കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍

തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ സംഘത്തില്‍ നടന്ന കോടികളുടെ തട്ടിപ്പിനു പിന്നിലെ പ്രതികളായ ബാങ്ക് ജീവനക്കാര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍. ഇവരെ സംരക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണു പാര്‍ട്ടി. എന്നാല്‍, നൂറു കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്ന ബാങ്കില്‍ ഒരു ഇടപാടുകാരന്‍ ആത്മഹത്യ ചെയ്ത സംഭവം കൂടിയായപ്പോള്‍ പാര്‍ട്ടിയും ബാങ്കും വലിയ പ്രതിസന്ധിയിലുമായി.

നൂറു കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ തട്ടിപ്പ് മുന്നൂറു കോടി രൂപയുടേതാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കമ്മിഷന്‍ വ്യവസ്ഥയിലായിരുന്നു തട്ടിപ്പുകള്‍. ബാങ്ക് ജീവനക്കാരും പുറത്തുള്ള സിപിഎം അനുഭാവികളായ ചില കമ്മിഷന്‍ ഏജന്‍റുമാരും തമ്മിലായിരുന്നു ഇടപാടുകള്‍. ബ്രാഞ്ച് മാനെജര്‍ ബിജു കരീം, സെക്രട്ടറി ടി.ആര്‍. സുനില്‍ കുമാര്‍, ചീഫ് അക്കൗണ്ടന്‍റ് സി.കെ. ജില്‍സ് എന്നിവരാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍. ബിജു പൊറാത്തിശേരി ലോക്കല്‍ കമ്മിറ്റിയിലും സുനില്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയിലും അംഗമാണ്. ഇവരുടെ രാഷ്‌ട്രീയ സ്വാധീനമാണ് തട്ടിപ്പിനു മറയായതെന്നാണു നിഗമനം.

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്‍റേത്. സിപിഐയും ഭരണ സമതിയിലുണ്ട്. രാണ്ടു പാര്‍ട്ടികളിലും പെട്ട പ്രാദേശിക നേതാക്കളുടെ സഹായത്തോടെയാണ് ബാങ്കില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. നിക്ഷേപകരില്‍ നിന്നു വന്‍തുക സ്വകീരച്ച ശേഷം ബോര്‍ഡ് അംഗങ്ങളും അവരുടെ സഹായികളായ ജീവനക്കാരും അവരുടെ ബന്ധുക്കളും ചേര്‍ന്നാണ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്.

ആറു ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എ.കെ. ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്‍റ് സി.കെ. ജില്‍സ്, ഇടനിലക്കാരന്‍ കിരണ്‍, കമ്മിഷന്‍ ഏജന്‍റ് ബിജോയി, ബാങ്ക് നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ റെജി അനില്‍ എനിനിവര്‍ക്കെതിരേയാണു കേസ്. ബിജു, അരുണ്‍, ബിജോയി എന്നവര്‍ മാത്രം 76 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണു കേസ്.

Related posts

Leave a Comment