കണ്ണൂര്‍ വി.സി പുനര്‍നിയമനം വിവാദത്തില്‍ : ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വത്തിന് തുടക്കം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപക നിയമന വിവാദത്തിനിടെ ചൊവാഴ്ച കാലാവധി തീര്‍ന്ന വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം നല്‍കിയത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വത്തിന് തുടക്കമായി മാത്രമേ കണക്കാക്കാന്‍ കഴിയുകയുള്ളു. മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിനുള്ള പ്രത്യുപകാരം ആയിട്ടാണ് ഈ നിയമനം നടന്നിട്ടുള്ളത്. ഇത്തരത്തില്‍ രാഷ്ട്രീയ നേതൃത്വത്തിന് വഴിവിട്ട സഹായങ്ങള്‍ ചെയ്താല്‍ വീണ്ടും പുനര്‍നിയമനം ലഭിക്കും എന്നൊരു കീഴ്‌വഴക്കം ഇതിലൂടെ സൃഷ്ടിക്കപെട്ടിരിക്കുകയാണ്.നിയമനങ്ങള്‍ മുഴുവന്‍ യു.ജി.സി. റഗുലേഷനും അതാത് സര്‍വകശാല സ്റ്റാറ്റിയുട്ടുകള്‍ക്കും വിധേയമായിട്ടായിരിക്കണം എന്ന നിബന്ധന നിലവിലിരിക്കെയാണ് അതെല്ലാം കാറ്റില്‍ പറത്തിയുള്ള വഴിവിട്ട നിയമങ്ങള്‍ സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്നത്. അത്തരം നിയമനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പ്രവര്‍ത്തനമാണ് ഈ പുനര്‍ നിയമനം. ഇത്തരം വിഷയങ്ങള്‍ ചൂണ്ടി കാണിച്ച് കൊണ്ട് യു.ജി.സിക്കും ഗവര്‍ണര്‍ക്കും പലപ്പോഴും കത്തുകളും നിവേദനങ്ങളും നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നൊരു ആക്ഷേപം കൂടിയുണ്ട്. മുന്‍കാലങ്ങളിലെ ഗവര്‍ണര്‍മാര്‍ അതാത് കാലങ്ങളില്‍ തിരുത്തല്‍ ഘടകമായി വര്‍ത്തിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയിലെ മലയാള നിഘണ്ടു മേധാവിയായി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ആര്‍.മോഹനന്റെ ഭാര്യ ഡോ. പൂര്‍ണിമ മോഹനനെ നിയമിച്ചത് വിവാദമായിരുന്നു. തലശ്ശേരി എം.എല്‍.എ യുടെ ഭാര്യയുടെയും ശിശുക്ഷേമ സമിതിയുടെ സെക്രട്ടറിയുടെയും നിയമനങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയാണ്. വഴിവിട്ട നിയമനം ലഭിച്ച യുവ നേതാക്കളുടെ ഭാര്യമാര്‍ അധികം വൈകാതെ യുണിവേഴ്‌സിറ്റികളുടെ ഭരണ തലപ്പത്ത് എത്തുമ്പോള്‍ വീണ്ടും ഉന്നത വിദ്യാഭ്യാസ രംഗം വഴിവിട്ട നിയമനങ്ങള്‍ക്ക് ആക്കം കൂടും എന്നതാണ് ഏറ്റവും വലിയ ആശങ്ക. ആവശ്യത്തിന് യോഗ്യതകള്‍ ഉള്ളവരെ പിന്തള്ളിയുള്ള നിയമങ്ങള്‍ സാധാരണക്കാരന്റെ മക്കള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.നാലു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വിസിക്ക് അതേ പദവിയില്‍ ഗവര്‍ണര്‍ നാലു വര്‍ഷത്തേക്കു കൂടി പുനര്‍ നിയമനം നല്‍കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. ഗവര്‍ണര്‍ നിയമിച്ച ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കണ്‍വീനറായ മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയുടെ നിയമനം റദ്ദാക്കുകയായിരുന്നു പുതിയ നടപടി. എന്നാല്‍ സമിതിക്കു വേണ്ടി വിസി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു വിജ്ഞാപനം ഇറക്കിയത് ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. വിസി നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന യു.ജി.സി നിബന്ധനയ്ക്ക് വിരുദ്ധമാണ് ഇത് . ഇതിനിടെയാണ് ഡോ. ഗോപിനാഥിനു പുനര്‍നിയമനം
നല്‍കാനുള്ള നിര്‍ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നു ഗവര്‍ണര്‍ക്ക് അയച്ചത്.പുനര്‍നിയമനം ആഗ്രഹിക്കുന്ന വി.സി.മാര്‍ക്ക് നിയമ ലംഘനങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ഒരു നിയമനം ആണിത്. ഈ വിഷയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വേണ്ട വിധത്തില്‍ ഇടപെടണമെന്നും തെറ്റായ നീക്കങ്ങള്‍ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് സേവ് എഡ്യൂക്കേഷന്‍ ഫോറം ആവശ്യപ്പെട്ടു.

Related posts

Leave a Comment