കാനൂർ ഹെലികോപ്റ്റർ അപകടം ; 26 നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി ; വരുൺ സിങ്ങിന് വരും മണിക്കൂറുകൾ നിർണായകം

ഊട്ടി: ബിബിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള സൈന്യത്തിന്റെയും തമിഴ്നാട് പൊലീസിന്റെയും അന്വേഷണം തുടരുകയാണ്.തുടർച്ചയായ രണ്ടാം ദിവസവും വ്യോമസേനാ മേധാവി എയർമാർഷൽ മാനവേന്ദ്ര സിങ് അപകട സ്ഥലത്തെത്തി തെളിവെടുത്തു.തമിഴ്നാട് ഡി.ജി.പി. സി.ശൈലന്ദ്ര ബാബു കൂനൂരിൽ ക്യാംപ് ചെയ്താണു പൊലീസ് അന്വേഷണം ഏകോപിപ്പിക്കുന്നത്. എ.ഡി.എസ്.പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനം നടത്തിയ 26 നാട്ടുകാരുടെ മൊഴി ഇതിനകം രേഖപ്പെടുത്തി. ഇവരെ ഡി.ജി.പി. നേരിട്ടെത്തി അഭിനന്ദിച്ചു.

ഈ ദൃശ്യങ്ങൾ പകർത്തിയ വിനോദ സഞ്ചാരികളെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങി. ഹെലികോപ്റ്ററിനെ അവസാന സെക്കൻഡുകളിൽ കണ്ടവരെന്ന നിലയ്ക്ക് ഇവർക്കു നിർണായക വിവരങ്ങൾ നൽകാനാവുമെന്നാണു പൊലീസിന്റെ വിലയിരുത്തൽ.
കൂടാതെ ഡ്രോൺ ക്യാമറ ഉപയോഗിച്ച്‌ പ്രദേശമാകെ അരിച്ചുപെറുക്കി ഹെലികോപ്റ്ററിന്റെ ചിതറിത്തെറിച്ച ഭാഗങ്ങൾക്കായുള്ള തിരച്ചിലും തുടരുകയാണ്.അപകടത്തിൽ നിന്നു രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ബെംഗളുരുവിലെ വ്യോമസേന ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

മാരകമായി പൊള്ളലേറ്റ വരുൺ സിങ്ങിന് വരും മണിക്കൂറുകൾ നിർണായകമാണെന്നാണ് പുറത്തുവരുന്ന വിവരം.

Related posts

Leave a Comment