കാര്‍ഗില്‍ സ്മരണയില്‍ രാജ്യത്തിനിന്ന് അമൃതോത്സവം

ന്യൂഡല്‍ഹിഃ കാര്‍ഗില്‍ യുദ്ധ വിജയത്തിന്‍റെ ഇരുപത്തിരണ്ടാം വാര്‍ഷിക ദിനത്തില്‍ രാജ്യം വീരസൈനികരുടെ ജീവത്യാഗത്തിനു മുന്നില്‍ കൂപ്പുകൈ ഉയര്‍ത്തുന്നു. സൈനിക വീര്യത്തിനു അമരത്വം നല്‍കാന്‍ അമൃത മഹോത്സവം ആചരിക്കുകയാണ് ഇന്നത്തെ ദിവസം രാജ്യമെങ്ങും. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് രാവിലെ തോലോലിംഗിലെ സൈനിക സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് സല്യൂട്ട് നല്‍കി. ഇന്ത്യ ഗേറ്റിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി‌ ആദരാഞ്ജലി അര്‍പ്പിച്ചു. രാജ്യത്തെമ്പാടും വീരചരമം പ്രാപിച്ച 559 സൈനികരുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് 559 ദീപം തെളിയിച്ചു.

ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ഓർമ്മപ്പെടുത്തുന്ന കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്. 1999 മേയ് മുതൽ ജൂലൈ വരെ നടന്ന യുദ്ധത്തിലാണ് ഇന്ത്യ പാക്സ്ഥാനു മേൽ വിജയം നേടിയത്. ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ കരസേനയും ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്ന പേരിൽ വ്യോമസേനയും അണിനിരന്ന പോരാട്ടത്തിനൊടുവിൽ, ജൂലൈ 26നു കാർഗിലിൽ മലനിരകളിൽ ഇന്ത്യൻ ത്രിവർണ പതാക പാറി. ഇന്ത്യൻ വിജയത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ഓർമയിലാണ് ജൂലായ് 26-‘കാർഗിൽ വിജയദിവസ’മായി രാജ്യം ആചരിക്കുന്നത്.

1999 മേയിലാണ് യുദ്ധം തുടങ്ങിയത്. ജനറൽ പർവേസ് മുഷറഫായിരുന്നു പാക് സേനാനായകൻ. പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റമാണ് യുദ്ധത്തിലേക്ക് നയിച്ചത്. സമുദ്രനിരപ്പിൽനിന്ന് 16000 മുതൽ 18000 വരെ അടി ഉയരത്തിലുള്ള കാർഗിൽ മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ചു.

പ്രദേശവാസികളായ ആട്ടിടയരിൽനിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ വിജയ്’ ആരംഭിച്ചത്. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു.

മഞ്ഞുമലകൾക്കിടയിൽ ചോര മരവിക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയതിന്റെ ഓർമ പുതുക്കുകയാണ് ഓരോ ജൂലൈ 26നും. പാകിസ്താനില്‍ നിന്നും എത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യ വിജയം പിടിച്ചെടുത്ത കാർഗിൽ വിജയ ദിവസ്. ഓരോ കാർഗിൽ വിജയ ദിനത്തിലും രാജ്യം സൈനികർക്ക് ആദരം അർപ്പിക്കുന്നു.

മഞ്ഞുമലകൾക്കിടയിൽ ത്രിവർണ പതാക പാറിയപ്പോഴേക്കും 527 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മറുവശത്ത് പട്ടാളക്കാരും നുഴഞ്ഞുകയറ്റക്കാരുമടക്കം 3000 പേർ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധമുഖമാണ് കാര്‍ഗില്‍ . ശത്രുക്കളോട് മാത്രമല്ല പ്രതികൂല കാലാവസ്ഥയോടും മല്ലടിച്ചാണ് ഇന്ത്യന്‍ സൈനികര്‍ പാകിസ്താന്‍ കൈയ്യേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെ പിടിച്ചത്.

കാണാതായ തന്റെ ആടിനെ തേടിയിറങ്ങിയ താഷി നംഗ്യാൾ എന്ന ആട്ടിടയനാണ് കൂട്ടത്തോടെ അതിർത്തി കടന്നെത്തുന്ന പാക് പട്ടാളത്തെ ആദ്യം കണ്ടത്. സൈന്യത്തിന് ലഭിച്ച ആദ്യ ജാഗ്രതാ നിർദ്ദേശമായിരുന്നു അത്. ദ്രാസ് മേഖലയിൽ‌ വിഘടനവാദികൾ നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അതിർത്തിയിൽ പലഭാഗത്തും പാക് സൈന്യം നിയന്ത്രണരേഖ പിന്നിട്ടിരുന്നു. അതിശൈത്യത്തെ തുടർന്ന് പലഭാഗത്തുനിന്നും സൈനികരെ പിൻവലിച്ച തക്കം നോക്കിയായിരുന്നു പാക് പട്ടാളം അതിർത്തി കടന്നത്.

നിയന്ത്രണരേഖ പിന്നിട്ട് കിലോമീറ്ററോളം കടന്ന് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞു കയറി. ഇവരെ തുരത്താൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു. 72 ദിവസത്തോളമാണ് സൈനികർ യുദ്ധത്തിൽ പോരാടിയത്. 1999 മെയ് മുതൽ ജൂലൈ വരെ കാര്‍ഗിലിലും നിയന്ത്രണ രേഖയിലുമായി കനത്ത പോരാട്ടം നടന്നു.

കര, നാവിക, വ്യോമ സേനകൾ യുദ്ധത്തിൽ പങ്കാളികളായി. വ്യോമസേനയുടെ സഫേദ് സാഗര്‍ എന്ന ഓപ്പറേഷൻ കാര്‍ഗിൽ യുദ്ധത്തില്‍ നിര്‍ണായകമായി. 32,000 അടി ഉയരത്തില്‍ നിന്നും പാക്കിസ്താന്‍ പട്ടാളക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും കൃത്യമായി തിരിച്ചറിയാൻ സാധിച്ചു.

1999 ജൂലൈ 14 ന് ഇന്ത്യ പാക്കിസ്താന്റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായി.

Related posts

Leave a Comment