ്യത്തെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരിഹസിച്ച്‌ തള്ളിയിരുന്നു.

സഹകരണ ബാങ്കുകളിൽ ഒളിക്കാൻ ചിലതുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ ഹൈക്കോടതിയിൽ നല്കിയ സത്യവാങ്മൂലമെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്. കരുവന്നൂർ കേസിന്റെ വ്യാപ്തി പരിഗണിച്ച്‌ സിബിഐയോ ഇ ഡിയോ അന്വേഷിക്കുന്നതല്ലേ നല്ലതെന്ന് കഴിഞ്ഞ ദിവസം ഇതേ ഹർജി കേൾക്കവേ ഹൈക്കോടതി ചോദിച്ചിരുന്നു. എന്നിട്ടും അതിനെ ശക്തമായി എതിർത്ത് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചതാണ് നിയമവൃത്തങ്ങളെ അമ്പരപ്പിക്കുന്നത്.

കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പ് കേസിലും കള്ളപ്പണ ഇടപാടിലും സർക്കാരിനും സിപിഎം നേതൃത്വത്തിനും മറയ്ക്കാൻ ഏറെയുണ്ടെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നാൽ സിപിഎം നേതാക്കൾ പ്രതിക്കൂട്ടിലാകുമെന്ന് സർക്കാരിന് ഉറപ്പുണ്ട്. നിലവിൽ കേരള പോലീസിലെ ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം സിപിഎമ്മിന്റെയും സർക്കാരിന്റെയും താത്പര്യപ്രകാരമാണെന്നും ഇതിനകം ആക്ഷേപമുയർന്നിട്ടുണ്ട്.

300 കോടിയുടെ തട്ടിപ്പിൽ സിപിഎം നേതൃത്വത്തിലെ പലർക്കും പങ്കുണ്ടെന്നാണ് തട്ടിപ്പിനിരയായവർ തന്നെ ഉയർത്തുന്ന ആരോപണം. ഇപ്പോൾ പ്രതികളാക്കപ്പെട്ടവർ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ യഥാർത്ഥ അവകാശികൾ സിപിഎം നേതൃനിരയിലെ ചിലരാണെന്നും ആരോപണമുയർന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രതികൾ സിപിഎമ്മിന് കോടികൾ നല്കിയിട്ടുണ്ട്. തങ്ങൾ വെറും ആജ്ഞാനുവർത്തികളായിരുന്നുവെന്നും ഭരണസമിതിയും പാർട്ടിയും അറിഞ്ഞാണ് തട്ടിപ്പ് നടന്നതെന്നും അറസ്റ്റിലായ ജീവനക്കാർ മൊഴിയും നല്കിയിട്ടുണ്ട്. എന്നാൽ ഈ കാര്യങ്ങളൊന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നില്ല. വലിയ എതിർപ്പുയർന്നതിനെത്തുടർന്ന് ഭരണസമിതിയിലെ 12 പേരെ പ്രതികളാക്കിയെങ്കിലും അറസ്റ്റ് ചെയ്യുകയോ മറ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്യുന്നില്ല.

പത്ത് വർഷമായി ആസൂത്രിതമായി നടക്കുന്ന തട്ടിപ്പ് ജീവനക്കാരുടെ തലയിൽ കെട്ടിവച്ച്‌ പാർട്ടി നേതാക്കളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നെതെന്നാണ് ആക്ഷേപമുയരുന്നത്. സിബിഐ അന്വേഷണം വന്നാൽ യഥാർത്ഥ പ്രതികൾ പലരും വെളിച്ചത്ത് വരുമെന്ന് സർക്കാരിനറിയാം. അതുകൊണ്ടാണ് എതിർക്കുന്നത്, ഹർജിക്കാരനായ എം.വി. സുരേഷ് പറഞ്ഞു.

Related posts

Leave a Comment