ഫസൽ വധക്കേസിലെ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച കാരായി രാജനും ചന്ദ്രശേഖരനും തലശ്ശേരിയിലേക്ക് മടങ്ങുന്നു ; പ്രതികൾക്ക് സ്റ്റേജ് കെട്ടി സ്വീകരണമൊരുക്കാനൊരുങ്ങി സിപിഎം

ഫസൽ വധക്കേസിലെ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച സിപിഐഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും തലശ്ശേരിയിലേക്ക് മടങ്ങുന്നു. വെള്ളിയാഴ്ച്ച സ്വന്തം നാട്ടിലെത്തുന്ന ഇരുവർക്കും പാർട്ടി സ്വീകരണം നൽകും. കേസിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും ജാമ്യ വ്യവസ്ഥയിലെ ഉപാധിപ്രകാരം ഇരുവർക്കും എറണാകുളം ജില്ല വിട്ടുപോകാൻ അനുമതിയുണ്ടായിരുന്നില്ല. ഇതിൽ ഇളവ് അനുവദിച്ചതോടെയാണ് ഇവർ തലശ്ശേരിയിലേക്ക് മടങ്ങുന്നത്. കാരായി രാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റംഗവും കാരായി ചന്ദ്രശേഖരൻ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗമാണ്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് തലശ്ശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സിപിഐഎം തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകുന്നത്. ഫസൽ വധക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് 2012 മെയ് 22 നാണ് കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും സിബിഐ എറണാകുളം മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയത്. ഒന്നര വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം 2013 നവംബർ എട്ടിനാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. എന്നാൽ എറണാകുളം ജില്ല വിട്ടു പോകരുതെന്ന നിബന്ധനയെ തുടർന്ന് ഇരുവരും ഇരുമ്പനത്തായിരുന്നു താമസം. എൻഡിഎഫ് പ്രവർത്തകനും തേജസ് പത്രവിതരണക്കാരനുമായ ഫസൽ 2006 ഒക്ടോബർ 22ന് തലശ്ശേരി സെയ്ദാർ പള്ളിക്കു സമീപമുള്ള ജെ ടി റോഡിലെ ക്വാർട്ടേഴ്‌സിന് മുന്നിൽ വെച്ച് കൊല്ലപ്പെട്ടത്. സിപിഐഎം അംഗമായിരുന്ന ഫസൽ എൻഡിഎഫിൽ ചേർന്നതിലുള്ള വിരോധം കാരണം സിപിഐഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐ കണ്ടെത്തിയിരുന്നത്. കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവർ ഉൾപ്പെടെ എട്ട് സിപിഐഎം പ്രവർത്തകർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നത് .2021 ജൂലൈയിൽ ഹൈക്കോടതി കേസിൽ തുടരന്വേഷണത്തിന് ഉത്തരവിടുകയും ഇരുവർക്കും കണ്ണൂരിൽ നിബന്ധനകൾ പ്രകാരം താമസിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഈ മാസം മുതലാണ് ഇവർക്ക് സ്വന്തം നാട്ടിൽ താമസിക്കാൻ കോടതി അനുമതി നൽകിയത്.

Related posts

Leave a Comment