കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ കേസ് : മാഫിയാ തലവന്‍ പെരുച്ചാഴി ആപ്പു അടക്കം മൂന്ന് പേര്‍ പോലീസ് പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ കേസില്‍ മാഫിയാ തലവന്‍ പെരുച്ചാഴി ആപ്പു അടക്കം മൂന്ന് പേര്‍ പിടിയില്‍. കൊടുവള്ളി സംഘത്തില്‍പ്പെട്ട മുഖ്യപ്രതി കിഴക്കോത്ത് കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കല്‍ മുഹമ്മദ് (40) ,സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്‌സ് ഗ്രൂപ്പ് തലവന്‍ സൂഫിയാന്റെ സഹോദരന്‍ കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണി പോയില്‍ ജസീര്‍ (31 ) ,ഇവര്‍ക്ക് ഒളിവില്‍ കഴിയാനും ഡല്‍ഹിയിലെ രഹസ്യ സങ്കേതത്തിലേക്ക് രക്ഷപ്പെടുത്തി കൊണ്ടുപോകാനും ശ്രമിച്ച കൊടുവള്ളി കിഴക്കോത്ത് അബ്ദുല്‍ സലീം (45 )എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് .പ്രതികള്‍ ഗോവയിലേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘം അവിടെ എത്തുകയും തുടര്‍ന്ന് കര്‍ണാടകയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കര്‍ണാടക പോലീസിന്റെ സഹായത്തോടെ ബല്‍ഗാമില്‍ നിന്നും പിടികൂടുകയുമായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആപ്പുവിനും സംഘത്തിനും എതിരെ കൊലപാതക ശ്രമം വഞ്ചന കേസുകള്‍ നിലവിലുണ്ട് .കൊല്ലം ജില്ലയിലെ കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ സാമ്പത്തിക ഇടപാടില്‍ വസ്തു എഴുതി വാങ്ങി വാങ്ങി ലോണെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ച കേസും കൊടുവള്ളി സ്റ്റേഷനില്‍ സ്വര്‍ണക്കടത്തും ഹവാല ഇടപാടുകളുമായി ഒന്നിലധികം വധശ്രമ കേസുകളും നിലവിലുണ്ട്. ഈ കേസില്‍ തന്നെ അറസ്റ്റിലായ കുപ്രസിദ്ധ കൊട്ടേഷന്‍ സംഘങ്ങളായ ശിഹാബ് ജസീര്‍ ,നസീബ് എന്നിവരോടൊത്ത് ഇവരുടെ സംഘത്തെ ഒറ്റിക്കൊടുത്ത എന്നാരോപിച്ചു യുവാവിനെ വധിക്കാന്‍ ശ്രമിക്കുകയും മര്‍ദ്ദനത്തിന് ഇരയായ യുവാവ് വഴിയില്‍ ഉപേക്ഷിക്കുകയും അന്ന് രാത്രി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച കേസും ഇതില്‍പ്പെടും. വയനാട്ടില്‍ വച്ച് ഇയാളുടെ സംഘത്തില്‍നിന്ന് മൂന്നുകോടി രൂപയും തോക്കും പിടികൂടിയതിന് ബത്തേരി സ്റ്റേഷനില്‍ കേസുണ്ട്. ജൂലായ് 21ന് ഈ സംഘം കരിപ്പൂരില്‍ എത്തിയത് വ്യാജ നമ്പര്‍ ഘടിപ്പിച്ച വാഹനത്തിലായിരുന്നു. അര്‍ജ്ജുന്‍ ആയങ്കിയും സംഘവും വന്ന വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഇവരുടെ സംഘമായിരുന്നു. ആയുധങ്ങളും വാഹനവും കണ്ടെത്തുന്നതിന് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഒരേസമയം സ്വര്‍ണ്ണക്കടത്തുകാരന്‍ ആയും സ്വര്‍ണ്ണകവര്‍ച്ച കാരന്‍ ആയും ഹവാല പണം ഇടപാടുകാരന്‍ ആയും അത് കവര്‍ ചെയ്യുന്നവനായും പോലീസിന് തലവേദനയായിരുന്ന പ്രതിയാണ് ആപ്പു.ഇയാള്‍ക്കെതിരെയും മറ്റു ക്രിമിനലുകള്‍ക്കെതിരേയും കാപ്പ അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പോലീസ് തീരുമാനം .

തട്ടികൊണ്ടു പോകുന്നവരെ മര്‍ദ്ദിക്കാന്‍ പ്രതികള്‍ക്ക് പ്രത്യേക സങ്കേതം

സ്വര്‍ണ കടത്തു ക്യാരിയര്‍മാരെ തട്ടികൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുന്നതിന് കൊടുവള്ളിയിലും ബാംഗ്ലൂരിലും വയനാട്ടിലെ ചില റിസോര്‍ട്ടുകളിലും ഇവര്‍ക്ക് സങ്കേതങ്ങള്‍ ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് . ജൂണ്‍ 21ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും തട്ടികൊണ്ടു പോയ മൊയ്തീന്‍കുട്ടിയെ ഇത്തരത്തില്‍ കൊടുവള്ളിയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന സമയത്താണ് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് പ്രതികള്‍ അറിയുന്നത്. തുടര്‍ന്ന് അയാളെയും കൊണ്ട് മഞ്ചേരിയില്‍ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ആപ്പുവിന്റെ വീടിനു ചുറ്റും സി സി ടി വി ക്യാമറകളടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വീട്ടില്‍ പോലീസ് എത്തിയാല്‍ ഒളി സങ്കേതത്തില്‍ ഇരുന്ന് മൊബൈലില്‍ പോലീസിന്റെ നീക്കങ്ങള്‍ കാണുന്ന രീതിയില്‍ ആണ് ആണ് സിസിടിവി സജ്ജീകരിച്ചിട്ടുള്ളത്. ഇയാളെ അന്വേഷിച്ച് വീട്ടില്‍ എത്തിയ കാരണത്താല്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ് .ഒളിവില്‍ കഴിയുമ്പോള്‍ ഇവര്‍ ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ആഡംബര വാഹനങ്ങളില്‍ സഞ്ചരിച്ചു പോലീസിനെ വെല്ലുവിളിച്ചു കഴിയുകയായിരുന്നു .വിലകൂടിയ ഐ ഫോണുകളാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത് . നിരവധി സിംകാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട് .വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം 38 ആയി.കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.

Related posts

Leave a Comment