കരുവന്നൂര്‍ തട്ടിപ്പ്ഃ പ്രസിഡന്‍റ് അടക്കം നാലുപേരേ സിപിഎം പുറത്താക്കി

തൃശൂര്‍ഃ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ നാല് പേരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇന്നു കൂടിയ ജില്ലാ കമ്മിറ്റിയിലാണു തീരുമാനം. ബിജു കരീം, ജിൽസ്, സുനിൽകുമാർ, ഭരണ സമിതി പ്രസിഡന്‍റ് കെ കെ ദിവാകരൻ എന്നിവരെയാണ് പുറത്താക്കിയത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആർ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം സി കെ ചന്ദ്രനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു.

സിപിഎം ഉന്നതര്‍ക്കു കൂടി പങ്കാളിത്തമുള്ള തട്ടിപ്പില്‍ പ്രാദേശികതലത്തില്‍ മാത്രമാണു നടപടി എടുത്തത്. ജില്ലാ സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും അംഗങ്ങളായവര്‍ വരെ തട്ടിപ്പിനു കൂട്ടുനിന്നിട്ടുണ്ടെന്ന് ആരോപരണമുണ്ട്. പുറത്താക്കപ്പെട്ട ബിജു കരീം, ജില്‍സ്, സുനില്‍ കുമാര്‍ എന്നിവര്‍ ബാങ്ക് ജീവനക്കാര്‍ കൂടിയാണ്. ബിജു കരീം പൊറാത്തിശേരി ഏരിയ കമ്മിറ്റിയിലും സുനില്‍ കുമാര്‍ കരുവന്നൂര്‍ ഏരിയ കമ്മിറ്റിയിലും അംഗമാണ്. ജില്‍സ് ബ്രാഞ്ച് കമ്മിറ്റി അംഗവും.

പുറത്താക്കപ്പെട്ട ബാങ്ക് ജീവനക്കാരും കമ്മിഷന്‍ ഏജന്‍റുമാരും ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലാണ്. രണ്ടു പേരെക്കൂടി പിടികിട്ടാനുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.

Related posts

Leave a Comment