ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പില്‍ കുറ്റക്കാര്‍ പാര്‍ട്ടി നേതൃത്വം തന്നെയാണെന്നും സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നത് പാര്‍ട്ടിയും ഭരണക്കാരും തന്നെയെന്നും കെ.കെ. രമ എം.എല്‍.എ. തട്ടിപ്പില്‍ പാര്‍ട്ടി ജില്ല നേതൃത്വവും പങ്കാളികളാണെന്നും രമ ആരോപിച്ചു.
നിക്ഷേപത്തുക ചികിത്സക്ക് ലഭിക്കാത്തതിനെത്തുടര്‍ന്ന് മരണമടഞ്ഞ മാപ്രാണം സ്വദേശി ഫിലോമിനയുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഫിലോമിനയുടെ ഭര്‍ത്താവ് ദേവസ്സിക്കുട്ടിയില്നിന്നും മകന് ഡിനോയില്നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമായിരുന്നു പ്രതികരണം.
ഫിലോമിനയുടെ കുടുംബത്തിന് നാലര ലക്ഷത്തോളം രൂപ ചികിത്സക്ക് നല്‍കിയിരുന്നെന്ന മന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. മനുഷത്വരഹിതമായാണ് പലരും പ്രതികരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധി വിഷയം ഉയര്‍ന്നുവന്നിട്ട് മാസങ്ങളായി. നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്തെന്ന് വ്യക്തമാക്കണം. പ്രതിസന്ധി പരിഹരിക്കാന്‍ അപെക്സ് ബാങ്ക് എന്ത് ചെയ്തുവെന്നും വിശദീകരിക്കണം.
കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും രമ ആവശ്യപ്പെട്ടു. പ്രതികരിച്ച പാര്‍ട്ടി പ്രവര്ത്തകന് സുജേഷ് കണ്ണാട്ടിനെ പുറത്താക്കുകയാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി.കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍, ആര്.എം.പി ജില്ല സെക്രട്ടറി പി.ജെ. മോന്‍സി, നേതാക്കളായ കെ.ജി. സുരേന്ദ്രന്, അനീഷ് കുന്നംകുളം, ശ്രീജ സലി, ബീന രവി, ഗീത രാജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.