കരുവന്നൂര്‍ തട്ടിപ്പ്ഃ പ്രക്ഷോഭം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്

തൃശൂര്‍ഃ കരുവന്നൂര്‍ സര്‍വീസ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളും ബാങ്ക് ജീവനക്കാരും ഇടനിലക്കാരുമായവരെ സംരക്ഷിക്കാന്‍ സിപിഎം നടത്തുന്ന ഒത്തുകളിയില്‍ ജനവികാരം രൂക്ഷമാകുന്നു. കേസിലെ പ്രധാന പ്രതികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത ശേഷം മൗനം പാലിക്കുന്ന ക്രൈം ബ്രാഞ്ച്, സിപിഎം നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണു നീങ്ങുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തൃശൂരിലെ ഒരു ഫ്ളാറ്റില്‍ നിന്നാണു ബിജു കരീം, ബിജോയി, സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെ കഴിഞ്ഞ 25ന് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇവരെ പിപിഇ കിറ്റ് ധരിപ്പിച്ചു ഫ്ലാറ്റില്‍ നിന്നു പുറത്തേക്കു കൊണ്ടു പോകുന്നതു കണ്ടവരുണ്ട്. എന്നാല്‍ ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റിനെക്കുറിച്ച് ആരായുന്ന മാധ്യമപ്രവര്‍ത്തകരോട് അറസ്റ്റ് നടന്നിട്ടില്ലെന്ന മറുപടിയാണു ക്രൈം ബ്രാഞ്ച് നല്‍കുന്നത്.

പ്രതികളുടെ സാന്നിധ്യത്തില്‍ പണം തിരിമറി കേസ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 125 കോടി രൂപയുടെ തിരിമറിയാണു കണ്ടുപിടിക്കപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷമായി ഈ ബാങ്കില്‍ പണാപഹരണം നടന്നുവരികയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുന്നൂറു കോടി രൂപയെങ്കിലും നഷ്ടപ്പെട്ടു എന്നാണു പ്രാഥമിക നിഗമനം. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും കുറ്റകൃത്യത്തിന്‍റെ കൃത്യമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പ്രതികള്‍ക്ക് ഉന്നതരുമായുള്ള ബന്ധമാണ് ഇതിനു കാരണം.

പാര്‍ട്ടിയോടു കൂറുള്ള ഉദ്യോഗസ്ഥരെ വച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ഇവരെ കുറ്റവിമുക്തരാക്കുന്ന തരത്തില്‍ കുറ്റപത്രം തയാറാക്കുന്നതിനാണ് അറസ്റ്റും മറ്റ് നടപടികളും വൈകിപ്പിക്കുന്നത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബിജു കരീം, സുനില്‍കുമാര്‍ എന്നിവര്‍‌ക്ക് ജില്ലാ കമ്മിറ്റിയിലെ ഉന്നതരുമായി അടുപ്പമുണ്ട്. ബാങ്ക് ഭരണ സമിതി പ്രസിഡന്‍റ് അടക്കമുള്ളവരെ ഈയിടെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റിയിലേക്കു പോലും അന്വേഷണം നീണ്ടില്ല. അങ്ങനെ സംഭവിച്ചാല്‍ കൂടുതല്‍ നേതാക്കള്‍ കുടുങ്ങുമെന്നാണ് ആശങ്ക. അതുകൊണ്ടാണ് കേസ് പരമാവധി വൈകിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആരോപിച്ചു. അറസ്റ്റ് നീണ്ടാല്‍ പ്രത്യക്ഷ സമര പരിപാടികളുമായി പാര്‍ട്ടു മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Related posts

Leave a Comment