കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നടപടി അപലപനീയം : വിഎം സുധീരൻ

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റിയുടെ എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പിജി സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറിൻ്റെയും സവർക്കറുടെയും ബൽരാജ്മധോക്കിൻെറയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. രാജ്യത്തെ ജനങ്ങളുടെ ഐക്യം തകർക്കുകയും  വർഗീയ ചേരിതിരിവിലേക്ക് നയിക്കുകയും ചെയ്യുന്ന ഇത്തരം തീവ്രഹിന്ദുത്വ പഠന സിലബസ് അക്കാദമിക്ക്‌ പ്രവർത്തനങ്ങളുടെ ഭാഗമായി കാണാനാകില്ല; മറിച്ച് സംഘപരിവാർ ശക്തികളെ പ്രീണിപ്പിക്കാനുള്ള നഗ്നമായ ശ്രമം തന്നെയാണ്. ‘എല്ലാ വിഷയവും എല്ലാവരും പഠിക്കട്ടെ’ എന്ന ചിന്താഗതിയുമായി ഇപ്പോൾ മുന്നോട്ട് വന്നിട്ടുള്ളവർ ഭാവിയിൽ ഗാന്ധി ഘാതകനായ ഗോഡ്സെയുടെ ചിന്താഗതികളും പഠിപ്പിക്കാൻ തയ്യാറാകുമെന്നതിൽ സംശയമില്ല -സുധീരൻ പറഞ്ഞു.
മഹാത്മാഗാന്ധിയെയും നെഹ്റുവിനെയും തമസ്കരിക്കാനും മഹത്തായ സ്വാതന്ത്ര്യസമര ചരിത്രത്തെ വികലമായി ചിത്രീകരിക്കാനും ഗോഡ്സെയെ മഹത്വവൽക്കരിക്കാനും ശ്രമിക്കുന്ന വർഗ്ഗീയ വിഘടന ശക്തികൾക്ക് കരുത്തു പകരാനും മാത്രമേ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഇത്തരം നടപടികൾ വഴിയൊരുക്കുകയുള്ളു. ഒറ്റ നോട്ടത്തിൽ തന്നെ തികഞ്ഞ അക്കാദമിക് അനൗചിത്യവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമായ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ തലതിരിഞ്ഞ ഈ നടപടി ഉടനടി പിൻവലിക്കുകയാണ് വേണ്ടത്. ഇതിനെല്ലാം ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കുകയും വേണമെന്നും സുധീരൻ പറഞ്ഞു.

Related posts

Leave a Comment