ബൈജൂസ് വാങ്ങി ‘ആപ്പിലായി’: കൂടുതൽ പരാതികൾ ഉയരുന്നു; വിഷയം ലോക്സഭയിൽ ഉന്നയിച്ച് കാർത്തി ചിദംബരം എംപി

കൊവിഡ് മഹാമാരിയെ തുടർന്ന് ലോകത്തെ സേവന-വിപണന മേഖലകളുടെ നട്ടെല്ല് ഒടിച്ചപ്പോൾ പോറൽ ഏൽക്കാതെ നിന്നത് ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകളായിരുന്നു. ഇതിൽതന്നെ മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് ആപ്പായിരുന്നു വൻ നേട്ടമുണ്ടാക്കിയത്. കുറഞ്ഞ കാലയളവിൽ 60 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയാണ് ബൈജൂസ് ആപ്പ് സ്വദേശത്തും വിദേശത്തും സ്വന്തമാക്കിയത്. എന്നാൽ, ബൈജൂസ് ആപ്പിനെതിരേ നിരവധി പരാതികളാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. രക്ഷിതാക്കളും മുൻ ജീവനക്കാരുമാണ് ബൈജൂസ് ആപ്പിന്റെ തരികിടകൾ അക്കമിട്ട് നിരത്തുന്നത്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചു കാർത്തി ചിദംബരം എം പി രംഗത്തുവന്നിരിക്കുന്നത്.

ഒരാൾ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെങ്കിൽ, ധാരാളം അനുമതികൾ ആവശ്യമാണ്. പാഠ്യപദ്ധതി പരിശോധിക്കേണ്ടതുണ്ട്, ഉദ്യോഗസ്ഥർക്ക് ഒരു നിശ്ചിത കാലിബർ ഉണ്ടായിരിക്കണം.എന്നാൽ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ കമ്പനികളുടെ സ്ഥിതി എന്താണ്. അവയിൽ ചിലത് ഇന്ത്യയുടെ മുഴുവൻ വിദ്യാഭ്യാസ ബജറ്റിനേക്കാളും വിലമതിക്കുന്നു. ഈ കമ്പനികൾ ആരും പരിശോധിക്കാത്ത ഓൺലൈൻ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു, അദ്ദേഹം ആരോപിച്ചു. ഇവർ പഠിപ്പിക്കുന്ന കോഴ്സുകളുടെ ഉള്ളടക്കമോ ഗുണനിലവാരമോ കാലിബറോ പ്ലാറ്റ്ഫോമുകളിലെ ട്യൂട്ടർമാരുടെ യോഗ്യതയോ ആർക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.അത്തരം പ്ലാറ്റ്ഫോമുകൾ കവർച്ച സംഘങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നത്. അവയിൽ ബൈജൂസ്, വൈറ്റ് ഹാറ്റ് ജൂനിയർ(പിന്നീട് ബൈജൂസ് സ്വന്തമാക്കി) പോലുള്ള ഓൺലൈൻ വിദ്യാഭ്യാസം സ്ഥാപനങ്ങൾ മാതാപിതാക്കളെ കൊള്ളയടിക്കുന്ന രീതിയാണ് വച്ചുപുലർത്തുന്നത്.

ഓൺലൈൻ വിദ്യാഭ്യാസ കമ്പനികളെ നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ കൊണ്ടുവരണമെന്നും അദ്ദേഹം ലോക്സഭയിൽ ആവശ്യപ്പെട്ടു. കമ്പനികൾക്കെതിരെ സംസാരിച്ച മാതാപിതാക്കളെ വേട്ടയാടുകയാണ്. ഇത്തരം കമ്പനി ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്പോൺസർ വരെ ചെയ്യുന്നു. ഈ കമ്പനിയുടെ മൂല്യം 21 ബില്യൺ ഡോളറാണ്. നമ്മുടെ മുഴുവൻ ഇന്ത്യൻ വിദ്യാഭ്യാസ ബജറ്റിനും അത്രയധികം വിലയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കമ്പനികളുടെ പാഠ്യപദ്ധതി പരിശോധിക്കണം. അവരുടെ അധ്യാപന സ്റ്റാഫിന്റെ കഴിവ്, അവരുടെ മാർക്കറ്റിംഗ് ക്ലെയിമുകൾ ശരിയാണോ എന്നിവ നിരീക്ഷണത്തിന്റെ ഭാഗമാക്കണം എന്നും അദ്ദേഹം ലോക്സഭയിൽ ആവശ്യപ്പെട്ടു.

Related posts

Leave a Comment