കാരുണ്യം കൈവിടുന്നു; കഥയറിയാതെ രോഗികള്‍ ; ആശുപത്രികൾ ചൂഷണം ചെയ്യുന്നു; നിസഹായരായ് നിര്‍ധനർ

രേഷ്മ സുരേന്ദ്രൻ

വയോധികയായ അമ്മയുടെ തുടയെല്ലിന്റെ സര്‍ജറിയുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് ഫറോക്ക് സ്വദേശിനി പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തുന്നത്. ‘കാരുണ്യ’യില്‍ എം പാനല്‍ ചെയ്ത ആശുപത്രിയായതിനാല്‍ കാര്യമായ ചെലവ് സര്‍ജറിക്കുണ്ടാവില്ലെന്ന് ബന്ധുവഴി അറിഞ്ഞാണ് ഇവര്‍ എത്തുന്നത്. എന്നാല്‍ സര്‍ജറിയ്ക്ക് പകുതി തുകയേ സർക്കാർ നല്‍കുന്നുള്ളുവെന്നും ബാക്കി മുപ്പതിനായിരത്തിന് മുകളില്‍ വരുന്ന തുക ബന്ധുക്കള്‍ അടയ്ക്കണമെന്നായിരുന്നു ആശുപത്രി അറിയിച്ചതെന്ന് ഇവര്‍ പറയുന്നു. സര്‍ജറി കഴിഞ്ഞതോടെ പണമടയ്ക്കാന്‍ വഴിയില്ലാതെ വന്നതോടെ ആശുപത്രി അധികൃതര്‍ക്ക് മുന്നില്‍ തങ്ങളുടെ നിസഹായാവസ്ഥ പറഞ്ഞ് പൊട്ടികരയുകയും തവണകളായി തുക അടയ്ക്കാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. തുടര്‍ന്ന് മാസം തോറും എത്തി തുക നല്‍കിയാല്‍ മതിയെന്ന് ആശുപത്രിക്കാര്‍ സമ്മതിക്കുകയും പിന്നീട് ഘട്ടങ്ങളായി ഇവര്‍ പണം നല്‍കുകയും ചെയ്തു. ഇത്രയും വലിയ സര്‍ജറിയ്ക്ക് ഇന്‍ഷൂറന്‍സ് ലഭ്യമാകുമെന്നതിന് പുറമെ പണം അടയ്ക്കേണ്ടതില്ലെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ഈ കുടുംബം ഇപ്പോൾ പറയുന്നു. ഇന്‍ഷൂറന്‍സിന് പുറമെ വന്‍ തുക രോഗികളില്‍ നിന്നും ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി, ഫറോക്ക്, പുളിക്കല്‍, ചുങ്കം മേഖലയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നിരന്തരമായി പരാതികള്‍ ഉയരുന്നുണ്ട്. ബില്ല് അടക്കമുള്ള തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ പലരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം പ്രസവത്തിനായി ഫറോക്കിലെ എം പാനല്‍ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയ്ക്ക് ഇന്‍ഷൂറന്‍സ് കാര്‍ഡ് വഴി 7000 രൂപ മാത്രമേ സര്‍ക്കാര്‍ പാസാക്കൂവെന്നും പത്തായിരത്തിലധികം തുക ആശുപത്രിയില്‍ അടയ്ക്കണമെന്നുമാണ് അധികൃതര്‍ പറഞ്ഞതെന്ന് ഇവരുടെ ഭര്‍ത്താവ് സാക്ഷ്യപ്പെടുത്തുന്നു. സ്വകാര്യ ആശുപത്രികളുടെ പാക്കേജ് അനുസരിച്ചുള്ള തുകയാണ് ഇതെന്ന് ഇവര്‍ രോഗിയുടെ ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കാര്‍ഡ് രജിസ്റ്റര്‍ ചെയതിന്റെ യാതൊരു വിവരവും ഇവരുടെ ഫോണിലേക്ക് ലഭ്യമാകാത്തതിനാല്‍ സര്‍ക്കാര്‍ അനുവദിച്ച തുകയെ കുറിച്ച് ആശുപത്രി അധികൃതര്‍ നല്‍കുന്ന അറിവേ തങ്ങള്‍ക്കുള്ളൂ എന്നും ഇവര്‍ പറയുന്നു. തട്ടിപ്പ് ചോദ്യം ചെയ്ത് ചില രോഗികളുടെ ബന്ധുക്കൾ എത്തുമ്പോൾ, ആശുപത്രി മുറി വാടകയും മറ്റുമാണ് അധികമായി ഈടാക്കിയെന്ന ന്യായീകരണമാണ് ഇന്‍ഷൂറന്‍സ് വിഭാഗത്തിലെ ജീവനക്കാര്‍ നിരത്താറുള്ളത് !
പ്രസവം, ഓര്‍ത്തോ വിഭാഗങ്ങളെ ആശ്രയിക്കുന്ന നിര്‍ധനരായ രോഗികളാണ് പലപ്പോഴും വഞ്ചനയ്ക്ക് ഇരയാകുന്നത്. ഫറോക്കില്‍ നിന്നും മെഡിക്കല്‍ കോളേജ് വരെ ചികിത്സയ്ക്ക് എത്തുന്നതിലെ ബുദ്ധിമുട്ട് ഓര്‍ത്താണ് മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് നല്‍കിയിട്ടും വീണ്ടും പണം വേണമെന്ന ആശുപത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് കടമെടുത്ത് പ്രസവത്തിന് ബില്‍ അടയ്ക്കുകയായിരുന്നുവെന്ന് പരുത്തിപ്പാറ സ്വദേശി നഫീസ പറയുന്നു. ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കിയാല്‍ കുറച്ച് പണമെങ്കിലും കുറഞ്ഞു കിട്ടും എന്ന ധാരണയാണ് തങ്ങളെ പോലുള്ളവര്‍ക്കെന്നും ഇവര്‍ പറയുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിൽ വ്യാപകമായി ഇത്തരം തട്ടിപ്പും ചൂഷണവും സ്വകാര്യ ആശുപത്രികൾ നടത്തി വരികയാണ്.

