കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ (കിയ) ‘സുകൃതം 2021’ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ (കിയ) ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബ്ലഡ്ട്രാൻസ്ഫ്യൂഷൻ സെൻററിൽ നടത്തിയ ക്യാമ്പ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡൻറ് ഡോ.സജ്ന മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

പ്രതിസന്ധി നിറഞ്ഞ കാലത്തും രക്തദാനംപോലെ മഹത്തായ പ്രവർത്തനത്തിന് സന്നദ്ധമായ കിയ സംഘടനയെ പ്രശംസിച്ചു. മനുഷ്യ ജീവിതത്തിൽ ചെയ്യാനാകുന്ന ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണ് രക്തദാനമെന്നും അവർ പറഞ്ഞു. കിയ പ്രഡിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു.

ഓണാഘോഷത്തിൻറെയും, ഇന്ത്യ- കുവൈത്ത് നയതന്ത്രബന്ധത്തിൻറെ അറുപതാം വാർഷികത്തിൻറെയും ഭാഗമായാണ് ‘സുകൃതം- 2021’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. വൈസ് പ്രസിഡൻറ് സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു, ചെയർപേഴ്സൺ ജയകുമാരി,അഡ്വൈസറി മെമ്പർ ഡൊമിനിക് , മനോജ് മാവേലിക്കര (ബിഡികെ) തുടങ്ങിയവർ സംസാരിച്ചു.

അസോസിയേഷനുളള പ്രശംസാഫലകം രാജൻ തോട്ടത്തിൽ (ബിഡികെ) കൈമാറി. രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് ഡോ.സജ്ന മുഹമ്മദ് വിതരണം ചെയ്തു. ജിതിൻജോസ് (ബിഡികെ ) നന്ദി പറഞ്ഞു. കൂടാതെ അതിഥിയായി എത്തിയ ഡോ.സജ്ന മുഹമ്മദും രക്തം ദാനം ചെയ്തു.

കോവിഡ് തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് കിയ രക്തദാന ക്യാമ്പ് നടത്തുന്നത്. മാനവികതയുടെ ആഘോഷമാണ് ഓണം എന്നതിനാലാണ് ഓണാഘോഷത്തിൻറെ ഭാഗമായി മനുഷ്യത്വത്തിൽ ഊന്നിയുള്ള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കിയ പ്രസിഡൻറ് ഷെറിൻ മാത്യു പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച സ്‌പോൺസർമാരായ ബിഇസി, കാലിക്കറ്റ് ലൈവ് എക്സ്പ്രസ്സ്, ബദർ അൽ സമ എന്നീ സ്ഥാപനങ്ങൾക്ക് കിയ നന്ദി അറിയിച്ചു.

അത്തപ്പൂക്കളവും മൂന്നുതരം പായസവും,ഗൃഹാതുരത്വം ഉണർത്തുന്ന ഷെറിലിന്റെ ഓണപ്പാട്ടും, മാവേലിയുടെ എഴുന്നള്ളത്തും രക്‌തദാന ക്യാമ്പിന് വേറിട്ട രൂപം നൽകി. ബിഡികെ പ്രവർത്തകരായ ബീന, ജോളി, ജിഞ്ചു, അനി, നളിനാക്ഷൻ, ദീപു ചന്ദ്രൻ, കെവിൻ, മാർട്ടിൻ, വേണുഗോപാൽ, കലേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്‍കി.

Related posts

Leave a Comment