കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ; കൊടി സുനിയുടെ ഫോണ്‍ വിളികളില്‍ അന്വേഷണം ആരംഭിച്ചു

തൃശ്ശൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ ഫോണ്‍വിളികളുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. കസ്റ്റംസാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്. ജയില്‍ അധികൃതരില്‍ നിന്നും കസ്റ്റംസ് കൊടി സുനിയുടെ ഫോണ്‍ വിശദാംശങ്ങള്‍ തേടി.

നിലവില്‍ വിയ്യൂര്‍ ജയിലിലാണ് കൊടി സുനിയുള്ളത്. അടുത്തിടെ ഇയാളുടെ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണും കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോണിന്റെയും, ഉപയോഗിച്ച സിം കാര്‍ഡിന്റെയും നമ്ബര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളാണ് അന്വേഷണ സംഘം ജയില്‍ അധികൃതരോട് ആരാഞ്ഞിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രധാനപ്രതി അര്‍ജുന്‍ ആയങ്കിയാണ് കൊടി സുനി, ടിപി വധക്കേസിലെ മറ്റൊരു പ്രതിയായ ഷാഫി എന്നിവര്‍ക്കെതിരെ കസ്റ്റംസിന് മൊഴി നല്‍കിയത്. ഇതേ തുടര്‍ന്ന് ഇവരുടെ വീടുകളില്‍ പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കൊടി സുനി ഇടപെട്ടുവെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇതില്‍ വിശദമായ അന്വേഷണം നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് കൊടി സുനിയുടെ സെല്ലില്‍ നടത്തിയ പരിശോധനയില്‍ ഫോണും കഞ്ചാവും പിടിച്ചെടുത്തത്. തുടര്‍ന്ന് സുനിയെ വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു.

Related posts

Leave a Comment