കാര്‍ഡിലും കള്ളക്കളി

കോഴിക്കോട് കക്കോടി സ്വദേശിനിയായ യുവതി കോവിഡ് കാലമായതിനാല്‍ തന്റെ ആദ്യ പ്രസവത്തിനായി മലാപറമ്പിലെ സ്വകാര്യ ആശുപത്രിയെയാണ് സമീപിച്ചത്. ഇന്‍ഷൂറന്‍സ് കാര്‍ഡ് എം പാനല്‍ ചെയ്ത ആശുപത്രിയായതിനാല്‍ പ്രസവത്തിന് അഡ്മിറ്റായ സമയത്ത് തന്നെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് കൗണ്ടറില്‍ ഏല്‍പ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ അവരെ ചികിത്സിക്കുന്ന വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് കാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. ആശുപത്രികള്‍ സ്വീകരിക്കേണ്ട കാര്‍ഡുമായി ഗൈനകോളജിസ്റ്റുകളുമായി ബന്ധമെന്ന സംശയം അവര്‍ ഉയര്‍ത്തിയെങ്കിലും ചില ഡോക്ടര്‍മാരുടെ കേസില്‍ മാത്രമേ കാര്‍ഡ് അംഗീകരിക്കാന്‍ കഴിയൂവെന്നാണ് ഇന്‍ഷൂറന്‍സ് വിഭാഗത്തിലെ ജീവനക്കാർ നിലപാടെടുത്തതെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്ന് തന്നെ ചികിത്സിയ്ക്കുന്ന ഡോക്ടറോട് ഈ കാര്യം നേരിട്ട് ചോദിച്ചപ്പോഴും തന്റെ കേസുകളില്‍ ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍ സ്വീകരിക്കപ്പെടില്ലെന്നാണ് ഉത്തരവാദിത്വപ്പെട്ട ഡോക്ടറും നിലപാടെടുത്തതെന്ന്
മാധ്യമ പ്രവര്‍ത്തക കൂടിയായ യുവതി പറയുന്നു. അതേ ആശുപത്രിയില്‍ മറ്റൊരു കേസില്‍ അഡ്മിറ്റായ രോഗിയുടെ ബന്ധുക്കള്‍ കാര്‍ഡ് സമർപ്പിച്ചിട്ടും, റൂമുകള്‍ക്ക് വീണ്ടും പണമടയ്ക്കണമെന്നും അത് കാര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്നുമാണ് അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശമെന്ന് അവര്‍ ഓര്‍ക്കുന്നു. തനിക്ക് നേരിട്ട അനുഭവത്തില്‍ നിന്നും ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇന്‍ഷൂറസ് കാര്‍ഡിന്റെ മാനദണ്ഡങ്ങളെ കുറിച്ച് ശരിയായ വിവരം ലഭ്യമാകാത്തതിനാല്‍ പണമടയ്ക്കുകയായിരുന്നുവെന്നും അവര്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമാക്കി.ഇതേ ആശുപത്രിയില്‍ സമാനമായ വേറെയും അനുഭവമുണ്ടായെന്നാണ് കാര്‍ഡ് നിരസിക്കപ്പെട്ട പല കുടുംബങ്ങള്‍ക്കും സാക്ഷ്യപ്പെടുത്താനുള്ളത്.

Related posts

Leave a Comment