കണ്ണൂരിലെ കമ്പനി അടച്ചുപൂട്ടൽ സർക്കാരിന് തിരിച്ചടി; അനുര‍ഞ്ജനത്തിന് ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രിയും സർക്കാരും വീമ്പിളക്കുന്നതിനിടെ, സിഐടിയുക്കാരുടെ പീഡനത്തിൽ മനംനൊന്ത് കണ്ണൂരിൽ ഹാർഡ് വെയർ കമ്പനി ഉടമ അടച്ചുപൂട്ടിയ സംഭവം സർക്കാരിന് തിരിച്ചടിയായി. കൊള്ളപ്പലിശയ്ക്ക് വായ്പയെടുത്ത് സംരംഭങ്ങൾ തുടങ്ങുന്നവരെ പീഡിപ്പിച്ച് സ്ഥാപനം പൂട്ടിക്കുന്ന ഇടതുപക്ഷ യൂണിയനുകളുടെ പതിവു നടപടിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ അനുരഞ്ജനത്തിനായി സർക്കാർ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി. കണ്ണൂർ മാതമംഗലത്ത് ഹാർഡ്‌വെയർ കമ്പനി അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ ലേബർ കമ്മീഷണർ എസ് ചിത്രയെ ചുമതലപ്പെടുത്തിയ വിവരം മന്ത്രി വി. ശിവൻകുട്ടിയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഇരു വിഭാഗങ്ങളേയും വിശദമായി കേട്ട് അനുരഞ്ജനത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് നിർദ്ദേശം.
അതേസമയം, സിഐടിയു തൊഴിലാളികൾക്ക് സ്ഥാപനമുടമ ജോലി നഷ്ടപ്പെടുത്താൻ ശ്രമം നടത്തിയെന്ന വാദമുയർത്തി പ്രതിരോധിക്കാനുള്ള നീക്കവും
മന്ത്രി ശിവൻകുട്ടിയുടെ പത്രക്കുറിപ്പിലുണ്ട്.
ഈ സ്ഥാപനത്തിലെ നാല് തൊഴിലാളികൾക്ക് ചുമട്ടുതൊഴിലാളി നിയമപ്രകാരമുള്ള 26 എ കാർഡിനുള്ള അപേക്ഷ പയ്യന്നൂർ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് സ്ഥാപനമുടമ നൽകിയിരുന്നു. എന്നാൽ സ്ഥാപനം പ്രവർത്തിച്ചു വരുന്ന സ്ഥലം ചുമട്ടു തൊഴിലാളി ക്ഷേമ പദ്ധതി നടപ്പാക്കിയ സ്ഥലമാണ്. ഈ നാല് തൊഴിലാളികൾക്ക് അറ്റാച്ചഡ് കാർഡ് നൽകുന്ന പക്ഷം ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന്റെ കീഴിലുള്ള 23 രജിസ്ട്രേഡ് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ലേബർ ഓഫീസറും അപ്പലെറ്റ് അതോറിറ്റിയായ ജില്ലാ ലേബർ ഓഫീസറും അപേക്ഷ നിരസിച്ചു. തുടർന്ന് സ്ഥാപനമുടമ ഹൈക്കോടതിയിൽ പോയി അനുകൂല വിധി സാമ്പാദിക്കുകയും നാലു തൊഴിലാളികൾക്ക് കാർഡ് നൽകുകയുമുണ്ടായി.
ഈ വിഷയത്തിൽ ലേബർ കമ്മീഷണർ ഇരു വിഭാഗത്തേയും ഉടൻ വിളിച്ച് ചേർത്ത് തർക്കം പരിഹരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളും. തൊഴിലാളികളുടെ താല്പര്യം ഉറപ്പുവരുത്തുന്നതിനൊപ്പം വാണിജ്യ – വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് സാഹചര്യം ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു.

Related posts

Leave a Comment