ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനമായ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.
ജനുവരി 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും സര്‍ക്കാര്‍ മാറ്റിവച്ചു. പൂര്‍ണ്ണമായും വാക്സിന് എടുത്തവരെ മാത്രമേ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും ഷോപ്പിംഗ് മാളുകളിലും പ്രവേശിപ്പിക്കൂ. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന ആളുകളുടെ എണ്ണത്തില്‍ (പരമാവധി 500) മാറ്റമില്ല.
അതിനിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ച വിദേശി രാജ്യം വിട്ടതില്‍ കര്‍ണാടക അന്വേഷണം പ്രഖ്യാപിച്ചു. വിദേശിയുടെ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും റവന്യൂമന്ത്രി ആര്. അശോക പറഞ്ഞു. അന്വേഷണം ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ നിരീക്ഷിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയശേഷം വിലാസം ലഭ്യമല്ലാത്ത യാത്രക്കാരെക്കുറിച്ച് അന്വേഷിക്കുമെന്നും അവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലില്‍ താമസിച്ച വിദേശി അവിടെ ചില യോഗങ്ങളില്‍ പങ്കെടുത്തിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിന് ശേഷം ദുബായിലേക്ക് പോയി. രണ്ട് കോവിഡ് പരിശോധന റിപ്പോര്‍ട്ടുകളാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ഒന്ന് പോസിറ്റീവും ഒന്ന് നെഗറ്റീവും. ഇത് സംശയം ഉളവാക്കുന്നതാണ്. ലാബ് കേന്ദ്രീകരിച്ച അന്വേഷണം ഉണ്ടാകുമെന്നും ആര്.അശോക പറഞ്ഞു.
ഒമിക്രോണ്‍ ; കര്‍ണാടക നിയന്ത്രണം കടുപ്പിച്ചു രോഗം സ്ഥിരീകരിച്ചയാള്‍ രാജ്യം വിട്ടതില്‍ അന്വേഷണം
