കാരുണ്യം കൈവിടുന്നു; കഥയറിയാതെ രോഗികള്‍ ; കാരുണ്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ വ്യാപക ക്രമക്കേട് ;

എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികള്‍ സൗജന്യ ചികിത്സ നല്‍കുന്നില്ലെന്ന് പരാതി

രേഷ്മ സുരേന്ദ്രന്‍

കോഴിക്കോട്: അശരണരായ ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്രയമാവേണ്ട കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യുടെ മറവില്‍ വന്‍ ക്രമക്കേട്. പദ്ധതിയില്‍ ഉള്‍പ്പെട്ട രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്ക് പണം ഈടാക്കുന്നതായാണ് പ്രധാന പരാതി. കാസ്പ് കാര്‍ഡില്‍ ഉള്‍പ്പെട്ടെ രോഗിയ്ക്ക് പദ്ധതിയില്‍ എംപാനല്‍ ചെയ്ത ആശുപത്രിയില്‍ ചികിത്സ പൂര്‍ണ്ണമായും സൗജന്യമാണെന്നിരിക്കെ പകുതി ഇന്‍ഷൂറന്‍സ് തുക മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചില സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും പണം ഈടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ പാക്കേജ് തുകയ്ക്ക് പുറമെ ഒരു ഫീസും രോഗിയില്‍ നിന്നും ഈടാക്കാന്‍ പാടില്ലെന്ന കര്‍ശന നിബന്ധനകളെ മറികടന്നാണ് രോഗികളില്‍ നിന്നും ചില സ്വകാര്യ ആശുപത്രികള്‍ തുക കൈപറ്റുന്നത്. കോഴിക്കോടു നിന്നുള്‍പ്പെടെ ഇതു സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നു. അധികമായി അടയ്ക്കുന്ന ഈ തുകയ്ക്ക് ബില്ലു പോലും നല്‍കാത്തതിനാല്‍ ആശുപത്രികള്‍ക്കെതിരെ പരാതിപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് രോഗികളുടെ ബന്ധുക്കള്‍. കാസ്പ് കാര്‍ഡ് ആശുപത്രിയില്‍ മുന്‍കൂട്ടി നല്‍കി രജിസ്റ്റര്‍ ചെയ്യുന്ന ഗര്‍ഭിണിയ്ക്ക് പ്രസവത്തിന് 12000 രൂപ വരെ സര്‍ക്കാര്‍ പാസാക്കുമ്പോഴും 13000 വീണ്ടും അടയ്ക്കണമെന്നാണ് നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. സെമി ക്ലെയിം സംവിധാനമാണ് ഇന്‍ഷൂറന്‍സില്‍ ആശുപത്രിയിലുള്ളതെന്നും അതിനാല്‍ സര്‍ക്കാര്‍ നല്‍കുന്നതിന് പുറമെ രോഗി വീണ്ടും തുക അടയ്ക്കണമെന്ന മറുപടിയാണ് ‘വീക്ഷണം’ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. കാര്‍ഡ് കൈവശമുള്ള രോഗി പദ്ധതിയില്‍ എം പാനല്‍ ചെയ്ത ആശുപത്രിയിലാണ് കിടത്തി ചികിത്സക്ക് വിധേയനാകുന്നതെങ്കില്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്താല്‍ ചികിത്സ സൗജന്യമായിരിക്കുമെന്ന് കോഴിക്കോട് ടി പി എ കോര്‍ഡിനേറ്റര്‍ വ്യക്തമാക്കുന്നു. വൃക്ക ,ഹൃദയം മാറ്റിവെയ്ക്കല്‍, കാന്‍സര്‍ ചികിത്സകൾക്ക് പുറമെ ഏത് രോഗത്തിനും സര്‍ക്കാര്‍ നല്‍കുന്ന ഇന്‍ഷൂറന്‍സ് തുകയില്‍ ആശുപത്രി ചികിത്സ നല്‍കണമെന്നാണ് നിയമം. കൂടുതല്‍ തുക ഈടാക്കിയാല്‍ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി നല്‍കാമെന്നും കോ ഓര്‍ഡിനേറ്റര്‍ പറയുന്നു. എന്നാല്‍ നാമമാത്രമായ സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് ഇത്തരത്തില്‍ പൂര്‍ണമായും സൗജന്യ ചികിത്സ നല്‍കുന്നുള്ളൂ. കോഴിക്കോട് എം പാനല്‍ ചെയ്ത പല ആശുപത്രികളും പൊതുജനങ്ങളെ കബിളിപ്പിച്ച് പണം തട്ടുന്നുണ്ട്. ഇന്‍ഷൂറന്‍സ് കമ്പിനിയുടെ ഇടനിലക്കാരും ആശുപത്രികളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലുള്ളതെന്ന് മേഖലയിലുള്ളവര്‍ പറയുന്നു. ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (എബിപിഎംജെഎവൈ)യുമായി കൈകോര്‍ത്ത് 2018 ല്‍ രൂപകല്‍പ്പന ചെയ്ത പദ്ധതി 2020ജൂലൈ ഒന്ന് മുതല്‍ സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സംസ്ഥാന ആരോഗ്യ ഏജന്‍സി (എസ്എച്ച്എ) വഴിയാണ് നേരിട്ട് നടപ്പാക്കുന്നത്. പ്രൈവറ്റ് എംപാനല്‍ ആശുപത്രികളുടെ ക്ലെയിമുകള്‍ ഒരു ടിപിഎ /ഐഎസ്എ ഏജന്‍സിക്കാണ് നല്‍കുന്നത്. ടെന്‍ഡര്‍ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത ടിപിഎ ഹെല്‍ത്ത്ഇന്ത്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാണ്.

Related posts

Leave a Comment